ഇടുക്കി: ഇടുക്കിയിലും തിരുവനന്തപുരത്തും കടകള്‍ കത്തിനശിച്ചു. ഇടുക്കിയില്‍ രാജാക്കാട് ടൗണിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് നാലു കടകള്‍ കത്തിനശിച്ചു. വെളുപ്പിന് മൂന്നുമണിയോടെയായിരുന്നു സംഭവം.

ഒരു തുണിക്കടയും മൊബൈല്‍ ഷോപ്പും മെഡിക്കല്‍ സ്‌റ്റോറും ചെരുപ്പുകടയുമാണ് കത്തിനശിച്ചത്. തുണിക്കടയില്‍ നിന്ന് തീ പടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.

രാജാക്കാട് ടൗണിലൂടെ പോയ യാത്രക്കാരാണ് തീ ആദ്യം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ നിന്നും കട്ടപ്പനയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു.

ഒമ്പത് മണിയോടെ തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞു. തീ അണയ്ക്കുന്നതിനിടെ മൂന്നാര്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് കുരുവിള ജോസഫിന് പൊള്ളലേറ്റു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം പട്ടത്തിനുസമീപം മരപ്പാലത്ത് ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു. ആളപായമില്ല. പട്ടം മരപ്പാലത്തുള്ള കേരള ഫര്‍ണിച്ചര്‍ മാര്‍ട്ടിനാണ് രാവിലെ ഏഴരയോടെ തീപടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ചാക്കയില്‍ നിന്നും ചെങ്കല്‍ചൂളയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീയണച്ചു. പൊലീസ് അന്വേഷണം തുടങ്ങി.