ഫേസ് ടു ഫേസ് / അസ്മ മഹ്ഫൂസ്

വിപ്ലവം സാധാരണ ഒരു തെരുവിന്റെ അറ്റത്തു നിന്നാണ് തുടങ്ങുക. പിന്നെ ജനങ്ങളുടെ ഉത്സവമായി മാറും. പക്ഷേ, ഈജിപ്തിലെ വിപ്ലവം തുടങ്ങിയത് തെരുവിലല്ല. ശരിക്കു പറഞ്ഞാല്‍ ഇന്റര്‍നെറ്റില്‍. ആ വിപ്ലവത്തിന് തീ പകര്‍ന്നത് ഒരു ഇരുപത്തിയാറുകാരിയായിരുന്നു അസ്മ മഹ്ഫൂസ്.

ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിന്റെയൂം ഫെയ്‌സ് ബുക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെയും മുഴുവന്‍ സാധ്യതകളും അസ്മ വിപ്ലവത്തിനായി ഉപയോഗപ്പെടുത്തി. രാജ്യത്ത് നിലനിന്ന അന്തരീക്ഷം മുന്നേറ്റത്തിന് പക്വമാണ് എന്നു തിരിച്ചറിഞ്ഞ അവര്‍ ജനങ്ങളെ തെരുവിലേക്ക് നയിച്ചു.

മറ്റേതൊരു ഈജിപ്തുകാരിയെയും പോലെ തന്നെയാണ് അസ്മയും. ഒരു സാധരണക്കാരി. കാഴ്ചയില്‍ എടുത്തു പറയാന്‍ ഒന്നുമില്ല. ആകര്‍ഷകമായ മുഖം. അധികം ഉയരമില്ല. കണ്ണടയും ശിരോവസ്ത്രവും ധരിച്ച വെളുത്തനിറമുള്ളവള്‍. പക്ഷേ, ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ കരുത്തുള്ള വാക്കുകള്‍ അസ്മ ഹൃദയത്തില്‍ ഒളിപ്പിച്ചിരുന്നു. ആ വാക്കുകളില്‍ നിന്ന് പ്രതിഷേധം കാട്ടുതീയായി പടര്‍ന്നു.

1985 ലാണ് അസ്മയുടെ ജനനം. കെയ്‌റോയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടി. 2008 ഏപ്രില്‍ 6 ന് ഈജിപ്തില്‍ നടന്ന പൊതുപണിമുടക്കത്തെ പിന്തുണച്ചുകൊണ്ടാണ് അസ്മ ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിലേക്കും രാഷ്ട്രീയ പ്രചരണ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുവരുന്നത്.

കെയ്‌റോയിലെ അസ്ഹാര്‍ഖ് അല്‍ അസ്‌വാത് ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഇസം ഫാദലുമായി നടത്തിയ അഭുഖത്തില്‍, ഹൂസ്‌നി മുബാരകിനെ സ്ഥാനഭ്രഷ്ടനാക്കിയ ജനകീയ കലാപത്തിന് താന്‍ എങ്ങനെ തുടക്കമിട്ടുവെന്ന് അസ്മ വ്യക്തമാക്കുന്നു. മുബാറക് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഈ കൂടിക്കാഴ്ച നടന്നത്.

എങ്ങനെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് താങ്കള്‍ കടന്നുവന്നത്?

2008 മാര്‍ച്ചിലാണ് ഞാനാദ്യം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത്. ഏപ്രില്‍ ആറിന് ഈജിപ്തിലെമ്പാടുമായി നടന്ന പൊതു പണിമുടക്ക് തുടങ്ങുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയായിക്കൊണ്ടായിരുന്നു അത്. ആ സമരം ഇന്റര്‍നെറ്റിലാണ് തുടങ്ങുന്നത്. സമരത്തെ തുടര്‍ന്ന് എപ്രില്‍ ആറ് പ്രസ്ഥാനത്തിന് ഞങ്ങള്‍ രൂപംകൊടുത്തു. പണിമുടക്ക് നടന്ന തീയതിയില്‍ നിന്നാണ് ഞങ്ങള്‍ പ്രസ്ഥാനത്തിന് പേര് കണ്ടെത്തിയത്. ആ സമയത്ത് എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെപ്പറ്റി ഒന്നുമറിയുമായിരുന്നില്ല.

രാഷ്ട്രീയ അനുഭവസമ്പത്തിലായ്മ എങ്ങനെയാണ് താങ്കള്‍ പരിഹരിച്ചത്?

രാഷ്ട്രീയ അനുഭവസമ്പത്തുള്ളവര്‍ അതില്ലാത്ത അംഗങ്ങള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. പ്രസഥാനത്തിന്റെ ഭാഗമായിരുന്നു അത്. അനുഭവ സമ്പത്തുള്ളവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രയോഗത്തിലൂടെയും രാഷ്ട്രീയപ്രവര്‍ത്തകരുള്‍പ്പടെയുള്ള മറ്റ് ആള്‍ക്കാരുമായുള്ള അടുത്ത ബന്ധത്തിലൂടെയും ഞാന്‍ പല കാര്യങ്ങളും പഠിച്ചു.

അടുത്ത പേജില്‍ തുടരുന്നു