കൊച്ചി: എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ മുഹമ്മദ് ഫസല്‍ വധക്കേസില്‍ സി.പി.ഐ.എം നേതാക്കളുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതു ഹൈക്കോടതി ബുധനാഴ്ചത്തേയ്ക്കു മാറ്റി.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രശേഖരന്‍ എന്നിവരെയാണ് അറസറ്റ് ചെയ്യാന്‍ ഹൈക്കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു.

2006 ഒക്‌റ്റോബര്‍ 22 നാണു കേസിനാസ്പദമായ സംഭവം. തേജസ് ദിനപത്രത്തിന്റെ ഏജന്റായ മുഹമ്മദ് ഫസല്‍ പുലര്‍ച്ചെ പത്രവിതരണത്തിന് പോകവെയാണ് കൊല്ലപ്പെട്ടത്. ടി.പി.ചന്ദ്രശേഖരന്‍ വധകേസില്‍ പോലീസ് തിരയുന്ന കൊടി സുനി ഈ കേസിലും പ്രതിയാണ്. ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ സി.പി.ഐ.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടിയുമായി തെറ്റി എന്‍.ഡി.എഫില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് കൊലയ്ക്ക് കാരണമായതെന്ന് സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. ഫസലിനെ കൊല്ലാന്‍ സി.പി.ഐ.എം പ്രാദേശിക ഘടകം ഗൂഢാലോചന നടത്തിയെന്നും മാരകായുധവുമായി പ്രതികള്‍ കൊല നടത്തി എന്നുമാണ് സി.ബി.ഐ പറയുന്നത്. 30 ഓളം മുറിവുകള്‍ ഫസലിന്റെ ദേഹത്തുണ്ടായിരുന്നു.

ഫസലിന്റെ ഭാര്യയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സിബിഐയ്ക്കു വിടുകയായിരുന്നു.