എഡിറ്റര്‍
എഡിറ്റര്‍
ബ്രാഹ്മണബീജവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും
എഡിറ്റര്‍
Monday 21st May 2012 9:45pm

ദാഹിച്ചപ്പോള്‍, സവര്‍ണ ജാതിക്കാരന്റെ കിണറ്റില്‍ നിന്ന് വെള്ളം കോരിക്കുടിച്ചു എന്നതിന് ദളിതന്റെ തൊലിയുരിച്ചുകളയുന്ന നാടാണ് ഇന്ത്യ എന്നിരിക്കെ, ഇത്തരത്തിലുള്ള ബ്രാഹ്മണബീജം ദളിതരോ ഒ.ബി.സിക്കാരോ ആയ ദമ്പതികള്‍ക്ക് കിട്ടാനുമിടയില്ല. ബ്രാഹ്മണന്റെ വെള്ളം കുടിച്ചതിനു തന്നെ തൊലിയുരിക്കുന്ന നാട്ടില്‍, ബ്രാഹ്മണന്റെ ബീജം ചോദിച്ചാല്‍, ദളിത്/ഒ.ബി.സി സ്ത്രീയുടെ ഗര്‍ഭ പാത്രം എടുത്തുകളയുന്ന ശസ്ത്രക്രിയ നടത്താനും മതി. ജി പി രാമചന്ദ്രന്‍ എഴുതുന്നു…

ജി.പി. രാമചന്ദ്രന്‍

ലോകപ്രസിദ്ധ നാടകകൃത്തും ബുദ്ധിജീവിയുമായിരുന്ന ജോര്‍ജ് ബെര്‍ണാര്‍ഡ് ഷായോട്, ഫ്രഞ്ച് നടി സാറാ ബേണ്‍ഹാര്‍ട് ഒരിക്കല്‍ ചോദിച്ചത്രെ: എന്റെ സൗന്ദര്യവും താങ്കളുടെ ബുദ്ധിയും ഒത്തു ചേര്‍ന്ന ഒരു കുട്ടിയെ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചെന്തു തോന്നുന്നു മോണ്‍സിയര്‍(പ്രിയാ)? ഷാ ഇപ്രകാരമാണത്രെ പ്രതികരിച്ചത്. ‘ഐഡിയ നല്ലതു തന്നെ; പ്രിയേ പക്ഷെ, എന്റെ സൗന്ദര്യവും താങ്കളുടെ ബുദ്ധിയുമായിട്ടാണ് ആ കുട്ടി ജനിക്കുന്നതെങ്കിലോ!’ പെണ്ണുങ്ങള്‍ക്ക് സൗന്ദര്യം മാത്രമേ ഉള്ളൂ ബുദ്ധി കുറവാണ് എന്ന പുരുഷാധിപത്യ ചിന്തയുടെ കൂടി ഉത്പന്നമാണ് ഈ തമാശ അഥവാ വാസ്തവം എന്നത് കാണാതിരിക്കുന്നില്ല. ഇപ്പോള്‍ അതല്ല കാര്യം. ഇന്ത്യയില്‍, സന്താനസൗഭാഗ്യം ലഭിക്കാത്ത ദമ്പതികള്‍, ബുദ്ധിയും സൗന്ദര്യവും ഒത്തിണങ്ങിയ ബീജങ്ങള്‍ക്കു വേണ്ടി ഷോപ്പിങ്ങ് നടത്തുന്നു എന്നാണ് പത്ര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിലത്ര അത്ഭുതമൊന്നുമില്ല. കാരണം, നമ്മുടെ വൈവാഹികപരസ്യ കോളങ്ങള്‍ നോക്കിയാലറിയാം. വെളുവെളുത്ത കുട്ടികളാണാവശ്യം, സമ്പത്തു വേണം, ആറക്ക ശമ്പളം വേണം, സ്ത്രീധനത്തിന് ഷെയര്‍ എന്ന ഓമനപ്പേരിട്ട് അതും ആവശ്യപ്പെടുന്ന പരസ്യങ്ങള്‍ ധാരാളം. പുറമേക്ക് ആദര്‍ശം നടിക്കുന്ന പുരോഗമന വാദികളും തങ്ങളുടെ കുട്ടികളുടെ വിവാഹക്കാര്യം വരുമ്പോള്‍ ജാതി, സമുദായം, ജാതകം, പണം, തൊലി വെളുപ്പ്, മാന്യത എന്നിങ്ങനെയുള്ള വരേണ്യമാര്‍ഗങ്ങളില്‍ കൂടി തന്നെയാണ് സഞ്ചരിക്കുന്നത്.

