ദുബയ്: ഇസ്രായേലില്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ വ്യാപകമായി നിര്‍മിക്കുന്നതായി ദുബയ് പോലിസ് മേധാവി ദാഹി ഖല്‍ഫാന്‍ തമീം വ്യക്തമാക്കി. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പേരിലാണ് ഇസ്രായേലിലെ രഹസ്യ ഏജന്‍സിയായ മൊസാദ് വ്യാജ യാത്രാ രേഖകള്‍ നിര്‍മിക്കുന്നതെന്നാണ് ദുബയ് പോലിസ് അറിയിച്ചത്.

വ്യാജ യാത്രാ രേഖകളുമായാണ് മൊസാദ് കൊലയാളികള്‍ ജനുവരി 19 ദുബയിലെത്തിയ ഹമാസ് നേതാവ് മെഹ്്മൂദ് മബ്ഹൂഹിനെ കൊലപ്പെടുത്താന്‍ വേണ്ടി ദുബയില്‍ എത്തിയിരുന്നത്. അന്വേഷണം പുരോഗമിച്ച് വരികയാണന്നും എങ്ങനെയാണ് മൊസാദ് ഇത്രയധികം വ്യാജ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിച്ചതെന്നടക്കമുള്ള കാര്യങ്ങള്‍ അടുത്ത് തന്നെ വ്യക്തമാക്കുമെന്ന് ദുബയ് പോലിസ് മേധാവി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഈ കേസിലെ 27 പേര്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ് അലര്‍ട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

12 ബ്രിട്ടീഷ്, 6 അയര്‍ലണ്ട്, 4 ഫ്രാന്‍സ്, 4 ആസ്‌ത്രേലിയ, 1 ജര്‍മന്‍ എന്നീ യാത്ര രേഖകളുമായാണ് മൊസാദ് സംഘം ഹമാസ് നേതാവിനെ കൊലപ്പെടുത്തിയത്.