പരീക്ഷയെന്നു കേള്‍ക്കുമ്പോഴേ ഉളളില്‍ അറിയാതൊരു പേടി വരും. അത് എത്ര അറിയുന്ന വിഷയമായാലും ആ കടമ്പ കടന്നു കിട്ടാന്‍ കുറച്ചു പ്രയാസമാണ്. മിക്കവരും പരീക്ഷയെ ഭയപ്പാടോടെ നോക്കി കാണുന്നവര്‍ തന്നെയായിരിക്കും.

എന്നാല്‍ പേടിയെല്ലാം മാറ്റി നിര്‍ത്തി ചിന്തിച്ചു നോക്കിയാല്‍ ഇത്ര രസകരമായ മറ്റൊരുകാര്യവും ഉണ്ടാവില്ല. നമ്മള്‍ക്ക് അറിയാവുന്നതും കേട്ടതുമായ കാര്യങ്ങള്‍ നമ്മള്‍ തന്നെ എഴുതുന്നത് രസകരമായ കാര്യമാണ്.

എന്നാല്‍ അത്ര നിസ്സാരമായി പലര്‍ക്കും പരീക്ഷയെ കാണാന്‍ കഴിയുന്നില്ലെന്നതാണ് സത്യം.പരീക്ഷ നടത്തുന്നത് നമുക്ക് എന്തൊക്കെ അറിയാം എന്നു നോക്കാനാണ്. അല്ലാതെ എന്തൊക്കെയാണ് അറിയാത്തത് എന്ന് നോക്കാനല്ല.

പരീക്ഷയെന്നാല്‍ ഒരു ബാലി കേറാ മലയായി കാണുന്നതാണ് പ്രശ്‌നം. എന്തുതന്നെ ആയിക്കോട്ടെ, അത് നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റും എന്ന ആത്മ വിശ്വാസമാണ് ആദ്യം വേണ്ടത്.

ക്ലാസില്‍ എടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അത് വീട്ടില്‍ വന്ന് ഒന്നുകൂടെ വായിച്ച് മനസ്സിലാക്കുകയും ചെയ്യുന്ന ആര്‍ക്കും നിസ്സാരമായി പരീക്ഷയെ നേരിടാം.

പരീക്ഷയെ കുറിച്ചോര്‍ത്ത് ആധി കയറി പഠിച്ചതുപോലും ഓര്‍ത്തെഴുതാന്‍ കഴിയാതെ വരുന്ന നിരവധി കുട്ടികള്‍ ഉണ്ട്. അത്തരം ഉത്കണ്ഠകളൊക്കെ മനസ്സില്‍ നിന്നും മാറ്റി പരീക്ഷയെ നേരിടുകയാണ് വേണ്ടത്.

വിനോദം പോലെയും വിശ്രമം പോലെയും സമ്മര്‍ദ്ദമില്ലാതെ പഠനത്തെയും കൊണ്ടുപോകാന്‍ കഴിയണം. പരീക്ഷാ സമയം അടുക്കുമ്പോള്‍ ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് പഠിക്കുന്ന ചില വിരുതന്‍മാരുണ്ട്. എന്നാല്‍ ഇത് കാര്യമായ ഫലമൊന്നും ചെയ്യില്ലെന്നതാണ് നാം മനസ്സിലാക്കേണ്ടത്.

പുസ്തകത്തില്‍ കണ്ണുംനട്ടിരുന്ന തുടര്‍ച്ചയായി വായിക്കുന്നത് മനസ്സില്‍ പതിയില്ല. ചെറിയ ചെറിയ പാഠഭാഗങ്ങള്‍ വായിച്ച് അത് ഒന്ന് ഓര്‍ത്ത് നോക്കാനുള്ള സമയം കൊടുക്കണം. അല്ലാതെ കുറേനേരം ഇരുന്ന് വായിക്കുന്നതില്‍ കാര്യമില്ല.

എവിടെയിരുന്ന് പഠിക്കണമെന്നത് ഇതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ്. പഠിക്കാനായി ശാന്തമായ ഒരു ഇടം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. മറ്റൊന്നിലേക്കും ശ്രദ്ധ തിരിയാത്ത രീതിയിലുള്ള സ്ഥലമായിരിക്കണം പഠനത്തിനായി തിരഞ്ഞെടുക്കേണ്ടത്.

പഠനം പൂര്‍ത്തിയാക്കി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അത്രയും നേരം പഠിച്ച കാര്യങ്ങള്‍ ഒന്നുകൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. പഠിച്ച ഭാഗങ്ങള്‍ മുഴുവനായും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അത് ഓര്‍ക്കാനായി നമ്മള്‍ ശ്രമിക്കുന്നതിലൂടെ പഠിച്ച ഭാഗങ്ങള്‍ ഒരിക്കലും മറക്കാത്ത വിധത്തില്‍ നമ്മുടെ മനസ്സില്‍ പതിയാന്‍ സഹായിക്കും.

Malayalam News

Kerala News In English