ഈ ഭ്രാന്തലോകത്ത് അതുകൊണ്ടു തന്നെ വന്ധ്യതാ നിവാരണ ക്ലിനിക്കുകളിലെത്തുന്ന ദമ്പതികള്‍ ബീജത്തിന്റെ ജാതി അറിയണം എന്ന് ആവശ്യപ്പെടുന്നതില്‍ വിസ്മയം കൊള്ളേണ്ടതില്ല തന്നെ. മരിക്കാന്‍ കിടക്കുന്ന രോഗിക്ക് വൃക്ക മാറ്റിവെക്കാന്‍ വേണ്ടി തങ്ങളുടെ ജാതി-സമുദായത്തില്‍ പെട്ട വൃക്ക തന്നെ വേണമെന്നാവശ്യപ്പെട്ട് പരസ്യം നല്‍കിയ തമാശയും കഴിഞ്ഞ വര്‍ഷങ്ങളില്‍ വായിച്ചിരുന്നു. പുരോഗമന കേരളത്തിലിപ്രകാരമാണെങ്കില്‍, ബീഹാറിലും മറ്റും സ്ഥിതി എന്തായിരിക്കും എന്നൂഹിച്ചാല്‍ മതി. എന്നാല്‍ വാര്‍ത്തകള്‍ വരുന്നത് അവിടെ നിന്നൊന്നുമല്ല. ഇന്ത്യന്‍ ആധുനികതയുടെയും പരിഷ്‌ക്കാരത്തിന്റെയും സിരാകേന്ദ്രമായ മുംബൈയിലെ ട്രിവെക്റ്റര്‍ എന്ന വന്ധ്യതാനിവാരണ ക്ലിനിക്കിന്റെ പ്രസിഡണ്ടായ ദിലീപ് പാട്ടില്‍ കഴിഞ്ഞ ദിവസം പറഞ്ഞത് മുംബൈയില്‍ ഏറ്റവും അധികം ആവശ്യമുള്ളത് ബ്രാഹ്മണ ബീജത്തിനാണ് എന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശ പ്രകാരം, ബീജ ദാതാവിന്റെ മതം മാത്രമേ ഞങ്ങള്‍ വെളിപ്പെടുത്താറുള്ളൂ ജാതി വെളിപ്പെടുത്താറില്ല എന്നും അദ്ദേഹം നിയമാനുസാരിയാകുന്നു. കൂടുതല്‍ ദമ്പതികളും ബീജദാതാവിന്റെ മെഡിക്കല്‍ ഹിസ്റ്ററിയാണ് അന്വേഷിക്കുന്നതെങ്കിലും, അവര്‍ക്കിടയില്‍ ബ്രാഹ്മണന്റേതാണോ എന്നും തൊലിനിറം വെളുപ്പാണോ എന്നും അന്വേഷിക്കുന്നവര്‍ വര്‍ദ്ധിച്ചു വരുന്നു എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്.

