എഡിറ്റര്‍
എഡിറ്റര്‍
മെക്‌സിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യൂന്റസ് അന്തരിച്ചു
എഡിറ്റര്‍
Wednesday 16th May 2012 9:35am

മെക്‌സിക്കോസിറ്റി: വിഖ്യാത മെക്‌സിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യൂന്റസ്(83) അന്തരിച്ചു. തെക്കന്‍ മെക്‌സിക്കോസിറ്റിയിലെ ഏഞ്ചല്‍സ് ഡെല്‍ പെഡ്രിഗല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യകാരന്‍മാരില്‍ പ്രമുഖനായിരുന്നു ഫ്യൂന്റസ്. കലയും രാഷ്ട്രീയവും ഒരുപോലെ അദ്ദേഹം എഴുത്തിനു വിഷയമാക്കിയിട്ടുണ്ട്. നാടകങ്ങള്‍, ചെറുകഥകള്‍, രാഷ്ട്രീയ ലേഖനങ്ങള്‍, നോവലുകള്‍ എന്നിവ അദ്ദേഹം എഴുതിയിരുന്നു.

‘ദ ഡെത്ത് ഓഫ് ആര്‍ടിമിയോ ക്രസ്’, ‘ദ ഓള്‍ഡ് ഗ്രിന്‍ജോ’ എന്നിവയാണ് പ്രധാനകൃതികള്‍. 1985ല്‍ പുറത്തിറങ്ങിയ ദ ഓര്‍ഡ് ഗ്രിന്‍ജോ എന്ന നോവലിലൂടെ ഫ്യൂന്റസിന് യു.എസില്‍ വന്‍ അംഗീകാരം ലഭിച്ചു.  മെക്‌സിക്കന്‍ വിപ്ലവത്തിന്റെ സമയത്ത് അപ്രത്യക്ഷനായ ആംബ്രോസ് ബിയേഴ്‌സ് എന്ന അമേരിക്കന്‍ എഴുത്തുകാരനെക്കുറിച്ചുള്ള കഥയായിരുന്നു ദ ഓര്‍ഡ് ഗ്രിന്‍ജോ.

സ്പാനിഷ് പത്രമായ എല്‍ പെയ്‌സില്‍ രാഷ്ട്രീയ അവലോകന കുറിപ്പുകള്‍ അദ്ദേഹം സ്ഥിരമായി കൈകാര്യം ചെയ്തിരുന്നു. 1928ല്‍ പനാമയില്‍ ജനിച്ച അദ്ദേഹം 25ലധികം നോവലുകളും പത്തോളം ചെറുകഥകളും നിരവധി ലേഖനങ്ങളും നാടകങ്ങളും തിരക്കഥകളും രചിച്ചിട്ടുണ്ട്. 1954ല്‍ പുറത്തിറങ്ങിയ ‘ലോസ് ഡയസ് എന്‍മാസ്‌കരദോസ്’ എന്ന ചെറുകഥയാണ് അദ്ദേഹത്തിന്റെ ആദ്യ സൃഷ്ടി.

Advertisement