തിരുവനന്തപുരം: പഞ്ചായത്തില്‍ ധനസഹായം വാങ്ങാന്‍ ചെന്ന് ദലിത് യുവതിക്കുനേരെ ഗ്രാമസേവന്റെ പീഡന ശ്രമം. എതിര്‍ത്ത യുവതിയെ മര്‍ദ്ദിച്ചവശയാക്കി. വര്‍ക്കല പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്മരുതി പഞ്ചായത്തിലെ ഗ്രാമസേവകന്‍ സുദര്‍ശനനെതിരെ വര്‍ക്കല പോലീസ് ദലിത് പീഡനത്തിനും  ഐ.പി.സി 354 അനുസരിച്ചും പോലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയോടൊണ് സംഭവം ചെമ്മരുതി പഞ്ചായത്തിലെ ബിന്ദുവാണ് പഞ്ചയാത്തില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തീക സഹായത്തിനു വേണ്ടി ഗ്രാമസേവകന്റെ ഓഫീസില്‍ എത്തിയത്. ഭവന നിര്‍മാണത്തിനു ലഭിക്കുന്ന സാമ്പത്തിക സഹായം കൂട്ടിത്തരാം എന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ കയറി പിടിക്കുകയായിരുന്നു, എതിര്‍ത്ത യുവതിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. യുവതിയിപ്പോള്‍ വര്‍ക്കല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസെത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതിക്കാരിയെ ഭീഷണിപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്. യുവതി പറയുന്നത് കള്ളമാണെന്നും കള്ള ആരോപണം ഉന്നയിച്ചാല്‍ അഴിയെണ്ണേണ്ടിവരുമെന്നും ദലിത് യുവതിയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തി.

സംഭവത്തില്‍ പ്രതിയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമമറിഞ്ഞ് തിരുവനന്തപുരത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപ്പെടുകയായിരുന്നു. ഇതോടെയാണ് വര്‍ക്കല പോലീസ് വൈകിട്ടോടെ  കേസെടുത്തത്. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ വര്‍ക്കല പോലീസ് തയ്യാറായിട്ടില്ല. ഈ സംഭവമറിഞ്ഞ മാധ്യമങ്ങളും പ്രതിയെ രക്ഷിക്കാന്‍ വേണ്ടി വാര്‍ത്ത മുക്കുകയായിരുന്നു. വിഷയത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്നും വ്യക്തമായ തെളിവ് ലഭിച്ചാലേ വാര്‍ത്തയാക്കാനാവൂവെന്നുമുള്ള നിലപാടിലാണ് മാധ്യമപ്രവര്‍ത്തകര്‍.

ദളിത് യുവതിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഉദ്യാഗസ്ഥനെ രക്ഷിക്കാന്‍ പോലീസും മാധ്യമങ്ങളും ഒത്തുകളിക്കുകയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ദലിത് പീഡനത്തിന് കുപ്രിസദ്ധിയാര്‍ജ്ജിച്ച വര്‍ക്കല പോലീസ് സ്റ്റേഷന്‍ പരിധി. കഴിഞ്ഞ ആഴ്ച്ച് മുന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് കള്ളക്കേസെടുത്ത്  ദലിത് വിദ്യാര്‍ത്ഥിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ സംഭവമുണ്ടായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ അവഹേളിക്കുന്ന തരത്തിലാണ് അന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. സംഭവം കള്ളകേസാണെന്ന് തെളിഞ്ഞിട്ടും പിന്നീട് വസ്തുത പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. മുഖ്യധാര മാധ്യമങ്ങള്‍ക്കൊപ്പം ബദല്‍ ശബ്ദമുയര്‍ത്തുന്നുവെന്ന് പറയുന്ന മാധ്യമങ്ങളും വര്‍ക്കലയിലെ ദലിത് പീഡനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

ഗ്രാമസേവകന്‍ ദലിത് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് മുഖ്യമന്തിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Malayalam news

Kerala news in English