ദാഹിച്ചപ്പോള്‍, സവര്‍ണ ജാതിക്കാരന്റെ കിണറ്റില്‍ നിന്ന് വെള്ളം കോരിക്കുടിച്ചു എന്നതിന് ദളിതന്റെ തൊലിയുരിച്ചുകളയുന്ന നാടാണ് ഇന്ത്യ എന്നിരിക്കെ, ഇത്തരത്തിലുള്ള ബ്രാഹ്മണബീജം ദളിതരോ ഒ.ബി.സിക്കാരോ ആയ ദമ്പതികള്‍ക്ക് കിട്ടാനുമിടയില്ല. ബ്രാഹ്മണന്റെ വെള്ളം കുടിച്ചതിനു തന്നെ തൊലിയുരിക്കുന്ന നാട്ടില്‍, ബ്രാഹ്മണന്റെ ബീജം ചോദിച്ചാല്‍, ദളിത്/ഒ.ബി.സി സ്ത്രീയുടെ ഗര്‍ഭ പാത്രം എടുത്തുകളയുന്ന ശസ്ത്രക്രിയ നടത്താനും മതി.

സമാന്തരമായി ഇന്ത്യയില്‍ നടക്കുന്ന കാര്യം കൂടി ചേര്‍ത്തു വായിച്ചാല്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പുരോഗതി ബോധ്യപ്പെടും. യോഗേന്ദ്ര യാദവ്, സുഹാസ് പാല്‍ഷിക്കര്‍ എന്നീ പ്രമുഖ രാഷ്ട്രീയ ശാസ്ത്രജ്ഞര്‍ വിദ്യാഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള ദേശീയ കൗണ്‍സിലിന്റെ (എന്‍.സി.ഇ.ആര്‍.ടി) ഉപദേശകപദവികളില്‍ നിന്ന് രാജി വെച്ചിരിക്കുന്നു. പാര്‍ലമെന്റില്‍ ബഹളമുണ്ടായതിനെ തുടര്‍ന്ന്, മാനവ വിഭവ ശേഷി വകുപ്പു മന്ത്രി കപില്‍ സിബല്‍ ഒരു പാഠപുസ്തകം പിന്‍വലിക്കാന്‍ ഉത്തരവിട്ടതില്‍ പ്രതിഷേധിച്ചാണീ രാജി. പതിനൊന്നാം ക്ലാസിലേക്ക് നിര്‍ദേശിക്കപ്പെട്ടിരുന്ന ആ പാഠപുസ്തകത്തിലെന്താണുണ്ടായിരുന്നത്? ഭരണഘടനാ ശില്‍പിയായ ഡോക്ടര്‍ ബി.ആര്‍. അംബേദ്ക്കര്‍ ഒരു ഒച്ചിനു മുകളില്‍ കയറിയിരിക്കുന്നു. അദ്ദേഹത്തിന്റെ കൈയില്‍ ഒരു ചാട്ടവാറുമുണ്ട്. അതിനു പുറകിലായി പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ കൈയിലും ഒരു ചാട്ടവാറുണ്ട്. ഭരണഘടന നിര്‍മിക്കുന്നതിലെ ഒച്ചിന്റെ വേഗത എന്ന കാപ്ഷന്‍ രചയിതാവായ പ്രസിദ്ധ കാര്‍ടൂണിസ്റ്റ് ശങ്കര്‍ എഴുതിയിരിക്കുന്നു. 1949ലാണ് ഈ കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍, കൃത്യം അറുപത്തി മൂന്നു വര്‍ഷത്തിനു ശേഷം അംബേദ്ക്കറെ അവഹേളിച്ചു എന്നതിന്റെ പേരില്‍ ഇത് വിവാദമായിരിക്കുന്നു. എന്തുകൊണ്ട്?

