വാഷിംഗ്ടണ്‍: വെബ് ബ്രൗസര്‍ രംഗത്തെ മത്സരത്തില്‍ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ കുത്തക ഗൂഗിള്‍ തകര്‍ത്തു. 2008ല്‍ പുറത്തിറങ്ങിയ ക്രോമിന് ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ആധിപത്യം തകര്‍ക്കാനായെന്നത് വന്‍വിജയമാണ്.

പ്രശസ്ത വെബ് വിശകലന സ്ഥാപനമായ സ്റ്റാറ്റ് കൗണ്ടര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ബ്രൗസര്‍ യുദ്ധത്തില്‍ ഗൂഗിള്‍ ക്രോം ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്. ഈ വാരാന്ത്യത്തില്‍ മെയ് 20ന് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരും ഗൂഗിള്‍ ക്രോമാണ് ഉപയോഗിച്ചത്. അവധി ദിവസമായതിനാല്‍ വീട്ടില്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഭൂരിഭാഗവും ക്രോം ബ്രൗസറില്‍ നെറ്റ് എടുക്കാനാകും.

മേയ് 20 ഞായറാഴ്ച 32.76 ശതമാനം ഉപയോക്താക്കളാണ് ലോകവ്യാപകമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിച്ചത്. അതേസമയം, 31.94 ശതമാനം പേരാണ് ഇന്റര്‍നെറ്റ് എക്‌സപ്ലോറര്‍ ഉപയോഗിച്ചത്. തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ച ക്രോമിനു ചെറിയ ഇടിവു സംഭവിച്ചെങ്കിലും ആധിപത്യം വിട്ടില്ല. ഇന്നലെ 31.88 ശതമാനം ഉപയോക്താക്കള്‍ ലോകവ്യാപകമായി ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിച്ചപ്പോള്‍ എക്‌സ്‌പ്ലോററില്‍ 31.47 ശതമാനം പേരാണ് എത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലും ഗൂഗിള്‍ ക്രോം മുന്നിലെത്തിയിരുന്നെങ്കിലും എക്‌സ്‌പ്ലോറിനെതിരെയുള്ള ആധിപത്യത്തിന്റെ ആയുസ് ഒരു ദിവസം മാത്രമായിരുന്നു.

ഗൂഗിള്‍ ക്രോമിനൊപ്പം മറ്റൊരു ജനപ്രിയ ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ക്രോമിന് പിന്നാലെ ഉടന്‍ തന്നെ മോസില്ലയും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ മറികടക്കുമെന്നാണ് ഇപ്പോഴത്തെ മുന്നേറ്റം സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 29 ശതമാനം പേര്‍ ഫയര്‍ഫോക്‌സ് ഉപയോഗിച്ചിരുന്നിടത്ത് 2012 മേയില്‍ എത്തിയപ്പോള്‍ ഇത് 26 ശതമാനമായി കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഗൂഗിള്‍ ക്രോം വെറും 20 ശതമാനം പേരാണ് ഉപയോഗിച്ചിരുന്നത്.