തിരുവനന്തപുരം: സി.പി.ഐ.എം ഇരുപതാം സംസ്ഥാനസമ്മേളനത്തിന് പൊതുസമ്മേളന നഗറില്‍ ഇന്ന് കൊടിയുയരും. പ്രതിനിധി സമ്മേളനം ഫിബ്രവരി ഏഴിന് രാവിലെ 10 മണിക്ക് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.കെ.ജി ഹാളില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കെ. വരദരാജന്‍, വൃന്ദാകാരട്ട്, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

സ്വാഗതസംഘം ചെയര്‍മാന്‍ എം. വിജയകുമാര്‍ ആറ് മണിക്ക് പൊതുസമ്മേളനത്തിന് കൊടിയുയര്‍ത്തും. സമ്മേളന നഗരിയിലേക്കുള്ള പതാക, കൊടിമര, ദീപശിഖ ജാഥകള്‍ ഇന്ന് വൈകുന്നേരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഗമിക്കും. തിരുവനന്തപുരം ജില്ലയിലെ പതിനാല് കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന ദീപശിഖാ ജാഥകളും ഇവിടെയെത്തും.

Subscribe Us:

കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ ആരംഭിച്ച പതാക ജാഥയെ തിങ്കളാഴ്ച രാവിലെ പതിനൊന്നിന് ജില്ലാ അതിര്‍ത്തിയായ തട്ടത്തുമലയില്‍ വരവേല്‍ക്കും. വയലാറില്‍നിന്ന് കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബിയുടെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന കൊടിമരം ഉച്ചയ്ക്ക് പന്ത്രണ്ടിന് കടമ്പാട്ടുകോണത്തെ സ്വീകരണത്തോടെ തലസ്ഥാന ജില്ലയില്‍ പ്രയാണമാരംഭിക്കും. നൂറുകണക്കിന് ചുവപ്പ് വളന്റിയര്‍മാര്‍ ജാഥകളെ അനുഗമിക്കും. പ്രധാന ദീപശിഖ കാട്ടായിക്കോണം വി ശ്രീധര്‍ സ്മൃതിമണ്ഡപത്തില്‍നിന്ന് സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പര്യടനം തുടങ്ങും.

രക്തസാക്ഷികളുടെയും മണ്‍മറഞ്ഞ നേതാക്കളുടെയും സ്മൃതി മണ്ഡപങ്ങളില്‍നിന്നായി 13 ഉപ ദീപശിഖകളും സമ്മേളന നഗറിലെത്തും. ദീപശിഖകളില്‍നിന്നു പകരുന്ന അഗ്‌നിജ്വാലയുമായി ഏഴിന് രാവിലെ പ്രധാന ദീപശിഖ പ്രതിനിധി സമ്മേളനം നടക്കുന്ന എ.കെ.ജി ഹാളിലെ സ. ഹര്‍കിഷന്‍ സിങ് സുര്‍ജിത് നഗറില്‍ എത്തിക്കും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം  പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

രാഷ്ട്രീയ പ്രശ്‌നങ്ങളിലെ സ്വയം വിമര്‍ശനം, തിരുത്തലുകള്‍, സംഘടനാപ്രവര്‍ത്തനം മെച്ചമാക്കലും വിപുലീകരിക്കലും, ബഹുജന സംഘടനകളുടെ അവലോകനവും എന്നിവയും സംസ്ഥാന സമിതിയിലെ മാറ്റങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. മൂന്നുതവണ സെക്രട്ടറിയായവര്‍ മാറണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചിരുന്നെണ്ടെങ്കിലും ഈ കാലാവധി പിന്നിട്ട പിണറായി വിജയന്‍ നാലാം തവണയും തുടരാനാണ് സാധ്യത.