തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ ഇമെയില്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടയ്ക്കല്‍ യൂണിയന്‍ ബാങ്കിന് സമീപം ഗ്രീന്‍മഹല്‍ വീട്ടില്‍ കുറ്റിപ്പുറം ചേറാല വീട്ടില്‍ മൊയ്തു (47)വാണ് അറസ്റ്റിലായത്. സൈബര്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം കെല്‍ട്രോണിലെ ടെക്‌നീഷ്യനായ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

‘പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് സഖാവ് പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണ കുറിപ്പ്’ എന്ന ടൈറ്റിലോടെയായിരുന്നു മെയില്‍ പ്രചരിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം. പരാജയപ്പെട്ടതിനെ കളിയാക്കുന്ന രീതിയിലുള്ളതായിരുന്നു ഇ-മെയില്‍.

‘സന്ദേശം’ എന്ന സിനിമയില്‍ ശങ്കരാടിയും ശ്രീനിവാസനുംതമ്മിലുള്ള സംഭാഷണമാണ് പിണറായിയുടേതാക്കി മാറ്റി പ്രചരിപ്പിച്ചത്.

മൊയ്തുവിന് മാസിഡോണിയയിലുള്ള ബന്ധു ഹംസയാണ് മെയില്‍ അയച്ചുകൊടുത്തത്. ഇത് മൊയ്തു സുഹൃത്തുക്കളായ മുപ്പതോളം പേര്‍ക്ക് ഫോര്‍വേഡ് ചെയ്യുകയായിരുന്നു. ഹംസക്ക് ‘ജസ്റ്റ് ഫോര്‍ എ ജോക്ക്’ എന്ന മെയിലില്‍ നിന്നാണ് മെസേജ് ലഭിച്ചതെന്ന് പോലീസന്വേഷണത്തില്‍ വ്യക്തമായി. ജസ്റ്റ് ഫോര്‍ എ.ജോക്ക് എന്നത് ‘അപ്പോള്‍ അതാണ് കാര്യം’ എന്ന് മാറ്റിയാണ് മൊയ്തു ഇമെയില്‍ അയച്ചത്.

സംഭവത്തെക്കുറിച്ച് പിണറായി വിജയന്‍ ഡി.ജി.പി.ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സൈബര്‍ ക്രൈം ഡിവൈ.എസ്.പി. ജെ.സുകുമാരപിള്ള മൊയ്തുവിനെ അറസ്റ്റുചെയ്തത്. ഇയാളുടെ വീട്ടില്‍നിന്നും കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌കും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ പങ്കുള്ള മറ്റുള്ളവര്‍ക്കും സൈബര്‍ പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.