ന്യൂദല്‍ഹി: വാഹനങ്ങളുടെ ഗ്ലാസുകളില്‍ കറുത്ത ഫിലിമുകള്‍ പതിക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. അഭിഷേക് ഗോയങ്ക സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ്  സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.

മോട്ടോര്‍ വാഹന നിയമത്തില്‍ അനുവദിച്ചതിലധികം കറുത്ത ഫിലിമുകള്‍ വാഹനങ്ങളുടെ ഗ്ലാസുകളില്‍ പതിക്കരുതെന്നും സുരക്ഷക്കായി കറുത്ത ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശം തയാറാക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

വാഹനങ്ങളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമുള്ള വിന്‍ഡ്‌സ്‌ക്രീന്‍ ഗ്ലാസുകള്‍ 70% കാഴ്ച ലഭിക്കുന്ന വിധത്തില്‍ സുതാര്യമായിരിക്കണമെന്നും, ഡോര്‍ ഗ്ലാസുകള്‍ 50% കാഴ്ച കിട്ടുന്ന വിധത്തിലുള്ളതായിരിക്കണമെന്നുമാണ് മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്നത്. അതീവസുരക്ഷ നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഇനിമുതല്‍ കറുത്ത ഫിലിമുകളുള്ള ഗ്ലാസുകള്‍ ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയൂ. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

വാഹനങ്ങളിലെ കറുത്ത ഫിലിമുകള്‍ ക്രിമിനലുകള്‍ രക്ഷപ്പെടാന്‍ സഹായിക്കുന്നു,  ഇത്തരം വാഹനങ്ങള്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഭിഷേക് ഗോയങ്ക ഹരജി സമര്‍പ്പിച്ചത്. 2007ല്‍ വാഹനങ്ങളില്‍ കറുത്ത ഫിലിമുകള്‍ നിരോധിച്ചുകൊണ്ട് ദല്‍ഹി ഹൈക്കോടതി വിധി വന്നിരുന്നു.

Malayalam News

Kerala News in English