സ്വന്തം ലേഖകന്‍

ന്യൂദല്‍ഹി: കോടികളുടെ നഷ്ടക്കണക്കുകള്‍ പറയുമ്പോഴും ഒരു കൂസലില്ലാതെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് മുന്നോട്ട് കൊണ്ടുപോകുമെന്ന് വിജയ് മല്യ ഉറപ്പിച്ച് പറയുന്നതിന്റെ ഉള്ളുകളി പുറത്തുവരുന്നു. ആഭ്യന്തര വ്യോമയാന രംഗത്ത് വിദേശ നിക്ഷേപത്തിന് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ പ്രണബ് മുഖര്‍ജി പറഞ്ഞത് മല്യയെ മുന്നില്‍ക്കണ്ടാണെന്ന് തെളിഞ്ഞു. ധനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ഒരു ദിവസം മുമ്പ് തന്നെ വിജയ് മല്യ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സര്‍ക്കാര്‍ മല്യയുമായി ഒത്തുകളിക്കുകയാണെന്ന് സംശയമുണ്ടാക്കുന്നതാണിത്.

‘കമ്പനിയുടെ ഓഹരികള്‍ വാങ്ങിക്കാന്‍ ഒരു വിദേശ എയര്‍ലൈന്‍സും രണ്ട് മറ്റ് വിദേശ സംരംഭകരും രംഗത്തെത്തിയിട്ടുണ്ട്. വിദേശ വ്യോമയാന കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമയാന കമ്പനികളുടെ ഓഹരി വാങ്ങുന്നതിന് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ പ്രഖ്യാപിക്കും’- ഇതായിരുന്നു വിജയ് മല്യയുടെ പ്രസ്താവന. വ്യാഴാഴ്ച കിങ്ഫിഷര്‍ പൈലറ്റുമാരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഇങ്ങിനെ പറഞ്ഞത്.

എന്നാല്‍ തൊട്ടടുത്ത ദിവസം നടന്ന ബജറ്റ് പ്രഖ്യാപനത്തില്‍ മല്യയുടെ പ്രസ്താവനയെ ശരിവെച്ചുകൊണ്ട് പ്രണബ് മുഖര്‍ജിയുടെ ബജറ്റ് പ്രഖ്യാപനം വന്നു. വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കുന്ന കാര്യം പരിഗണിച്ചുവരികയാണെന്നാണ് പ്രണബിന്റെ ബജറ്റ് പ്രഖ്യാപനമുണ്ടായത്. മല്യുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന ബജറ്റ് പ്രഖ്യാപനം ഇരുവരും തമ്മിലുള്ള ഒത്തുകളിയാണെന്നതിന്റെ തെളിവാണെന്നാണ് ആരോപണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മല്യ നല്‍കിയ ഉറപ്പ് ബജറ്റ് പ്രഖ്യാപനം മുന്നില്‍ക്കണ്ടായിരുന്നുവെന്ന് വേണം കരുതാന്‍.

കിങ്ഫിഷര്‍ പറയുന്ന തരത്തില്‍ കമ്പനിക്ക് നഷ്ടമുണ്ടോയെന്ന കാര്യം തര്‍ക്ക വിഷയമാണ്. കമ്പനി പറയുന്ന കണക്കുകള്‍ പ്രകാരം ഏഴായിരം കോടി രൂപയുടെ കടമാണ് കിങ്ഫിഷറിനുള്ളത്. ഇതില്‍ 1457 കോടി രൂപ ബാങ്കുകള്‍ എഴുതിത്തള്ളിയതാണ്. എണ്ണക്കമ്പനികള്‍ക്ക് 890 കോടി രൂപയും വിമാനത്താവളങ്ങളില്‍ ലാന്റിങ് ചാര്‍ജായി 151 കോടി രൂപയും കടമുണ്ട്. എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്ന് പറഞ്ഞ് വിലയുര്‍ത്തുമ്പോഴാണ് മല്യ കമ്പനികള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത വരുത്തിയിരിക്കുന്നത്.

ബാങ്കുകള്‍ക്കുളള കോടികളുടെ ബാധ്യത തിരിച്ചടയ്ക്കാതെ വരുമ്പോള്‍ സ്ഥാപനം ജപ്തി ചെയ്യേണ്ടതാണ്. എന്നാല്‍ അത്തരമൊരു നടപടികളിലേക്കും ബാങ്കുകള്‍ കടക്കാത്തത് മല്യയുടെ സര്‍ക്കാറിലുള്ള സ്വാധീനം കാരണമാണെന്നാണ് ആരോപണം. വിദേശ കമ്പനികള്‍ ഓഹരി വാങ്ങുന്നതോടെ മല്യയ്ക്ക് തല്‍ക്കാലം തടിയൂരാനുള്ള വഴിയാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്.

