വായന/മനോജ്കുമാര്‍ കൊയ്യം

പുസ്തകം: നരിപ്പുള്ളിച്ചി
എഴുത്തുകാരന്‍ : കെ. ഷെരീഫ്
വിഭാഗം: വരയും എഴുത്തും
വില: 70 രൂപ
പ്രസാധകര്‍: ഒലിവ്, കോഴിക്കോട്‌

 

ചിത്രങ്ങള്‍ വെറും ചിത്രങ്ങള്‍ മാത്രമല്ല. വരകളില്‍ ജീവിതം നിറച്ചു വയ്ക്കുന്ന അനുഭവ സമൃദ്ധിയുണ്ട് അതിനു പിന്നില്‍. വരയും എഴുത്തും ഒരുപോലെ വഴങ്ങുന്ന കെ.ഷെരീഫിന്റെ ആദ്യപുസ്തകമാണ് ‘നരിപ്പുള്ളിച്ചി’. ഉടലില്‍ മൃഗത്തിന്റെ കലയുള്ള തീരെ ചെറിയ ഒരു നാട്ടുമീനാണ് നരിപ്പുള്ളിച്ചി എന്ന് പുസ്തകത്തിന്റെ പുറം ചട്ടയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പ്രകൃതിയിലെ ഓരോ ദൃശ്യത്തിലും ഒറ്റനോട്ടത്തില്‍ കാഴ്ചപ്പെടാത്ത സൂക്ഷ്മ ഇടങ്ങളുണ്ടെന്ന് ഈ വാചകവും ഷെരീഫിന്റെ ചിത്രങ്ങളും വായനക്കാരന് മുന്നറിയിപ്പ് നല്‍കുന്നു.

ഒരു ചിത്രമെഴുത്തുകാരന്റെ വരയും എഴുത്തും സവിശേഷമായ രീതിയില്‍ സന്നിവേശിപ്പിച്ച ഇത്തരമൊരു പുസ്തകം മലയാളത്തില്‍ ആദ്യമായിരിക്കും. വാരാദ്യ മാധ്യമത്തില്‍ പല  അവസരങ്ങളില്‍ ആയി വന്ന കുറിപ്പുകളും മറ്റുചില ലേഖനങ്ങളും മനോഹരമായ വരകളുമാണ് ഈ പുസ്തകത്തിലെ വിഭവങ്ങള്‍. ആദ്യം മാധ്യമം ആഴ്ചപ്പതിപ്പിലും ഇപ്പോള്‍ മാതൃഭൂമിയിലും വരക്കുന്ന ഷെരീഫിന്റെ ചിത്രങ്ങള്‍ മലയാളിക്ക് സുപരിചിതമാണ്. നമ്മുടെ രേഖാ ചിത്ര ദൃശ്യബോധത്തെ ഇത്രയധികം അട്ടിമറിച്ച മറ്റൊരു ചിത്രകാരന്‍ വേറെയില്ല. അനാട്ടമിയുടെ അളവുകോല്‍ വലിച്ചെറിഞ്ഞ് വടിവില്ലാത്ത വരകള്‍ കൊണ്ട് നമ്മുടെ മനസ്സിലേക്ക് ആശയങ്ങളെ ആഴത്തില്‍ വരച്ചിടുന്നു ഈ ചിത്രകാരന്‍. പുസ്തകത്തിലെ ‘നരിപ്പുള്ളിച്ചി’ എന്ന ആദ്യകുറിപ്പില്‍ ഒരു നാട്ടുകിണറിനെക്കുറിച്ച് പരാമര്‍ശമുണ്ട് ‘കല്ലുകെട്ടിതേക്കാത്ത നിരയൊത്ത പടവുകളില്ലാത്ത ഒരു കിണര്‍’ ഇത് ഷെരീഫിന്റെ ചിത്രങ്ങള്‍ക്കുള്ള മുഖവാക്യമാണ് .

