തിരുവനന്തപുരം: കേരളത്തിലെ ഐടി വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനമേഖലയായ പള്ളിപ്പുറത്തെ ടെക്‌നോസിറ്റിയില്‍ 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പു വയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ മൊത്തം ഐടി  കയറ്റുമതിയില്‍ 20 ശതമാനത്തിലധികം ഇന്‍ഫോസിസിന്റേതാണ്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇന്‍ഫോസിസിന്റെ ബാംഗ്ലൂര്‍ ഓഫീസ് കാമ്പസ് സന്ദര്‍ശിച്ച് അവരെ കേരളത്തിലേക്ക് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഫോസിസ് കേരളത്തിലെത്തിയത്. താന്‍ മുഖ്യമന്ത്രിയായ മുന്‍ യുഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ ഇന്‍ഫോസിസിന്റെ കാമ്പസ് സംബന്ധിച്ച് തീരുമാനമെടുത്തത്.സംസ്ഥാനത്തിന്റെ ഐടി സാധ്യതകള്‍ കണ്ടറിഞ്ഞ് ഇന്‍ഫോസിസിന് കാമ്പസ് ആരംഭിക്കാനായി 50 ഏക്കര്‍ ഭൂമി ഉടന്‍ വിട്ടു നല്‍കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്‍ഫോസിസിന്റെ രണ്ടാമത്തെ കാമ്പസും കേരളത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നതിന് കളമൊരുങ്ങിയിരിക്കുന്നത് സംസ്ഥാനത്തിന്റെ ഐടി മേഖലയ്ക്ക് കരുത്തു പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ ഇന്‍ഫോസിസ് കേന്ദ്രം 30 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമായി മാറിയെന്ന്  ഇന്‍ഫോസിസ് കോ-ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. 3500 ഐ.ടി. വിദഗ്ദ്ധര്‍ക്കു കൂടി ആദ്യത്തെ ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ ഉടന്‍തന്നെ തൊഴില്‍ നല്‍കുക വഴി ഐ.ടി. കയറ്റുമതി 800 കോടിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫോസിസ് പോലുള്ള പ്രമുഖ കമ്പനികള്‍ കേരളത്തെ നിക്ഷേപ രംഗമായി കണക്കാക്കുന്നത് അഭിമാനകരമാണെന്നും സംസ്ഥാനത്തിന്റെ ഐടി രംഗത്തിന്റെ വികസനത്തിനു ഇത് ഏറെ ഗുണം ചെയ്യുമെന്നും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാമ്പസ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വ്യവസായ മന്ത്രി പറഞ്ഞു. ധന മന്ത്രി കെ എം മാണി സന്നിഹിതനായിരുന്നു.

അറുനൂറു കോടിയാണ് പുതിയ സംരംഭത്തിന്റെ നിക്ഷേപത്തുക. പത്തു ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന ഇന്‍ഫോസിസ് ക്യാമ്പസില്‍ പതിനായിരം പേര്‍ക്ക്  തൊഴില്‍ ലഭിക്കും.    പുതിയ ഇന്‍ഫോസിസ് കാമ്പസില്‍ അടുത്ത അഞ്ചു മുതല്‍ എട്ടു വര്‍ഷത്തിനുള്ളില്‍ 1500 കോടിയുടെ ഐ.ടി. കയറ്റുമതി സാദ്ധ്യമാകും. 50,000 ത്തിലേറെ പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

ഇന്‍ഫോസിസിന്റെ രണ്ടാമത്തെ കേന്ദ്രംകൂടി സ്ഥാപിതമാകുന്നതോടെ ആഗോള മേഖലയില്‍ തിരുവനന്തപുരം കൂടുതല്‍ ശ്രദ്ധിക്കപ്പെടും. 2010-11 കാലയളവില്‍ കേരളത്തില്‍ നിന്നുള്ള ഐ.ടി. മേഖലയിലെ കയറ്റുമതി 2875 കോടി രൂപയായിരുന്നു.  അതില്‍ 608 കോടിയും ഇന്‍ഫോസിസിന്റെ സംഭാവനയായിരുന്നുവെന്ന് ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഐ.ടി. വികസനത്തില്‍ ഇന്‍ഫോസിസ് ഗണ്യമായ പങ്കുവഹിക്കുന്നതായും വി.എച്ച്. കുര്യന്‍ അഭിപ്രായപ്പെട്ടു.

ടെക്‌നോസിറ്റിയില്‍ 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറില്‍   ടെക്‌നോപാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജി.ഗിരീഷ് ബാബുവും, ഇന്‍ഫോസിസ് സീനിയര്‍ വൈസ്പ്രസിഡന്റ് എച്ച്.ആര്‍.ബിനോദും മുഖ്യമന്ത്രി , ഐ.ടി.-വ്യവസായ വകുപ്പ് മന്ത്രി , ധനമന്ത്രി, ചീഫ് സെക്രട്ടറി, ഐ.ടി.വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു. 47.74 കോടി  രൂപയാണ് ഇന്‍ഫോസിസ് സര്‍ക്കാരിന് നല്‍കുക. ക്രിസ് ഗോപാലകൃഷ്ണനെ കൂടാതെ ടെക്‌നോപാര്‍ക്ക് സീനിയര്‍ ബിസിനസ് ഡവല്പ്പമെന്റ്  മാനേജര്‍ എം., വാസുദേവനും ജനറല്‍ മാനേജര്‍ കെ.വി. രാജേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.