തങ്ങളെ കബളിപ്പിച്ച് മല്യക്ക് വീണ്ടും വായ്പ നല്‍കി ബാങ്കുകള്‍ തങ്ങളുടെ ഉദാരത തെളിയിച്ചിരുന്നു. തങ്ങള്‍ക്ക് മല്യ നല്‍കാനുള്ള 750 കോടി രൂപ കിങ്ഫിഷറില്‍ ഓഹരിയാക്കുകയാണ് ചില ബാങ്കുകള്‍ ചെയ്തത്. പുറത്ത് ഒരു ഓഹരിക്ക് 39-40 രൂപ വിലയുള്ളപ്പോള്‍ 64 രൂപ 48 പൈസ കൊടുത്താണ് ബാങ്കുകള്‍ ഓഹരി സ്വന്തമാക്കിയത്. കങ്ഫിഷറിന്റെ മാതൃസ്ഥാപനമായ യു.ബി ഗ്രൂപ്പിനും ബാങ്കുകള്‍ ഇതേ രീതിയില്‍ സഹായം ചെയ്തിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് പറയുമ്പോഴും കിങ്ഫിഷര്‍ തലവന്‍ വിജയ് മല്യ ആഡംഭരത്തിന് ഒരു കുറവും വരുത്തുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ അനിശ്ചിതത്വത്തിലായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനെ രക്ഷിക്കാന്‍ അതിന്റെ ഉടമ വിജയ് മല്യയെ നീക്കുകയാണ് ചെയ്യേണ്ടതെന്ന് ഡെക്കാന്‍ ഏവിയേഷന്‍ മേധാവി, ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിജയ് മല്യയെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പിരിച്ചു വിട്ട് കമ്പനിയുടെ നിയന്ത്രണം പൂര്‍ണ്ണമായും സര്‍ക്കാറും ബാങ്കുകളും ഏറ്റെടുക്കണമെന്നും ക്യാപ്റ്റന്‍ ഗോപി പറഞ്ഞു.

‘ഹോട്ട് മോഡലുകളെ ഉപയോഗിച്ച് കലണ്ടര്‍ ഷൂട്ട് നടത്തുകയും ഫോര്‍മുല വണ്‍ കാര്‍ റിസിംഗ് ടീം  ഐ.പി.എല്‍ ക്രിക്കറ്റ് ടീം എന്നിവ വാങ്ങുകയും പരസ്യമായി പാര്‍ട്ടി ജീവിതം നയിക്കുകയും ചെയ്യുന്ന ഒരാളുടെ കമ്പനിയെ രക്ഷിക്കാന്‍ നികുതി ദായകരുടെ പണം ഉപയോഗിക്കുമ്പോള്‍ എതിര്‍പ്പ് സ്വാഭാവികമാണ്. മല്യയുടെ കമ്പനി 400 കോടിയോളം രൂപ നികുതി ബാധ്യത വരുത്തിയിട്ടുണ്ട്. മാത്രമല്ല ബാങ്കുകള്‍ക്കും സേവനദാതാക്കള്‍ക്കുമെല്ലാമായി 10,000 കോടിയോളം രൂപ നല്‍കാനുണ്ട്. ഇതിനിടയിലും കോടികള്‍ വിലയുള്ള വില്ലകളും ദ്വീപും ഉല്ലാസ നൗകകളുമൊക്കെ വാങ്ങുകയാണ് മല്യ. ഇപ്പോഴത്തെ വിപണി വിലയ്ക്കനുസരിച്ച് കിംഗ്ഫിഷറിന്റെ വായ്പ മുഴുവനും ബാങ്കുകള്‍ ഓഹരികളാക്കി മാറ്റണം. ശേഷിക്കുന്ന ബാധ്യത കമ്പനിയുടെ ആസ്തികള്‍ വിറ്റ് നേടണം. എന്നിട്ട് പ്രാഫഷണലായ ഒരു ഡയറക്ടര്‍ ബോര്‍ഡിനെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി തിരഞ്ഞെടുക്കണം’- ക്യാപറ്റന്‍ വ്യക്തമാക്കി.

ചെലവ് കുറഞ്ഞ വിമാനസര്‍വ്വീസുകളുടെ പിതാവ് എന്നറിയപ്പെടുന്ന ജി.ആര്‍ ഗോപിനാഥ് തന്റെ വിമാനക്കമ്പനിയായ എയര്‍ ഡെക്കാന്‍ നേരത്തെ കിംഗ്ഫിഷറിന് വിറ്റിരുന്നു. അതിനെ ‘കിംഗ്ഫിഷര്‍ റെഡ്’ എന്ന് റീ ബ്രാന്‍ഡ് ചെയ്ത് കുറച്ചുകാലം സര്‍വീസ് നടത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം അത് നിര്‍ത്തലാക്കുകയായിരുന്നു.

വയലാര്‍ രവി വ്യോമയാന മന്ത്രിയായിരുന്ന കാലത്ത് നിരവധി തവണ മല്യയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇത്തരത്തില്‍ നടന്നതെന്നാണ് ആരോപണം. കേരളത്തിലുള്‍പ്പെടെ കോണ്‍ഗ്രസ്സിന് തിരഞ്ഞെടുപ്പ് ഫണ്ട് വിജയ് മല്യ നല്‍കാറുണ്ടെന്നും ആക്ഷേപമുണ്ട്.

Malayalam News

Kerala News In English