ബീജിങ്: തിബത്തരുടെ രണ്ടാം ആത്മീയ നേതാവ് പഞ്ചന്‍ ലാമ ഗ്യാന്‍സെയ്ന്‍ നോര്‍ബു ചൈനീസ് സര്‍ക്കാറിന്റെ ഉപദേശക സമിതി അംഗമായി ചുമതലയേറ്റു. ടിബറ്റിലെ ചൈനീസ് ഭരണത്തെ പ്രകീര്‍ത്തിച്ച്‌കൊണ്ടാണ് പഞ്ചന്‍ലാമ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. 20 വയസുള്ള പഞ്ചന്‍ ലാമയെ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമക്കു പകരക്കാരനായാണ് ചൈന സര്‍ക്കാര്‍ ഉയര്‍ത്തി കാട്ടുന്നത്.

പത്താം പഞ്ചന്‍ ലാമയുടെ അകാലമരണത്തെത്തുടര്‍ന്നു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വമാണ് 1995ല്‍ അന്ന് ആറുവയസ്സുകാരനായ ഗ്യാന്‍സെയ്ന്‍ നോര്‍ബുവിനെ പതിനൊന്നാം പഞ്ചന്‍ ലാമയായി അവരോധിച്ചത്. ഇന്ത്യയില്‍ പ്രവാസത്തില്‍ കഴിയുന്ന പരമോന്നത ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ ഇക്കാലത്ത് ആറുവയസ്സുകാരനായ ഗെധുന്‍ ചോകി ന്യീമയെ പതിനൊന്നാം പഞ്ചന്‍ ലാമയായി അവരോധിച്ചിരുന്നു. പക്ഷേ ഈ ലാമയെ ചൈനീസ് ഗവണ്‍മെന്റ് അന്നുതന്നെ വീട്ടുതടങ്കലിലാക്കുകയായിരുന്നു.