ദാരിദ്ര്യം കൊണ്ടു വലിഞ്ഞു മുറുകുന്ന ജീവതത്തെ ഇത്രയധികം തീഷ്ണമായി ആവിഷ്‌ക്കരിക്കാന്‍ കഴിയുന്ന ചിത്രകാരന്‍ വേറെയില്ല. സമൃദ്ധമല്ലാത്ത വരകള്‍ കൊണ്ട് ഏറെ ആഖ്യാന സാധ്യതകള്‍ നല്‍കുന്നു ഷെരീഫിന്റെ ചിത്രങ്ങള്‍. അവിടെ ആയിരം വാക്കിന് പകരമാണ് ഒരു വര. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം പഴയ മനുഷ്യന്റെ നന്മയുടെ ഉറവിടമാണ്. കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലത്തെ ഷെരീഫ് വരച്ചതുപോലെ മറ്റൊരു മലയാളിയും കടലാസിലേക്ക് പകര്‍ത്തിയിട്ടുണ്ടാവില്ല.

സമൂഹത്തിന്റെ അടിത്തട്ടില്‍ ഉള്ള മനുഷ്യാനുഭവങ്ങളാണ് ഷെരീഫിന്റെ  ചിത്രങ്ങളില്‍ നിറയുന്നത്. അവിടെ  കാക്കയും കോഴിയും മറ്റ് ജീവജാലങ്ങളുമുണ്ട്. അതില്‍ വേട്ടക്കാരനും ഇരയും ഇല്ല. ഉള്ളതെല്ലാം ഇരകള്‍ മാത്രം. അതുകൊണ്ടു തന്നെ ചിത്രശലഭത്തെ പിടിക്കാന്‍ വരുന്ന പല്ലി മെലിഞ്ഞിരിക്കുന്നു. വാല് മുറിഞ്ഞു പോയിരിക്കുന്നു. ജീവിതത്തിലെ വേഷം കെട്ടലുകള്‍ അതിജീവനത്തിനുള്ള വഴികള്‍ മാത്രമാണ് എന്ന് ഈ ചിത്രം സങ്കടത്തോടെ പറഞ്ഞു തരുന്നു.

കഥകളുടെയും കവിതയുടെയും ചിത്രീകരണത്തിന് വരക്കുന്ന ചിത്രങ്ങള്‍ക്ക് സ്വതന്ത്രമായ നിലനില്പുണ്ട്. സാഹിത്യ വായനയ്ക്ക് വേണ്ട മണ്ണൊരുക്കല്‍ മാത്രമല്ല അവിടെ നടക്കുന്നത്. ഒരു പ്രത്യേക മൂഡ് സൃഷ്ടിച്ചെടുക്കല്‍ തന്നെ. ഒരേ പുഴയില്‍ രണ്ടു തവണ ഇറങ്ങാനാവില്ലെന്ന പ്രശസ്ത വാക്യം സാഹിത്യത്തിനേക്കാള്‍  കൂടുതല്‍    ചിലപ്പോള്‍ ചിത്രങ്ങള്‍ക്കാണ് ചേരുക. ഒരേ ചിത്രം പല തവണ കാണുമ്പോള്‍ പല മാനസികാവസ്ഥ ആയിരിക്കും കാഴ്ചക്കാരില്‍ ഉണ്ടാക്കുക. അത്രക്കുണ്ട് ചില ചിത്രങ്ങളുടെ ധ്വനിപ്പെടല്‍.

ഒറ്റനോട്ടത്തില്‍ തന്നെ എല്ലാം വെളിപ്പെടുന്നതാണ് ചില വരകള്‍ അവിടെ കാഴ്ചക്കാരന് പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ല. ദൃശ്യമാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത ഈ സംസ്‌കാരത്തോട് നിരന്തരം കലഹിച്ചുകൊണ്ടുവേണം ഓരോ ചിത്രകാരനും വായനാ ക്കാരന്റെ മനസ്സില്‍ ഇടം തേടാന്‍.

