കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് മുലപ്പാലാണെന്ന് അമ്മമാര്‍ക്കറിയാം. എന്നാല്‍ മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന് എന്തൊക്കെ ഗുണമാണുണ്ടാവുകയെന്ന് പലര്‍ക്കും അറിയില്ല. മുലപ്പാല്‍ ഭാവിയില്‍ കുഞ്ഞിന്  പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. കുട്ടികള്‍ പൊണ്ണത്തടിയന്‍മാരാകുനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ ലൈഫ് സയന്‍സ് വിഭാഗത്തിലെ അധ്യാപകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. മുലപ്പാല്‍ കഴിച്ച് വളരുന്ന കുട്ടികളുടെ വളര്‍ച്ചാഗതി മറ്റ് പാല് കുടിക്കുന്ന കുട്ടികളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഇവര്‍ കണ്ടെത്തി. കൂടാതെ ഈ കുട്ടികള്‍ക്ക് ഭാവിയില്‍ ചില ഗുണങ്ങളും ഇതുമൂലമുണ്ടാകും.

അമ്മയുടെ പാല് വളര്‍ച്ചാ ഹോര്‍മോണായ ഐ.ജി.എഫ്-1 ന്റെ അളവും രക്തത്തിലെ ഇന്‍സുലിന്റെ അളവും കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ മറ്റ് ഭക്ഷ്യസാധനങ്ങള്‍ കഴിക്കാന്‍ തുടങ്ങിയാലും കുട്ടിയുടെ വളര്‍ച്ചാ നിരക്ക് കുറയും. അതുകൊണ്ടുതന്നെ കുട്ടിക്ക് ആരോഗ്യകരമായ ഭക്ഷണരീതി പിന്‍തുടരാനാവും.

എന്നാല്‍ മറ്റ് പാലുകള്‍ ഫാറ്റ് സെല്ലുകളുടെ ഉല്പാദനം വര്‍ധിപ്പിക്കുകയും അതുവഴി കുഞ്ഞിന് തൂക്കം കൂടാനിടയാക്കുകയും ചെയ്യുമെന്നാണ് പഠനത്തില്‍ വ്യക്തമായത്.