എഡിറ്റര്‍
എഡിറ്റര്‍
ലജ്ജാവഹം സര്‍, ലജ്ജാവഹം
എഡിറ്റര്‍
Monday 14th May 2012 10:10pm

എഡിറ്റോ-റിയല്‍/ബാബുഭരദ്വാജ്
ജനപിന്തുണ കൊണ്ടോ സംഘടനാ മികവു കൊണ്ടോ ആശയ പ്രത്യയശാസ്ത്ര നിയമങ്ങളാല്‍ ദൃഢമായിരിക്കുന്നതുകൊണ്ടോ അല്ല കേരളത്തിലെ ഏറ്റവും വലിയ സംഘടിത രാഷ്ട്രീയ പ്രസ്ഥാനം നിലനില്‍ക്കുന്നതെന്ന് കൃത്യമായി വെളിപ്പെടുത്തിയ സംഭവവികാസങ്ങളാണ് ഏതാനം ദിവസങ്ങളായി കേരള രാഷ്ട്രീയത്തെ സംഭവബഹുലമാക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ ഭൂമികയെ മാറ്റിമറിക്കാന്‍ പോകുന്ന കാര്യങ്ങളാണ് നടന്നത്. ഇതുവരെ പോയ വേഗത്തിലായിരിക്കില്ല ചരിത്രം ഇനി നീങ്ങാന്‍ പോകുന്നതെന്ന് ചരിത്രകുതുകികള്‍ തെറ്റിദ്ധരിക്കാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ കേരളത്തിലെ സി.പി.ഐ.എം അതിന്റെ പേശീബലം കൊണ്ട് മാത്രമാണ് നിലനില്‍ക്കുന്നതെന്ന് ആ പാര്‍ടി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിക്കഴിഞ്ഞു. പേശീബലം കൊണ്ടുമാത്രം അതിജീവനം സാധ്യമാവുമെന്ന മിഥ്യാബോധം പേലും അതിന്റെ നായകര്‍ക്കില്ലെന്നുതോന്നു. എത്ര ദുര്‍ബലമാണ് അതിന്റെ ശക്തമായ സംഘടനാ രൂപത്തിനുള്ളിലെ ആന്തരിക ഘടനയെന്നും അതെത്രത്തോളം ജീര്‍ണിച്ചതും രോഗാതുരമാണെന്നുള്ളതും ഏറെക്കുറെ ജനങ്ങള്‍ക്ക് ബോധ്യമായിക്കഴിഞ്ഞു.

അങ്ങാടിത്തെരുവില്‍ മദ്യപിച്ച് മീശ വിറപ്പിച്ച് കത്തികാണിച്ചു നില്‍ക്കുന്ന റൗഡിയെപ്പോലെ ഭീരുവാണ് ഈ പാര്‍ട്ടി എന്നും ഏതാണ്ട് ബോധ്യമായിക്കഴിഞ്ഞു. ഭീരുക്കളാണ് ഗുണ്ടകളായി മാറുന്നതെന്നത് സാമൂഹ്യപാഠത്തിലെ ഏറ്റവും തെളിയിക്കപ്പെട്ട പാഠവുമാണ്. പേടികൊണ്ടാണ് ഇഴജന്തുക്കളും മനുഷ്യരും മൃഗങ്ങളുമൊക്കെ ആക്രമണകാരികളാവുന്നത്. റൗഡി ഭീരുവാണെന്ന് ബോധ്യപ്പെടുന്ന നിമിഷം അങ്ങാടിത്തെരുവിലെ റൗഡിയുടെ അന്ത്യമാണ് സംഭവിക്കാന്‍ പോകുന്നത്. അത്തരമൊരു അന്ത്യമാണോ സി.പി.ഐ.എം എന്ന പാര്‍ട്ടിക്കായി കാലം കരുതി വെച്ചിരിക്കുന്നതെന്ന്  ഞങ്ങള്‍ ആശങ്കപ്പെടുന്നു.

വി.എസ് അച്യുതാനന്ദനെതിരെ തല്‍ക്കാലത്തേക്ക് അച്ചടക്ക നടപടികളൊന്നും വേണ്ടെന്ന് പാര്‍ട്ടിയുടെ സംസ്ഥാന ഘടകവും കേന്ദ്രഘടകവും ഏതാണ്ട് ധാരണയിലെത്തിക്കഴിഞ്ഞെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. വി.എസ്സിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി ധൈര്യപ്പെടുന്നില്ല. വി.എസ്സിനെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടി പിളരുമെന്ന് നേതൃത്വം ഭയപ്പെടുന്നു.വി.എസ്സിനെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടിയുടെ ജനപിന്തുണ നഷ്ടപ്പെടുമെന്നും പാര്‍ട്ടി ഭയക്കുന്നു. ജയരാജ വിജയന്മാരും ഉത്തര ദക്ഷിണാമൂര്‍ത്തിമാരും അല്ല ഈ പാര്‍ട്ടിയെ ഇങ്ങനെ നിലനിര്‍ത്തുന്നതെന്ന് നേതൃത്വത്തിന് തീര്‍ത്തും അറിയാമെന്നുതന്നെയാണിതിന്റെ അര്‍ത്ഥം.