യാഥാര്‍ത്ഥ്യത്തെ അതുപോലെ ആവിഷ്‌കരിക്കുന്ന ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും അപ്പുറം ഭാവനയുടെ അംശങ്ങള്‍ കലര്‍ത്തി  ചിത്രങ്ങളെ  വേറിട്ടതാക്കേണ്ടതുണ്ട് . എന്നാല്‍ ഉത്തമ അനുഭൂതിയെ ഉണര്‍ത്തുന്ന സൂക്ഷമവും സാന്ദ്രവുമായ ചിത്രങ്ങള്‍ ഷെരീഫിന്റെതായി ഈ പുസ്തകത്തില്‍  നിറഞ്ഞു നില്‍ക്കുന്നു. അല്പം നൊസ്സുള്ള  മൂസ്‌ക്കയുടെ കദനം പറയുന്ന കുറിപ്പിന് വേണ്ടി വരച്ച മൂസ്‌ക്കയുടെ ചിത്രം അത്തരത്തില്‍ മാറി നില്‍ക്കുന്നതാണ്. ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന മെലിഞ്ഞ മൂസ്‌ക്കയ്ക്കു മുമ്പില്‍ കുന്നുകളും തെങ്ങുകളും ചെറുതായിപ്പോവുന്ന ഈ ചിത്രം സവിശേഷമായ വീക്ഷണകോണ്‍ കാഴ്ചക്കാരന് സമ്മാനിക്കുന്നുണ്ട്.

മലയാളത്തിലെ മുഖ്യ പ്രസിദ്ധീകരണങ്ങളില്‍ ഇതുവരെ ഏതു തരത്തിലുള്ള ഇല്ലസ്‌ടേഷനാണ് പിന്‍തുടര്‍ന്ന് വന്നിരുന്നത് എന്ന് പുനര്‍വിചിന്തനം നടത്താന്‍ പുതിയ  കാല ചിത്രമെഴുത്തകാരിലൂടെ നമുക്ക് സാധിക്കും. യാതൊരു പശ്ചാത്തല ചിത്രീകരണവുമില്ലാതെ കഥയിലെ കഥാപാത്രങ്ങള്‍ ജനപ്രിയ സിനിമയിലെ നായകനെപ്പോലെ പേജുകളില്‍ നിറഞ്ഞാടുമ്പോള്‍ പുതിയ തലമുറിയിലെ ചിത്രമെഴുത്തുകാര്‍ അതില്‍ നിന്നു മാറി നടക്കുന്നു. ഈ  ഗ്രൂപ്പില്‍ പ്രധാനി ഷെരീഫാണ്. ഭുമിക്ക് അവകാശികളെല്ലാം ജീവിത്തിനും അവകാശികളാണെന്ന തിരിച്ചറിവില്‍ കഥയുടെ ഓരങ്ങളില്‍ അവര്‍ നിറഞ്ഞു നില്‍ക്കുന്നതു കാണാം. പുല്ലും  പുല്‍ച്ചാടിയും ഉറുമ്പും തേരട്ടയും ഉള്‍പ്പെടെ വിശാലമായ ലോകം നാളിതേവരെ കഥാചിത്രണത്തിന്റെ ഭാഗമായി നമ്മള്‍ കണ്ടു മുട്ടിയുട്ടാണ്ടാവില്ല.

