എം.എം മണിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സി.പി.ഐ.എം തീരുമാനം
Kerala
എം.എം മണിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സി.പി.ഐ.എം തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd July 2012, 4:14 pm

ഇടുക്കി: സി.പി.ഐ.എം ഇടുക്കി മുന്‍ജില്ലാ സെക്രട്ടറി എം.എം മണിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സി.പി.ഐ.എം തീരുമാനം. കഴിഞ്ഞ ദിവസം രാജക്കാട്ട് ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.

അന്വേഷണ സംഘത്തിന് മുന്നില്‍ മണി ഹാജരാകേണ്ടതില്ലെന്ന് നേരത്തെ പാര്‍ട്ടി തീരുമാനിച്ചിരുന്നു. അതിനാലാണ് ഇന്ന് മണി അന്വേഷണഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാതിരുന്നത്.

വരുന്ന 22 ാം തിയ്യതി ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം മണിയുടെ കാര്യം ചര്‍ച്ച ചെയ്യും. കേന്ദ്രകമ്മിറ്റിക്ക് മുന്‍പ് മണിയെ അറസ്റ്റ് ചെയ്താല്‍ കമ്മിറ്റിയില്‍ മണിയ്‌ക്കെതിരെ നടപടിയെടുക്കേണ്ടതായി വരും. ഇതുകൂടി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രകമ്മിറ്റി ചേരുന്നത് വരെ മണിയെ ഒളിവില്‍  പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

ഇതിനിടെ സുപ്രീംകോടതിയില്‍ നിന്നും അനുകൂലവിധി നേടാനും പാര്‍ട്ടി ശ്രമിക്കും. ഇടുക്കിയിലെ കേസ് നടത്താന്‍ ഒരു കോടിരൂപ പിരിക്കാനും ജില്ലാകമ്മിറ്റിയില്‍ തീരുമാനമായി.

സുപ്രീംകോടതിയിലെ പ്രശസ്തരായ അഭിഭാഷകരെ വെച്ചുതന്നെ കേസ് നടത്താനും ഇതിനായി പണം  ചിലവഴിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.  50 ലക്ഷം രൂപ ഏരിയാകമ്മിറ്റികള്‍ പിരിച്ചുനല്‍കാനും ബാക്കി 50 ലക്ഷം മണിയും കെ.കെജയചന്ദ്രന്‍ എം.എല്‍.എയും ചേര്‍ന്ന് പിരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

എന്തെങ്കിലും കാരണവശാല്‍ എം.എം മണി അറസ്റ്റിലായാല്‍ ജില്ലയില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്താനും കമ്മിറ്റിയില്‍ തീരുമാനമായിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകാനായിരുന്നു മണിക്ക് നോട്ടീസ്‌ നല്‍കിയിരുന്നത്. എന്നാല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കേണ്ടതിനാല്‍ 10 ദിവസത്തെ സാവകാശം അനുവദിക്കണമെന്നു അഭിഭാഷക സംഘം മുഖേന മണി കത്തു നല്‍കുകയായിരുന്നു. ഇതോടെ തുടര്‍നടപടി സ്വീകരിക്കുന്നതിന് എറണാകുളം റേഞ്ച് ഐ.ജി കെ.പദ്മകുമാറിന്റെ നേതൃത്വത്തില്‍ തൊടുപുഴ റസ്റ്റ് ഹൗസില്‍ അടിയന്തര യോഗം ചേരുകയും മണിയുടെ അവധി അപേക്ഷ തള്ളാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.