സ്വതന്ത്ര ഇന്ത്യയുടെ അറുപത്തഞ്ചു വര്‍ഷം നീണ്ട ചരിത്രം ദളിത് വഞ്ചനയുടേതാണെന്ന് മറ്റാരേക്കാളും ഉപരി ദളിത് സമൂഹം വ്യാപകമായി തിരിച്ചറിഞ്ഞിരിക്കുന്നു. 1991ല്‍ ബീഹാറിലെ ഭോജ്പൂരിലുള്ള ബതാനി തോലയില്‍ ഇരുപത്തിയൊന്ന് ദളിതരെ വരേണ്യരുടെ ഗുണ്ടാസംഘമായ രണ്‍വീര്‍ സേന കൂട്ടക്കശാപ്പു ചെയ്തു. ഇതില്‍ പതിനൊന്നു സ്ത്രീകളും ആറു കുട്ടികളും മൂന്നു നവജാതശിശുക്കളും ഉണ്ടായിരുന്നു. പല കുഞ്ഞുങ്ങള്‍ക്കും പേരു പോലും ഇട്ടിട്ടുണ്ടായിരുന്നില്ല. എഫ്.ഐ.ആറില്‍ എന്താണ് എഴുതിയിട്ടുണ്ടാവുക എന്നറിയില്ല. അല്ലെങ്കില്‍, ദളിതര്‍ കൊല്ലപ്പെടുമ്പോള്‍ എന്ത് എഫ്.ഐ.ആര്‍? മണ്ണില്‍ കിടന്നുരുണ്ട്, മണ്ണിനോട് ചേരേണ്ട കറുത്ത തൊലി നിറമുള്ള നിസ്വവര്‍ഗം. അവര്‍ കാനേഷുമാരികളില്‍ നിന്നും സര്‍ക്കാര്‍ രേഖകളില്‍ നിന്നും എല്ലായ്‌പോഴും ഇല്ലായ്മ ചെയ്യപ്പെട്ടു. 2012 ഏപ്രില്‍ 17നാണ് ഈ കൂട്ടക്കൊല ചെയ്തവരെ വെറുതെ വിട്ടു കൊണ്ടുള്ള പാറ്റ്‌ന ഹൈക്കോടതി വിധി വന്നത്. ഫാഷന്‍ വീക്കുകളുടെയും കക്ഷി രാഷ്ട്രീയ വിഭാഗീയതകളുടെയും സോപ്പ് കമ്പനിക്കാര്‍ നല്‍കുന്ന സിനിമാ അവാര്‍ഡുകളുടെയും വാര്‍ത്തകള്‍ സ്ഥലം നിറച്ചതിനാല്‍ ആ വാര്‍ത്ത നമ്മുടെ മുഖ്യധാരാപത്രങ്ങളിലൊന്നും കണ്ടതേ ഇല്ല.നിതീഷ് കുമാറിന്റെ എസ്.സി എസ്.ടി.മന്ത്രി ജീതന്‍ റാം മഞ്ചി ഈ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞ് സ്വയം ആശ്വസിച്ചു.

1997ല്‍ ബീഹാറിലെ തന്നെ ലക്ഷ്മണ്‍ പൂര്‍ ബാത്തെയില്‍ രണ്‍വീര്‍സേനക്കാര്‍ അമ്പത്തിയെട്ട് ദളിതരെ കൂട്ടക്കൊല ചെയ്തു. ഈ കേസില്‍ ചില കൊലയാളികളെ കോടതി ശിക്ഷിച്ചിട്ടുണ്ട്. 1997ല്‍ തന്നെ തമിഴ് നാടിലെ മധുരൈ ജില്ലയിലുള്ള മേലാവളവില്‍ ആറു ദളിതരെ മേല്‍ജാതിക്കാര്‍ കൊലപ്പെടുത്തി. ഇതിനു കാരണമായത്, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി ദളിതനായ മുരുഗേശന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നതായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഈ പ്രസിഡണ്ടുമുണ്ടായിരുന്നു. ഇന്ത്യന്‍ ജനാധിപത്യം നീണാള്‍ വാഴട്ടെ. 1999ല്‍ പഞ്ചാബിലെ, അബോഹറിലുള്ള ഭുംഗാര്‍ കേര ഗ്രാമത്തില്‍ വികലാംഗയായ ഒരു ദളിത് യുവതിയെ നഗ്നയാക്കി തെരുവിലൂടെ പരസ്യമായി നടത്തിച്ചതിന് നേതൃത്വം കൊടുത്തത് നാലു പഞ്ചായത്ത് അംഗങ്ങളായിരുന്നു. 2006 സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയിലുള്ള മഹാര്‍(ദളിത്) ജാതിയില്‍ പെട്ട ഭോത്മാംഗേ കുടുംബത്തിലെ നാലംഗങ്ങള്‍ കൊല്ലപ്പെട്ടു. ഈ കുടുംബത്തിലെ സുരേഖ, പ്രിയങ്ക എന്നീ യുവതികളെ നഗ്നരാക്കി പരസ്യമായി ഗ്രാമമധ്യത്തിലെ തെരുവിലൂടെ നടത്തിച്ചു. അതിനു ശേഷം അവരെ കൂട്ട ബലാത്സംഗം ചെയ്തതിനു ശേഷമാണ് കശാപ്പ് ചെയ്തത്. ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്തറിഞ്ഞും അറിയാതെയും ഇന്ത്യാ മഹാരാജ്യത്തില്‍ നടന്നുകൊണ്ടേയിരിക്കുന്നു.