രാക്ഷസീയമായ സംഘടനാ സംവിധാനത്തിന്റെ നേതാവിന്റെ മര്‍ക്കടമുഷ്ടികൊണ്ടല്ല ആ പ്രസ്ഥാനം നിലനില്‍ക്കുന്നതെന്നും മറിച്ചൊരു നേതാവിന്റെ വ്യക്തിപ്രഭാവം കൊണ്ടും ഇച്ഛാശക്തികൊണ്ടും മാത്രമാണ് അതൊരു ബഹുജന പ്രസ്ഥാനമായി കരുത്താര്‍ജ്ജിച്ചു നില്‍ക്കുന്നതെന്നും നേതൃത്വം പറയാതെ പറഞ്ഞിരിക്കുന്നു.

ചില പുത്തന്‍ പണക്കാര്‍ പണക്കൊഴുപ്പില്‍ മേനി നടിക്കുന്നതുപോലെ ചില പുത്തന്‍ കൂറ്റുകാരും വിവരം കൊണ്ടും രാഷ്ട്രീയ വിവേകം കൊണ്ടും തികച്ചും ബേബികളായ പി.ബി.മെമ്പര്‍മാരും തങ്ങളുടെ ദയാദാക്ഷിണ്യം കൊണ്ടാണ് പടുകിഴവനായ വി.എസ്സിനെ കേന്ദ്ര കമ്മിറ്റിയില്‍ നില നിര്‍ത്തിയതെന്നും അഭയവും സംരക്ഷണവും നല്‍കിയതെന്നും കഴിഞ്ഞ ഒരുമാസക്കാലമായി പാടിനടന്നിരുന്നു. ഇക്കാര്യത്തില്‍ മറ്റാരേക്കാളും നാക്കിനു നീളം ബേബിക്കായിരുന്നു. ജനങ്ങളെ പേടിച്ചിട്ടാണ് വി.എസ്സിനെ കേന്ദ്ര കമ്മിറ്റിയില്‍ നില നിര്‍ത്തിയതെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

 

അല്ലെങ്കിലും ബേബിമാര്‍ നിറഞ്ഞ ആ പോളിറ്റ് ബ്യൂറോയുടെ സ്ഥിതിയെന്താണ്? കേരളത്തിന്റെ രാഷ്ട്രീയത്തിന് ഗതിവേഗം കൂട്ടിയ സംഭവവികാസങ്ങള്‍ നടന്നുകൊണ്ടിരിക്കേ എസ്.ആര്‍.പി നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ‘കേരളത്തിലെന്താണ് നടക്കുന്നതെന്ന് ഞങ്ങളറിഞ്ഞിട്ടില്ല, ഞങ്ങളപ്പോള്‍ ഒരു മീറ്റിങ്ങിലായിരുന്നു’. ഇതിനേക്കാള്‍ വലിയ ശുംഭത്തരം അടുത്ത കാലത്തോളം രാഷ്ട്രീയ കേരളം കേട്ടിട്ടില്ല. രാജ്യത്ത് നടക്കുന്ന ഓരോ സംഭവങ്ങളും അനുനിമിഷം അറിയേണ്ടവരും പ്രതികരിക്കേണ്ടവരുമാണ് സി.പി.ഐ.എം പോലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കേന്ദ്ര നേതാക്കള്‍.

രാജ്യത്തിന്റെ ഓരോ സ്പന്ദനങ്ങളും അനുനിമിഷം അറിയേണ്ടവര്‍. അവരത് അറിഞ്ഞില്ലെന്ന് പറയുന്നതിന്റെ അര്‍ത്ഥം അവരൊന്നും അറിയാത്ത ബേബിമാരാണെന്നതാണ്. മഴയും കാറും വന്നപ്പോള്‍ പാര്‍ട്ടി ഓഫീസിന്റെ വരാന്തയില്‍ അഭയം തേടിയ നാല്‍ക്കാലികള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇതിനേക്കാള്‍ ഗ്രാഹ്യമുണ്ടാവും. ജനങ്ങള്‍ക്കിടയില്‍ നിന്നുയര്‍ന്നുവരാത്ത നേതാക്കള്‍ക്ക് ജനങ്ങളെക്കുറിച്ചെന്തറിയാം! പാര്‍ട്ടി അനുനിമിഷം ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ കാരണവും ഈ അജ്ഞത തന്നെയാവണം.

ലജ്ജാവഹം സര്‍, ലജ്ജാവഹം. സഖാവെന്ന പദം ചേര്‍ത്ത് ഈ നേതൃത്വ മാന്യന്മാരെ വിളിക്കുന്നത് ജുഗുപ്‌സാവഹമാണ്. അതുകൊണ്ട് നഷ്ടമില്ലാത്ത സര്‍ പദവിയാണ് ഇവര്‍ക്ക് ചാര്‍ത്തിക്കൊടുക്കേണ്ടത്. കോര്‍പ്പറേറ്റ് നേതാക്കള്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതും ഈ ‘സര്‍’ പദവിയായിരിക്കും.

Advertisement