Categories

നിഘണ്ടുവിന് പിന്നില്‍

മറ്റുഭാഷകളുടെ അര്‍ത്ഥങ്ങളും ആശയങ്ങളും മനസ്സിലാക്കുന്നതിന് വേണ്ടിയാണ് നാം നിഘണ്ടുവിനെ ആശ്രയിക്കാറ്. എന്നാല്‍ നിഘണ്ടുവിനെ ഇപ്പോള്‍ കാണുന്ന രൂപത്തിലെത്തിച്ചത് ആരാണെന്ന്‌ നമുക്ക് ഒരു പക്ഷേ അറിയിഞ്ഞില്ലെന്നു വരാം.

മലയാളഭാഷയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് മലയാള ഭാഷയിലുള്ള ആദ്യ നിഘണ്ടുവിന്റെ രചയിതാവ്. ജര്‍മനിയിലുള്ള സ്റ്റുട്ട്ഗാര്‍ട്ട് എന്ന സ്ഥലത്ത് ലൂഡിസ് ഗുണ്ടര്‍ട്ടിന്റെ പുത്രനായി 1814 ഫെബ്രുവരി 14നാണ് ഗുണ്ടര്‍ട്ടിന്റെ ജനനം.

തികച്ചും ശാസ്ത്രീയമായി സംവിധാനം ചെയ്തിരിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവാണ് ഗുണ്ടര്‍ട്ടിന്റേത്.1872 ലാണ് ഇതിന്റെ പ്രസിദ്ധീകരണം. ഉത്തരകേരളത്തില്‍ താമസിച്ചുകൊണ്ട് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് നടത്തിയ 25 വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ നിഗണ്ടു. പദങ്ങളുടെ അര്‍ത്ഥം ഇംഗ്ലീഷിലും മലയാളത്തിലും അതുകൂടാതെ നിഷ്പത്തി , പ്രയോഗം എന്നിവയെല്ലാം വളരെ നിഷ്‌കര്‍ഷയോടെ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പല നിഗമനങ്ങളും ഇന്ന് സ്വീകാര്യമാണ്. അദ്ദേഹത്തിന്റെ മലയാളവ്യാകരണം ചോദ്യോത്തരവും ഇതില്‍ പ്രധാനമായവയാണ്.

ഇതുകൂടാതെ നിരവധി സംഭാവനകള്‍ അദ്ദേഹം മലയാളഭാഷയ്ക്ക്് നല്‍കിയിട്ടുണ്ട്. എന്നാല്‍ നിഘണ്ടുവിന്റെ പ്രാധാന്യം ഇതരകൃതികള്‍ക്കൊന്നുമില്ല. ഗുണ്ടര്‍ട്ട് തന്റെ നിഘണ്ടു രചിച്ച കാലത്ത് ഇന്‍ഡോ യൂറോപ്യന്‍ ഭാഷാ കുടുംബങ്ങളെപ്പറ്റിയുള്ള പഠനം പ്രാഥമിക ഘട്ടത്തിലായിരുന്നു.

16 ാം ശതകം മുതല്‍ സംഭരണം നടത്തി 1746 ല്‍ പൂര്‍ത്തിയാക്കിയ വരാപ്പുഴ മിഷനറി ആശ്രമത്തിലെ മലയാളം-പോര്‍ത്തുഗീസ് ,പോര്‍ത്തുഗീസ് മലയാളം എന്നീ നിഘണ്ടുക്കളും കോട്ടയത്തെ സി.എം.എം.എസ് പ്രസ്സിലച്ചടിച്ച് 1849 ല്‍ പ്രസിദ്ധപ്പെടുത്തിയ റവ.ബെയ്‌ലിയുടെ മലയാളം ഇംഗ്ലീഷ് നിഘണ്ടുവും ഗുണ്ടര്‍ട്ട് തന്റെ നിഘണ്ടു നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്നു.

എന്നാല്‍ വടക്കന്‍ ഭാഷയെപ്പറ്റി ഗുണ്ടര്‍ട്ട് സ്വയം കണ്ടെത്തി വിവരങ്ങള്‍ക്ക് രൂപം നല്‍കുകയായിരുന്നു. ഗുണ്ടര്‍ട്ട് നിഘണ്ടുവിന്റെ ഒന്നാം പതിപ്പ് മംഗലാപുരത്തെ ബാസല്‍ മിഷന്‍ ട്രാക്റ്റുകാര്‍ 1872 ലാണ് പ്രസിദ്ധീകരിച്ചത്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം 1962 ല്‍ ഇതിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധപ്പെടുത്തി.

വിദേശീയനായ ഗുണ്ടര്‍ട്ട് മലയാളഭാഷയ്ക്ക് ചെയ്ത സേവനം നിരവധിയാണ്. 18 ഭാഷകള്‍ അദ്ദേഹത്തിന് വശമുണ്ടായിരുന്നു. 28 വര്‍ഷം കേരളത്തില്‍ താമസിച്ച മലയാള ഭാഷയിലെ എല്ലാവശങ്ങളും പഠിച്ചെടുക്കുകയായിരുന്നു. 24 ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിലുണ്ട്.

പഴഞ്ചൊല്‍ മാല ,പാഠമാല ,എന്ന ഗദ്യപദ്യ സമാഹാരം കേരളപ്പഴമ എന്ന ഗദ്യകൃതി, മലയാളരാജ്യം തുടങ്ങിയവയാണ് അവയില്‍ ചിലത്. പ്രധാനപ്പെട്ട മറ്റൊരുകാര്യം കൂടി, മലയാളത്തിലെ ആദ്യത്തെ പത്രപ്രവര്‍ത്തകന്‍ എന്ന പേരും ഗുണ്ടര്‍ട്ടിന് സ്വന്തമാണ്.1847 ല്‍ അദ്ദേഹം കല്ലച്ചില്‍ അച്ചടിച്ചു പ്രചരിപ്പിച്ച രാജ്യസമാഹാരമാണ് മലയാളത്തിലെ ആദ്യത്തെ ദിനപത്രം. ഇതുകൂടാതെ മലയാള പത്രം പശ്ചിമോദയവും 1847 ല്‍ ഗുണ്ടര്‍ട്ട് തന്നെയാണ് നടത്തിയത്.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.