ദളപതിക്ക് രണ്ടാം ഭാഗം
Movie Day
ദളപതിക്ക് രണ്ടാം ഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd November 2011, 4:59 pm

രജനിയും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച മണിരത്‌നത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദളപതി റീമേക്ക് ചെയ്യുന്നു. റിലീസ് ചെയ്ത് ഇരുപത് വര്‍ഷത്തിന് ശേഷം ദളപതിയുടെ റീമേക്ക് അവകാശം ബോളിവുഡിലെ മുന്‍നിര നിര്‍മാതാവായ ഭരത് ഷായാണ് സ്വന്തമാക്കിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ തന്നെ അലൈപായുതേയുടെ ഹിന്ദി റീമേക്കായ സാത്തിയയുടെ സഹനിര്‍മാതാവായിരുന്നു ഭരത് ഷാ. മാധവനും ശാലിനിയും ഒന്നിച്ച അലൈപായുതേ കോളിവുഡില്‍ സൂപ്പര്‍ഹിറ്റായിരുന്നു. വിവേക് ഒബ്‌റോയിയും റാണി മുഖര്‍ജിയും ഒന്നച്ച “സാത്തിയ” ബോളിവുഡിലും വിജയം നേടിയിരുന്നു.

മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രങ്ങളായ കര്‍ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ കടമെടുത്തൊരുക്കിയ ദളപതി വാണിജ്യവിജയത്തിനൊപ്പം നിരൂപകപ്രശംസയും നേടിയിരുന്നു. ഇളയരാജയുടെ സുന്ദരമായ സംഗീതമായിരുന്നു ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഇതിന് പുറമെ പിന്‍കാലത്ത് ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകനെന്ന നിലയില്‍ പേരെടുത്ത സന്തോഷ് ശിവന്റെ ആദ്യതമിഴ് ചിത്രമായിരുന്നു ദളപതി.

2012ന്റെ തുടക്കത്തില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ദളപതിയുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത് ഒട്ടേറെ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച് പരിചയമുള്ള പൂജ ജതിന്ദര്‍ സിങാണ്. ചിത്രത്തിലെ താരങ്ങളാരൊക്കെയാണെന്ന കാര്യം തീരുമാനിച്ചിട്ടില്ല.

Malayalam News
Keral News in English