എഡിറ്റോ-റിയല്‍/ബാബുഭരദ്വാജ്

‘ആടുക മനമേ ആട്, പാടുക മതമേ പാട്’ കേരളത്തിലെ സി.പി.ഐ.എം വിപ്ലവകാരികള്‍ക്ക് കിട്ടുന്ന അസുലഭസന്ദര്‍ഭമാണിത്. തിരക്ക പിടിച്ച വിപ്ലവ പരിപാടികള്‍ക്കിടയില്‍ കുറച്ചുനേരം എല്ലാം മറന്ന് ഒന്ന് ചിരിക്കാനും ഉല്ലസിക്കാനും അവര്‍ക്കിപ്പോള്‍ സമയവും സന്ദര്‍ഭവും ലഭിച്ചിരിക്കുന്നു. ‘നന്ദി ആരോടു നാം പറയേണ്ടൂ’ പ്രമേയം തയ്യാറാക്കിയ എം.എ ബേബിയോടാണോ, പ്രമേയം എഴുതിയുണ്ടാക്കാന്‍ സഹായിച്ച സെക്രട്ടറിയേറ്റ് മൊത്തമാണോ?

ഒഞ്ചിയം സഖാക്കള്‍ അധികാര മോഹികളും മുന്നണി മര്യാദകള്‍ പാലിക്കാത്തവരുമാണെന്ന് പാര്‍ട്ടിയുടെ കണ്ടെത്തല്‍. ഒട്ടും അധികാരമോഹമോ സ്ഥാനമോഹമോ ഇല്ലാത്തവരാണ് നമ്മുടെ ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ്. അവര്‍ മുന്നണി മര്യാദകള്‍ കടുകിടെ തെറ്റാതെ പാലിക്കുന്നവരുമാണ്. നിഷ്‌കാമകര്‍മികള്‍ ആണ്. മര്യാദ രാമന്മാര്‍ ആണ്. രാമായണത്തില്‍ രാമനെ വിശേഷിപ്പിക്കുന്ന ‘മര്യാദപുരുഷോത്തമന്‍’ എന്ന വിശേഷണം ഇവര്‍ക്കെല്ലാം കൃത്യമായി ചേരും.

സ്ഥാനമോഹമില്ലാത്തതു കാരണമാണ് സെക്രട്ടറിയേറ്റ് ഒന്നടങ്കം 2006ലെ തിരഞ്ഞടുപ്പില്‍ മത്സരിച്ചതും ജയിച്ചതും. സ്ഥാനമോഹം തീരെയില്ലാത്തതിനാല്‍ അവരെല്ലാം മന്ത്രിസഭയിലേക്ക് കൂട്ടയോട്ടം നടത്തി മന്ത്രിമാരായി. ഇത്തരം മഹാത്യാഗികളെ കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലും മഷിയിട്ടു നോക്കിയാല്‍ പോലും വേറെ കാണില്ല. സ്വജനപക്ഷപാതം തീരെയില്ലാത്തതിനാല്‍ അവരെല്ലാം ബന്ധുക്കളെയും പരിചാരകരെയും പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ചു. അവര്‍ക്കെല്ലാം പെന്‍ഷന്‍ ഉറപ്പാക്കി. ബുദ്ധന്റെ കാലത്താണ് ഇവര്‍ ജീവിച്ചിരുന്നതെങ്കില്‍ ഇവരെല്ലാം ബുദ്ധശിഷ്യനായ ആനന്ദനെപ്പോലെയാകുമായിരുന്നു. അന്നവര്‍ ജനിയ്ക്കാതിരുന്നത് നമ്മുടെയൊക്കെ ഭാഗ്യം. അവരുടെ സേവനം ഇന്ന് നമുക്കും പാര്‍ട്ടിയ്ക്കും രാജ്യത്തിനും കിട്ടുന്നുണ്ടല്ലോ? ഈ മഹാഭാഗ്യത്തിന് നമ്മളാരോടാണ് നന്ദി പറയേണ്ടത്.

ഇനി മുന്നണി മര്യാദയെപ്പറ്റി പറയുകയാണെങ്കില്‍ കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പു നോക്കിയാല്‍ മതി. ജനതാദളിന്റെ കോഴിക്കോട് സീറ്റ് പിടിച്ചെടുക്കുന്നതില്‍ കാണിച്ച് മുന്നണി മര്യാദയെ എത്രപ്രശംസിച്ചാലും മതിയാവില്ല. ആര്‍.എസി.പിയോടും സി.പി.ഐയോടും കാണിക്കുന്ന മുന്നണി മര്യാദയും സ്തുത്യര്‍ഹമാണ്. ഏറാമലയല്‍ ജനതാദളിന് സീറ്റൊഴിഞ്ഞുകൊടുക്കാന്‍ കാണിച്ച വിസമ്മതമാണല്ലോ മുന്നണി മര്യാദയുടെ ലംഘനമായി സെക്രട്ടറ്റ് ഉയര്‍ത്തിക്കാട്ടുന്നത്.

ഇങ്ങിനെ പറഞ്ഞാല്‍ ഓര്‍ത്തുചിരിക്കാന്‍ ഒരുപാട് വിശേഷങ്ങള്‍ സെക്രട്ടറിയേറ്റിന്റെ പത്രക്കുറിപ്പില്‍ കണ്ടു.

ഓരോന്നും എടുത്തുപറഞ്ഞാല്‍ ചിരിച്ചുചിരിച്ചു മണ്ണാകും. പത്രക്കുറിപ്പെടുത്താല്‍ അവശ്യം ആവശ്യമായ ഭാഷാജ്ഞാനവും വിവരവും വിവേകവും ബേബിയെപ്പോലുള്ളവരെ പഠിപ്പിക്കാന്‍ ഒരു പഠനക്ലാസ് തുടങ്ങേണ്ടിവരും.

ആടുക മനമേ ആട്