അധികം വരയ്ക്കാതെയുള്ള ചിത്രത്തിന്റെ ധ്വനിപ്പിക്കല്‍ ഷെരീഫിന്റെ എഴുത്തിലുമുണ്ട്. അങ്ങനെയാണ് എഴുത്ത് കവിതയായി മാറുന്നത്. കുറച്ചുവാക്കുകള്‍ കൊണ്ടുള്ള ആകാശം തീര്‍ക്കല്‍. വരയില്‍ ആശയം  നിറയുന്നതുപോലെ വാക്കില്‍ ചിത്രങ്ങള്‍ നിറയുന്ന അവസ്ഥ. പുസ്തകത്തിലെ ‘നരിപ്പുള്ളിച്ചി’ എന്ന ഒന്നാം കുറിപ്പില്‍ കുട്ടിക്കാലത്തെ കാല്പനികമായ ഗൃഹാതുര സ്മരണകള്‍ മാത്രമല്ല . അത് ഒരേ സമയം പ്രകൃതിയുടെ പച്ചപ്പ്് നഷ്ടപ്പെടുന്നതിന്റെ പിടച്ചിലും മീനിന്റെയും മനുഷ്യന്റെയും സ്വാതന്ത്ര്യമോഹം കൂടിയാണ്. മൂസ്‌ക്ക എന്നയാളിന്റെ ഭ്രാന്തജീവിതം അടയാളപ്പെടുത്തുന്ന അടുത്ത അദ്ധ്യായം അരികാക്കപ്പെടുന്ന മനുഷ്യജീവതത്തിനോടുള്ള സ്‌നേഹാക്ഷര ങ്ങളാണ്. നൊസ്സുള്ള ഒരാളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നും സാമാന്യജീവിതത്തിന്റെ യുക്തി അയാള്‍ക്കുമുന്നില്‍ എങ്ങനെ പരാജയപ്പെടുന്നു എന്നും ഈ കുറിപ്പിലൂടെ കടന്നുപോവുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘എന്റെപുസ്തകം’ എന്ന പ്രിയപ്പെട്ട പുസ്തക പംക്തിയില്‍ പ്രശസ്തരൊക്കെ ക്ലാസിക്ക് പുസ്‌കതങ്ങളെ വാഴ്ത്തുമൊഴികള്‍ കൊണ്ടു മൂടിയപ്പോള്‍ ഷെരീഫ് വരച്ചിട്ടത് ഏഴാം ക്ലാസ്സിലെ പഴയ മലയാളം പാഠാവലിയെക്കുറിച്ചാണ്. ഇത് നഷ്ടപ്പെട്ടതിനെ ചേര്‍ത്തുവെക്കല്‍ മാത്രമല്ല. പുതിയകാലത്തെ വിദ്യാഭ്യാസത്തിന്റെ പൊള്ളത്തരങ്ങള്‍ക്ക് നേര്‍ക്കുള്ള പ്രത്യയശാസ്ത്രനിലപാടുകൂടിയുണ്ട് ഈ തിരഞ്ഞെടുപ്പിന് പിന്നില്‍.

ഇങ്ങനെ ഏറ്റവും ലളിതമായി, ഉച്ചക്കാറ്റിലെ മെലിഞ്ഞു നീണ്ട വഴികളിലൂടെ നാട്ടിന്‍ പുറത്തുകൂടെ ഒരു സഞ്ചാരം. മലയാളി നയിച്ച ലളിത ജീവതത്തിന്റെ പച്ചയായ രേഖപ്പെടുത്തല്‍. ആഡംബര ജീവിതത്തോടൊപ്പം നമുക്ക് നഷ്ടമായ നന്മയുടെ തുരുത്തുകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ഇതൊക്കെയാണ് ഈ പുസ്തകം. സ്ഥലം കുറച്ച് ഉപയോഗിച്ച് കൂടുതല്‍ ആശയത്തെ വിനിമയം ചെയ്യുന്നതില്‍ ‘കവിത’യാണ് മുന്‍ പന്തിയില്‍ എന്നാല്‍ ഷെരീഫിന്റെ ചില ചിത്രങ്ങള്‍ ഇവിടെ കവിതയെ തോല്പിക്കുന്നു.

ഇലസ്‌ട്രേഷന്റെ ഭാഗമായി ആഴ്ചപ്പതിപ്പുകളില്‍ ഷെരീഫ് വരച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ ചിലപ്പോഴെങ്കിലും കഥാകാരന്റെ / കവിയുടെ വാക്കുകളെ, ചിത്രങ്ങളിലൂടെ അപ്രസക്തമാക്കാറുണ്ട്. ഷെരീഫ് വരക്കുമ്പോള്‍ എഴുത്തുകാരന്‍ നേരിടുന്ന ‘ഭീഷണിയും’ ഇതായിരിക്കാം. അതോടൊപ്പം വായനക്കാരുടെ പ്രതീക്ഷയും..

എല്ലാ കലയിലും പുലര്‍ത്തേണ്ട മാനവികത, പ്രകൃതിയോടുള്ള ഇണങ്ങലും സ്‌നേഹവും , പൊതു സമൂഹത്തില്‍ നിന്നും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് തെറിച്ചു നില്‍ക്കുന്നവരോടുള്ള സ്‌നേഹവും കരുണയും, ദാരിദ്ര്യത്തെ ഒരു കുറ്റമായി കാണാതെ സ്‌നേഹത്തോടുകൂടി അതിനെ പുണരുന്നത് ഇതൊക്കെയായിരിക്കും ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നത്.