ഈ പീഡനങ്ങളുടെ മഹാമാരിയില്‍ നിന്ന് പ്രതികാരോര്‍ജം സ്വീകരിച്ചുകൊണ്ടാണ് ഇക്കാലത്ത് ദളിതര്‍ അവരുടെ രാഷ്ട്രീയ സ്വീകാര്യത സ്വയം നിര്‍ണയിക്കുന്നത്. അപ്പോഴാണ്, 1949ലെ ഒരു പഴയ കാര്‍ടൂണ്‍ അകാലികമായി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തപ്പെടുന്നത്. ഇതില്‍ വരേണ്യരായ വിദ്യാഭ്യാസ-ചരിത്ര വിദഗ്ദ്ധര്‍ ഗൂഢാനന്ദം അനുഭവിക്കുന്നുണ്ടാവും. അത് ശ്രദ്ധയില്‍ പെട്ട ഉടനെ, മറ്റു നിവൃത്തിയൊന്നും ഇല്ലാഞ്ഞിട്ടുകൂടിയാവണം, കപില്‍ സിബല്‍ അത് പിന്‍വലിച്ചത് ഉചിതമായ നടപടിയായി. ഉടനെ, ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടേ എന്നാര്‍ത്തു വിളിച്ചുകൊണ്ട് ഏതാനും ദേശീയ/ഇംഗ്ലീഷ് ദിനപത്രങ്ങള്‍ എഡിറ്റോറിയല്‍ പേജുകള്‍ നിറക്കുന്നുണ്ട്. അത് അവരുടെ വരേണ്യ ധര്‍മം. 1949ല്‍ ഇത് എന്തുകൊണ്ട് വിവാദമായില്ല എന്നാണ് തര്‍ക്കവിശാരദന്മാരായ ചിലരുടെ ചോദ്യം. അംബേദ്ക്കര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നും ചെറുപ്പമായിരുന്നു എന്നതും ഒരു കാരണം. എന്നാലിന്ന്, നീണ്ട പതിറ്റാണ്ടുകളുടെ വഞ്ചനക്കു ശേഷമുള്ള ദളിത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ കാലഘട്ടമാണെന്ന തിരിച്ചറിവാണ് ഈ പ്രതിഷേധം സൂചിപ്പിക്കുന്നത്.
ദളിതര്‍ പ്രത്യക്ഷവും പരോക്ഷവുമായ കൂട്ടക്കശാപ്പുകളിലൂടെ ഇല്ലാതാക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, ആധുനിക സന്താനോല്‍പാദന വിദ്യകളിലൂടെ ബ്രാഹ്മണബീജങ്ങള്‍ സുന്ദരക്കുട്ടപ്പന്മാരായി ജനിച്ചുകൊണ്ടേയിരിക്കുന്നതിലൂടെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കട്ടെ.

കടപ്പാട്: സിറാജ്‌

Advertisement