ക്രിസ്മസ് ആഘോഷത്തിന്റെ ദിനമാണ്. സാന്താക്ലോസും, നക്ഷത്രവിളക്കുകളും ക്രിസ്മസ് ആശംസാകാര്‍ഡും പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഒക്കെയായി നമ്മള്‍ ഉത്സാഹപൂര്‍വ്വം ക്രിസ്മസ് ആഘോഷിക്കാറുണ്ട്. എന്നാല്‍ എങ്ങനെയാണ് ഈ ക്രിസ്മസ് ട്രീ ഒരുക്കുന്നതെന്ന് കൂട്ടുകാര്‍ക്ക് അറിയാമോ ?

ദേവദാരുവിന്റെ ചില്ലകൊണ്ടും കാറ്റാടിക്കൊമ്പുമാണ് ക്രിസ്മസ് ട്രീക്കായി ഉപയോഗിക്കാറ്. ക്രിസ്മസ് ട്രീക്ക് ‘യുളി ട്രീ” എന്നൊരു വിളിപ്പേരുകൂടിയുണ്ട്. ക്രിസ്മസിന് ആദ്യമായി ക്രിസ്മസ് ട്രീ ഒരുക്കിയത് ലിവോണിയക്കാരും ജര്‍മ്മന്‍കാരുമാണ്.

Subscribe Us:

ഇന്ന് കിസ്മസിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി ക്രിസ്മസ് ട്രീ മാറിയിരിക്കുന്നു. അലങ്കാരവിളക്കുകളും മറ്റുതരത്തിലുളള ദീപങ്ങളും ഉപയോഗിച്ച് അത് വേണ്ടത്ര ഭംഗിയായി ഒരുക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ ക്രിസ്മസ് എന്നു പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നതും ക്രിസ്മസ് ട്രീ തന്നെ.

പല രാജ്യങ്ങളും അവിടെ കിട്ടുന്ന വൃക്ഷ ശിഖരങ്ങള്‍ കൊണ്ടാണ് ക്രിസ്മസ് ട്രീ ഒരുക്കുന്നത്. ലോകത്തിന്റെ പലഭാഗത്തും ഫിര്‍ വൃക്ഷങ്ങളാണ് ഇതിനായി ഉപയോഗിക്കാറ്. ഇത് പെട്ടന്ന് വാടുകയോ ഇലപൊഴിഞ്ഞ് പോവുകയോ ഇല്ല. തനിമയാര്‍ന്ന പച്ച നിറം കുറെ ദിവസം നില്‍ക്കുകയും ചെയ്യും. ഇതല്ലാതെ പൈന്‍ ,സ്പ്രൂസ് തുടങ്ങിയ മരങ്ങള്‍കൊണ്ടും ക്രിസ്മസ് ട്രീ ഒരുക്കാറുണ്ട്.

ഇന്ന് ക്രിസ്മസ് ട്രീക്ക് ലോകത്തിന്റെ പലഭാഗത്തും വലിയ മാര്‍ക്കറ്റ് തന്നെയുണ്ട്. പലരും ക്രിസ്മസ് ട്രീ ഫാമുകളിലും മറ്റുമായി കൃഷിചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ ദേവദാരു വൃക്ഷത്തെ പലരും ക്രിസ്മസ് ട്രീ നിര്‍മ്മിക്കാനായി ഉപയോഗിക്കാറുണ്ട്. എന്തിനേറെ പറയുന്നു, ലോകത്തിലെ ഏററവും വലിയ വൃക്ഷമായ സെക്കോയ മരങ്ങളും ലൈലന്റ് സൈപ്രസും ഈസ്റ്റേണ്‍ ജൂണിപ്പറും വരെ ക്രിസ്മസ് ട്രീക്കായി ഉപയോഗിക്കുന്നുണ്ട്.

ഇന്ന് ക്രിസ്മസ് ട്രീയുടെ രൂപത്തിലും ഭാവത്തിലുമെല്ലാം മാറ്റങ്ങള്‍ വന്നുതുടങ്ങി. പ്ലാസ്റ്റിക് കൊണ്ടും പലതരം ലോഹങ്ങള്‍ കൊണ്ടും വരെ ക്രിസ്മസ് ട്രീ ഒരുക്കുന്നുണ്ട്. ഇങ്ങനെ നിരവധി വൈവിധ്യമാര്‍ന്ന രീതിയില്‍ ഒരുക്കുന്ന  ക്രിസ്മസ് ട്രീ ഏവരുടേയും മനം കുളിര്‍പ്പിക്കുന്ന ഒന്നാണ്.

Malayalam News

Kerala News In English