എഡിറ്റര്‍
എഡിറ്റര്‍
ഒരു കളിയും കുറേ കാര്യങ്ങളും
എഡിറ്റര്‍
Monday 26th March 2012 3:05pm

എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്

ഒന്ന്

ത്രിരാഷ്ട്ര ഏകദിന പരമ്പരയിലും ഏഷ്യാകപ്പിലും പരാജിതരായി തിരിച്ചെത്തിയ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന് തല്‍ക്കാലത്തേയ്‌ക്കെങ്കിലും അഹങ്കാരത്തിന്റെ പത്തി മടക്കേണ്ടി വന്നിരിക്കുന്നു. അത്തരമൊരവസ്ഥ ഉണ്ടാകുന്നത് നമ്മുടെ കളിദൈവങ്ങളെയും ആ കളി ദൈവങ്ങളുടെ പേരില്‍ അഹങ്കരിക്കുന്നവരെയും ആ കളിയുടെ പേരില്‍ കോടികള്‍ കൊയ്യുന്ന ദല്ലാളന്മാരെയും ഒരു വീണ്ടു വിചാരത്തിന് പ്രേരിപ്പിക്കുമെങ്കില്‍ അവര്‍ക്കും നാടിനും അത് നല്ലതായിരിക്കും.

ക്രിക്കറ്റിന്റെ പേരില്‍ കഴിഞ്ഞ രണ്ടു മൂന്ന് പതിറ്റാണ്ടുകളായി നമ്മളെ ബാധിച്ച ഹിസ്റ്റീരിയ ഭേദപ്പെടാന്‍ ഇതൊരവസരമായി ഉപയോഗപ്പെടുത്താന്‍ ഇന്ത്യയിലെ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും ഈ കളികളെല്ലാം നിയന്ത്രിക്കുന്ന ഇന്ത്യാ ഗവണ്‍മെന്റും തയ്യാറാകണമെന്നാണ് ഞങ്ങള്‍ക്ക് അപേക്ഷിക്കാനുള്ളത്. മറ്റെല്ലാ കളികളെയും ക്രൂരമായി അവഗണിച്ചും ഇടിച്ചു താഴ്ത്തിയും ഇല്ലാതാക്കിയുമാണ് ക്രിക്കറ്റ് എന്ന കളി ഒരു മാഫിയയായി പടര്‍ന്ന് പന്തലിച്ച് ശക്തമായത്.

ക്രിക്കറ്റിന്റെ പണക്കൊഴുപ്പിന്റെയും അതുവഴി അതുണ്ടാക്കിയ അത്ര നല്ലതല്ലാത്ത ദുസ്വാധീനത്തിന്റെയും ഫലമായി കളി രംഗത്തെ മറ്റെല്ലാ കളികളും അപ്രസക്തമായിക്കൊണ്ടിരിക്കുകയായിരുന്നു. ലോകത്തിലെ എല്ലാ മനുഷ്യ ബന്ധങ്ങളും പണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മാര്‍ക്‌സ് ആവര്‍ത്തിച്ചു പറഞ്ഞതെത്ര ശരിയാണെന്ന് ക്രിക്കറ്റ് അനുനിമിഷം നമ്മളെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒട്ടും ജനകീയമല്ലാത്തതും വ്യക്തിഗത നേട്ടങ്ങളുടെ റെക്കോര്‍ഡുകളില്‍ കെട്ടിപ്പൊക്കിയതുമായ ഒരു സമാന്തര വ്യവസ്ഥയായി ക്രിക്കറ്റ് മാറിക്കൊണ്ടിരുന്നു.

ക്രിക്കറ്റിനെ ഇത്തരത്തില്‍ പ്രേക്ഷക മനസ്സുകളില്‍ പ്രതിഷ്ഠിച്ചത് ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങളാണ്. അതിനുവേണ്ടി എത്ര പണം വേണമെങ്കിലും ഒഴുക്കിക്കളയാന്‍ നമ്മുടെ കോര്‍പ്പറേറ്റുകള്‍ തയ്യാറുമായിരുന്നു. അതിന് നാഷണല്‍ മള്‍ട്ടി നാഷണല്‍ എന്ന വ്യത്യാസമുണ്ടായിരുന്നില്ല. ഒരു രാജ്യത്തിന്റെ നേട്ടങ്ങളുടെ ആകെത്തുക ഒരു കളിയില്‍ ഒതുക്കിക്കളയാനുള്ള ഈ ഗൂഢാലോചനയ്ക്ക് ഒരുപാട് ഗൂഢാര്‍ത്ഥങ്ങളുണ്ട്.

രണ്ട്

രാഷ്ട്രീയ വ്യവസ്ഥകളും അതിനെ നിയന്ത്രിക്കുന്ന ഭരണാധികാരികളും എല്ലാ കാലത്തും നിലനില്‍പ്പിനായും ഭരണത്തിന്റെ വഴിവിട്ട് പോക്കില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും ഉപയോഗപ്പെടുത്തുന്നത് .മതങ്ങളെയാണ്. അനാദിയും കാലാതിവര്‍ത്തിയുമായ വിശ്വാസങ്ങളുടെയും ആചാരാനുഷ്ടാനങ്ങളുടെയും സ്വാധീനം ഒരു സ്വത്വ ദര്‍ശനമായി നമ്മുടെ വിശ്വാസ പ്രമാണങ്ങളെയും ജീവിത രീതികളെയും ആഴത്തില്‍ വരിഞ്ഞു മുറുക്കിയിരിക്കുന്നു.

