എഡിറ്റര്‍
എഡിറ്റര്‍
മുത്തേടം പഞ്ചായത്തില്‍ ലീഗ്-സി.പി.ഐ.എം അവിശ്വാസപ്രമേയം പാസായി
എഡിറ്റര്‍
Tuesday 8th May 2012 1:03pm

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ മുത്തേടം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരേ മുസ്‌ലീം ലീഗും സി.പി.ഐ.എമ്മും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഒരു വോട്ടിനാണ് അവിശ്വാസപ്രമേയം പാസായത്. കോണ്‍ഗ്രസിന് ഏഴും ലീഗിനും സി.പി.ഐ.എമ്മിനും നാല് വീതവും അംഗങ്ങളാണ് പഞ്ചായത്തില്‍ ഉള്ളത്.

പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാനെ മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാഞ്ഞതിനെ തുടര്‍ന്നാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് പ്രാദേശിക നേതൃത്വവും അംഗങ്ങളും അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തത്. അവിശ്വാസപ്രമേയത്തെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ലീഗ് നേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തിരുന്നു.

അതിനിടെ മുത്തേടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു. വൈസ് പ്രസിഡന്റിനെതിരെയും അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു.
കഴിഞ്ഞ 25 ന് അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ വരണാധികാരി എത്താഞ്ഞതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ഇന്ന് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലമെന്ന നിലയ്ക്ക് അവിശ്വാസപ്രമേയ വോട്ടെടുപ്പ് വന്‍ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു.

Advertisement