എഡിറ്റര്‍
എഡിറ്റര്‍
കാസര്‍കോട് ലീഗില്‍ പൊട്ടിത്തെറി; മജീദിനെയും ബഷീറിനെയും കയ്യേറ്റം ചെയ്തു
എഡിറ്റര്‍
Saturday 17th March 2012 1:30pm

കാസര്‍കോട്: ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍ക്കോട്ട് മുസ്‌ലീം ലീഗില്‍ പൊട്ടിത്തെറി. യോഗത്തിനെത്തിയ ലീഗ് ജനറല്‍ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീറിനെയും കെ.പി.എ മജീദിനെയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. മുസ്‌ലീം ലീഗിന്റെ കാസര്‍കോട് ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യേറ്റത്തിലെത്തിയത്.

മുസ്‌ലീം ലീഗ് ജില്ലാ കൗണ്‍സില്‍ യോഗം നടന്ന മുരളീമുകുന്ദ് ഓഡിറ്റോറിയത്തിന് പുറത്ത് മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചു. ജന. സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.സി ഖമറുദ്ദീനും ട്രഷററായ സി.ടി അഹമ്മദിക്കും, ചെര്‍ക്കളം അബ്ദുല്ലക്കുമെതിരെയാണ് ഒരു വിഭാഗം മുദ്രാവാക്യം മുഴക്കിയത്. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ജന. സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ മാധ്യമപ്രവര്‍ത്തകരോട് കൗണ്‍സില്‍ തീരുമാനം വിശദീകരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ ചേരി തിരഞ്ഞ് മുദ്രാവാക്യം മുഴക്കിയത്.

നേതാക്കള്‍ക്കെതിരെയുള്ള മുദ്രാവാക്യം മുഴങ്ങിയ ഉടന്‍ എതിര്‍പക്ഷം മുസ്‌ലീം ലീഗ് സിന്ദാബാദ് വിളിച്ച് നേരിടുകയായിരുന്നു. ശാന്തരായിരിക്കാനുള്ള നേതാക്കളുടെ ആഹ്വാനം അണികള്‍ ചെവിക്കൊണ്ടില്ല. ബഹളം രൂക്ഷമായി ജനറല്‍ സെക്രട്ടറിമാരെ കയ്യേറ്റം ചെയ്യുന്നതില്‍വരെയെത്തി കാര്യങ്ങള്‍.

ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹമ്മദലി എന്നിവരായിരുന്നു വര്‍ഷങ്ങളായി കാസര്‍കോട് ലീഗിന്റെ നേതൃസ്ഥാനത്ത്. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ പ്രായം ചെന്നവരെ ഒഴിവാക്കി യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 11 ന് ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നിരുന്നു. ചെര്‍ക്കളം അബ്ദുല്ലയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. എ.അബ്ദുറഹ്മാന്‍ എം.സി ഖമറുദ്ദീനെ പരാജയപ്പെടുത്തി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ എ.അബ്ദുറഹ്മാനെ സെക്രട്ടറിയായി പ്രഖ്യാപിക്കാന്‍ സി. മമ്മൂട്ടി എം.എല്‍.എ തയ്യാറായില്ല. ഇതെ തുടര്‍ന്ന് മമ്മൂട്ടി എം.എല്‍.എയെ ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. എന്നാല്‍ അന്ന് ഈ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശം നിഷേധിച്ചിരുന്നതിനാല്‍ വാര്‍ത്ത പുറത്തുവന്നിരുന്നില്ല. ഇതേ തുടര്‍ന്ന് ഭാരവാഹി തിരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ചാണ് ഇന്ന് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. രാവിലെ യോഗം ചേര്‍ന്നതിന് ശേഷം രണ്ട് മണിക്കൂറോളം ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ പ്രസംഗിച്ചു. അതിനുശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കൊടുത്തയച്ച ഒരു കുറിപ്പ് ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിച്ചുകേള്‍പ്പിച്ചു. ലീഗ് പ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടായി
പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെടുന്നതായിരുന്നു കുറിപ്പ്. ഇതിനുശേഷം ഇ.ടി മുഹമ്മദ് ബഷീര്‍ ഭാരവാഹികളുടെ പേര് വിവരങ്ങള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയപ്പോഴാണ് കയ്യേറ്റമുണ്ടായത്.

Malayalam News

Kerala News in English

Advertisement