ബെര്‍ലിന്‍: ചായയെക്കാള്‍ കാപ്പി സ്‌നേഹിക്കുന്നവര്‍ക്കും കാപ്പികര്‍ഷകര്‍ക്കും ഒരു സന്തോഷവാര്‍ത്ത.. അധികം കാപ്പി കുടിച്ചാല്‍ മാരക രോഗങ്ങള്‍ പിടിപെടുമെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ലെന്നു ജര്‍മന്‍ ഗവേഷകര്‍. കാപ്പി കുടിച്ചാല്‍ ഹൃദ്രോഗം, കാന്‍സര്‍, ടൈപ്പ് രണ്ട് വിഭാഗത്തില്‍പ്പെട്ട പ്രമേഹം തുടങ്ങിയവയൊക്കെ പിടിപെടുമെന്നായിരുന്നു ഇതുവരെയുള്ള ശാസ്ത്രലോകം വിശ്വസിച്ച് പോന്നത്. എന്നാല്‍ ഇതിന് ഒരു അടിസ്ഥാനവുമില്ലെന്നു ജര്‍മന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യുമന്‍ ന്യൂട്രിഷന്‍ പോസ്റ്റ്ഡാം റെബ്രൂകെയിലെ ഗവേഷക അന്ന ഫ്‌ളോജെലിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരിക്കുകയാണ്.

തിരഞ്ഞെടുത്ത 40,000 ലേറെ യുവതീ യുവാക്കളിലാണ് പരീക്ഷണം നടത്തിയത്. ആദ്യവര്‍ഷം ഇവരുടെ കാപ്പികുടി ശീലം, ഭക്ഷണം, വ്യായാമം, മറ്റ് ആരോഗ്യസ്ഥിതി തുടങ്ങിയവയൊക്കെ പഠനത്തിനു വിധേയമാക്കി. പിന്നീടുള്ള ഒമ്പതുവര്‍ഷത്തിനിടയില്‍ രണേ്ടാ മൂന്നോവര്‍ഷം കൂടുമ്പോള്‍ കാപ്പി കുടിക്കുന്നതുകൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുണേ്ടാ എന്നു പരിശോധിച്ചു.

പ്രത്യേകിച്ചും ഹൃദയസംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്‌കാഘാതം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയവ. എന്നാല്‍ കാപ്പികുടിക്കാത്തവരിലുണ്ടാകുന്ന അതേ ക്രമത്തില്‍ മാത്രമാണ് ഇവരിലും രോഗമുണ്ടാകുന്നത് എന്നു കണെ്ടത്തി.മാത്രമല്ല, ടൈപ്പ് രണ്ട് ഇനത്തില്‍പ്പെട്ട പ്രമേഹം കാപ്പികുടി ശീലമാക്കിയവരില്‍ പിടിപെടാന്‍ സാധ്യത 23% കുറവാണെന്നും ബോധ്യപ്പെട്ടു.

പ്രമേഹം തടയുന്നതില്‍ കാപ്പിക്കു പങ്കുണ്ട് എന്നു പറയാനാകില്ലെങ്കിലും മൃഗങ്ങളില്‍ നടത്തിയ പരീക്ഷണമനുസരിച്ച് കാപ്പിയിലെ ചില രാസവസ്തുക്കള്‍ക്കു ദഹനപ്രക്രിയയില്‍ കാര്യമായ സ്വാധീനം ചെലുത്താനാകുമെന്നു തെളിഞ്ഞിട്ടുണെ്ടന്നു ഗവേഷകര്‍ പറയുന്നു.

ഇവരുടെ ഗവേഷണ റിപ്പോര്‍ട്ട് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.