ഇതിലേക്ക് ഒരു പുതിയ മതത്തെ ആവാഹിക്കുകയെന്ന കൃത്യമാണ് ഇതുവരെ ഭരണകൂടം നടത്തിക്കൊണ്ടിരുന്നത്. ക്രിക്കറ്റ് ഇന്ത്യക്കാരുടെ മാത്രമാണെന്ന ഒരു മുദ്രാവാക്യമോ വേദമന്ത്രമോ അവര്‍ തന്ത്രപൂര്‍വ്വം മെനഞ്ഞെടുത്തു. ഇന്ത്യയിലെ എത്ര ശതമാനം പേര്‍ ഇപ്പറയുന്ന മതത്തിന്റെ വിശ്വാസികളാണെന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. ഒരുപക്ഷേ ആ കളിയെന്തെന്ന് അറിയാത്തവരുടെ മനസ്സില്‍ പോലും ആ കളിയുടെ പേരില്‍ ഭയഭക്തി ബഹുമാനങ്ങള്‍ സൃഷ്ടിക്കാന്‍ മാധ്യമങ്ങളുടെ പ്രചരണഘോഷങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങിനെയാണ് വിശ്വാസങ്ങള്‍ ഉണ്ടാകുന്നതും രൂഢമൂലമാകുന്നതും.

ഈ പുത്തന്‍ കൂറ്റുകാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്ന കാര്യത്തിലും ഞങ്ങള്‍ക്ക് സംശയലേശമില്ല. നേട്ടങ്ങളെക്കാള്‍ ഈ കളിക്കാര്‍ വാരിക്കൂട്ടുന്ന പണത്തിന്റെ പേരിലാണ് അവര്‍ ആദരിക്കപ്പെടുന്നത്. ഒരുപാട് പണം കിട്ടുന്ന ഒരു കളിയല്ലായിരുന്നെങ്കില്‍ മണിക്കൂറുകളും ദിവസങ്ങളും നീണ്ടുനില്‍ക്കുന്ന ഈ ‘ഈ മുട്ടിക്കളി’ കാണാന്‍ ആരും ഇരിപ്പു മുറിയിലെ ഈ കൊച്ചുപെട്ടിക്കു മുന്‍പില്‍ മിനക്കെട്ടിരിക്കുകയില്ലായിരുന്നു. അത് രാജ്യത്തിന്റെ മതം കൂടിയായി മാറിയാല്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാ നിരതരാവാതിരിക്കാന്‍ പറ്റില്ല.

മതമാകുമ്പോള്‍ അതിനൊരു ദൈവമില്ലാതെ പറ്റില്ലല്ലോ. അതുകൊണ്ടാണ് ക്രിക്കറ്റ് താരങ്ങളെ ദൈവമാക്കാന്‍ എല്ലാവരും ഒത്തുപിടിയ്ക്കുന്നത്. സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ സ്ഥിരോത്സാഹവും ക്രിക്കറ്റിനോടുള്ള സച്ചിന്റെ പ്രതിബദ്ധതയും അനുമോദിക്കപ്പെടേണ്ടതാണ്. നൂറില്‍ നൂറ് തികച്ചതില്‍ ഞങ്ങള്‍ ഈ കളിക്കാരനെ അഭിനന്ദിക്കുന്നു. അതിനപ്പുറം അയാള്‍ക്ക് ഭാരതരത്‌നം എന്ന പരമോന്നത് ബഹുമതി നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.

മുഴുവന്‍ ഭാരതീയരുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച നിസ്വാര്‍ത്ഥരായ ഒരുപാട് മഹാന്മാരും മഹതികളും ജീവിയ്ക്കുന്ന ഒരു രാജ്യമാണ് ഇത്. അവരെന്നും ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പം നിന്നവരാണ്. ജനങ്ങള്‍ക്ക് വേണ്ടി ജീവിതത്തിന്റെ എല്ലാ ഭൗതിക നേട്ടങ്ങളും ത്യജിച്ചവരാണ്. അവരാണ് ഭാരതരത്‌നം എന്ന ബഹുമതിക്കര്‍ഹര്‍. കളികൊണ്ടുമാത്രം പെരുമ നേടുകയും ആ പെരുമ വിറ്റു രാജ്യത്തേയും വിദേശങ്ങളിലെയും ഒരുപാട് കച്ചവട സ്ഥാപനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറും മറ്റുമായി പണം കൊയ്യുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളെങ്ങിനെ ‘ഭാരതരത്‌നം’ ആകും? ഈ ഉല്ലാസങ്ങള്‍ മനുഷ്യരുടെ ജീവനും ആരോഗ്യത്തിനും ഹാനികരമാവുന്ന ഉല്ലാസങ്ങളാവുമ്പോള്‍ സച്ചിന്‍ എങ്ങിനെ മഹാനായ ഭാരതീയനാവും?

സച്ചിന്റെ വിജയങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. അതിനൊടൊപ്പം തന്റെ യശസ്സ് ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെ അപലപിക്കുകയും ചെയ്യുന്നു. കളിയുടെ ഇത്തരം ശുദ്ധ രാഷ്ട്രീയങ്ങള്‍ തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ.

Malayalam News

Kerala News in English

Advertisement