പാറ്റ്ന: മാവോവാദികള്‍ തട്ടികൊണ്ടു പോയ പോലിസുകാരില്‍ ഒരാളെ കൊലപ്പെടുത്തി. അഭയ് യാദവിനെയാണ് വധിച്ചത്. രണ്ടാമത്തെ അന്ത്യശാസനവും വ്യാഴാഴ്ച രാവിലെ അവസാനിച്ചിട്ടും സര്‍ക്കാര്‍ മാവോവാദികളുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാത്തതിനാലാണിത്. മൂന്നു പോലിസുകാര്‍ ഇപ്പോഴും മാവോവാദികളുടെ തടവിലാണ്.
വ്യാഴാഴ്ച ചേരുന്ന ജന അദാലത്തില്‍ പോലിസുകാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മാവോവാദികളുടെ വക്താവ് അവിനാശ് ഒരു പ്രാദേശിക ചാനലിനെ വിളിച്ചറിയിച്ചിരുന്നു.
ലാഖിസരായ് ജില്ലയില്‍ പിടിയിലായ എട്ടു മാവോവാദികളെ വിട്ടയച്ചില്ലെങ്കില്‍ ഏറ്റുമുട്ടലിനിടെ തട്ടികൊണ്ടുപോയ നാലു പോലിസുകാരെ വധിക്കുമെന്നാണ് മാവോവാദികള്‍ അറിയിച്ചത്. എന്തു സംഭാവിച്ചാലും അതിനുത്തരവാദി സംസ്ഥാന സര്‍ക്കാരായിരിക്കുമെന്ന് അവിനാശ് പറഞ്ഞു.
എന്നാല്‍ പോലിസുകാരുടെ ഹതാശരായ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അവരുടെ വിടുതലിനായി ഇപ്പോഴും അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം ബന്ദിയാക്കപ്പെട്ട പോലിസുകാരന് അജയ് യാദവിന്റെ ഭാര്യ രജ്നി നിതീഷ് കുമാറിന്റെ വീടിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയെങ്കിലും അസുഖത്തെത്തുടര്‍ന്ന് ആശുപത്രില്‍ പ്രവേശിപ്പിച്ചു.

