Categories
boby-chemmannur  

ബട്ടൂര

കപ്പച്ചെടിയുടെ ഇല ജനലിലൂടെ പുറത്തേക്ക് നീണ്ടുതുടങ്ങി. ഇളം പച്ച നിറത്തിലുള്ള ഇലകള്‍. അപ്പന്‍ അതിന്റെമേല്‍ പതിയെ സ്പര്‍ശിച്ചു. സ്വന്തം കുഞ്ഞിനെ ആദ്യമായി തൊടുന്ന ഭീതിയോടെ. ആര്‍ത്തി പൂണ്ടി ഒരു നോട്ടം അതിന്റെ രണ്ടു ശിഖരങ്ങളിലൂടെ അപ്പന്‍ പായിച്ചു. നര പടര്‍ന്ന കാഴ്ചകള്‍ക്കു മുമ്പില്‍ ആ കപ്പച്ചെടി എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാനാവും.

ഉലഹന്നാന്‍ കുന്നിന്റെ ചരിവുകളില്‍ കറുത്തമണ്ണില്‍ മഴവീഴുന്ന ദിവസം. മണ്‍കൂനകള്‍ക്കു മേല്‍ അപ്പന്‍ നട്ട കപ്പത്തണ്ടുകളില്‍ മുളപൊട്ടുന്നു. വെയില്‍വീശിത്തുടങ്ങുന്ന ഏതെങ്കിലും പ്രഭാതത്തിലാവും ആ മുള പടരുക. പിന്നെ വിയര്‍പ്പുപൊടിഞ്ഞ നെറ്റി ഉയര്‍ത്തി അപ്പന്‍ ഓരോ ചെടിയുടെയും അടുത്തുകൂടി വേഗത്തില്‍ നടക്കും. അതുപോലെ…. അപ്പന്‍ എന്താവും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവുക. ഉലഹന്നാന്‍കുന്നിന്റെ ചെരിവുകളിലേക്കുള്ള യാത്രയായിരിക്കും.

മഹാനഗരങ്ങളിലെ ഫ്‌ളാറ്റില്‍ നിന്ന് ആ കപ്പച്ചെടി വളര്‍ന്നു പന്തലിക്കുകയാണ്. അപ്പന്റെ മോഹങ്ങള്‍ പോലെ. അപ്പനെന്തിനാ ഫ്‌ളാറ്റിലെ ഈ മുറിയില്‍ ചാക്കില്‍മണ്ണുനിറച്ച് കപ്പത്തണ്ട് നട്ടുമുളപ്പിക്കുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എലിസബത്ത് പലതവണ ദേഷ്യപ്പെടുകയും ചെയ്തു. ‘ എന്റെ കാലം കഴിയുന്നവരെ ഇത് ഞാന്‍ എവിടെപോയാലും എന്റകൂടെ ഉണ്ടാവും’ അപ്പന്‍ അവളോടു പറഞ്ഞു.

അവര്‍ പിറുപിറത്തുകൊണ്ടു കുഞ്ഞു സെലീനയെയും വലിച്ചു അടുക്കളയിലേക്ക് പോയി. അപ്പന്‍ ചിരിച്ചു. ‘ എന്റെ മോനെ… നിനക്ക് ഓര്‍മയുണ്ടോ… കുഞ്ഞുനാളില് എന്റെ കൂടെ തോട്ടത്തില്‍ വന്ന് നീ മണ്ണുവാരിതിന്നത്… കപ്പച്ചെടിയുടെ ചുവട്ടില്‍ നിന്നു മണ്ണിവാരിയതിന് നിന്നെ അടിച്ചത്….’ അപ്പന്റെ ശബ്ദത്തില്‍ തണുത്തു കയറുന്ന മണ്ണിന്റെ ചൂര്. മണ്ണപ്പത്തിന്‍െരയും വയല്‍ചെളിയുടേയും മണം.

വയനാട്ടിലെ മണ്ണ് വിറ്റ് ഈ മഹാനഗരത്തിലെ ഫളാറ്റിലേക്ക് ജീവിതം പറിച്ചുനട്ടപ്പോള്‍ അപ്പനെയും അമ്മയെയും കൂട്ടി. മനസ്സില്ലാ മനസ്സോടെയാണ് അവര്‍ വന്നത്. എലിസബത്തിന് അവരെ ഇഷ്ടമായിരുന്നില്ല ഒരിക്കലും. അവള്‍ എന്തുപറഞ്ഞാലും അപ്പന്‍ ഒന്നും മിണ്ടാറില്ല. അമ്മ കത്തിജ്വലിക്കുന്ന ഒരു വാക്കെടുത്ത് അവള്‍ക്കുനേരെ എറിഞ്ഞാലായി.

അമ്മയുടെ ചട്ടയും മുണ്ടും അടുക്കളയിലെ എച്ചില്‍പാത്രങ്ങളിലേക്ക് മുങ്ങിത്താഴുമ്പോള്‍ എലിസബത്ത് ഉറക്കെ പ്‌രാകും. തൊട്ടടുത്ത ഫ്‌ളാറ്റിലെ അശോകന്റെ ഭാര്യ ജനല്‍തുറന്ന് നോക്കുമോ എന്ന് ഭയം ജനിപ്പിക്കുന്നതാണ് എലിസബത്തിന്റെ ഒച്ച. സെലീന ഇടയ്ക്ക് അപ്പന്റെ മടിയില്‍ കയറി ഇരുന്ന് ഉലഹന്നാന്‍ കുന്നിലേക്ക് ഒരു യാത്രപോകും.

വാറ്റുചാരായം മണക്കുന്ന ഇടവഴിയും, ചാഞ്ഞുപെയ്യുന്ന മഴയില്‍ കുതിര്‍ന്ന് വയല്‍വരമ്പും കടന്ന് അവര്‍ പോകുമ്പോള്‍ അമ്മയും അവരോടൊപ്പം കൂടും. എലിസബത്ത് ജോലിസ്ഥലത്തേക്ക് പോയ ഏതെങ്കിലും പകലിന്റെ ഇടനാഴിയിലൂടെയാകും അവര്‍ മൂവരുടേയും യാത്ര.

കുടിയേറ്റത്തിന്റെ കാലങ്ങളില്‍ വയനാടന്‍ മണ്ണിന് യൗവനത്തിന്റെ തീഷ്ണരുചി. സെലീന ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ ഉലഹന്നാന്‍ കുന്നിലേക്ക് പറന്നുകയറും. വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാണിച്ച്, ദിനേശ് ബീഡിയുടെ മണം നിറച്ച് അപ്പന്‍ ചിരിക്കും. നോക്കെത്താ ദൂരം പരന്നുകിടക്കുന്ന വയലുകള്‍, വന്‍മരങ്ങള്‍ക്കു കീഴെ ഒളിച്ചിരിക്കുന്ന കറുത്ത മണ്ണ്.

‘ ദേ മനുഷ്യാ, അതിനെ നോട്ടമിടണ്ടാ അത് പുണ്യാളന് നേര്‍ച്ചയാക്കീതാ..’ അമ്മ മുന്നറിയിപ്പിന്റെ ഭാണ്ഡമഴിക്കും

കുറുക്കനും ചീവീടുകളും അണ്ണാനും കാട്ടുപൂച്ചയും കാട്ടുപന്നിയും പേരറിയാത്ത ഒരുപാടു പക്ഷികളും ചേക്കയിരിക്കുന്ന ഉലഹന്നാന്‍കുന്ന. താഴ് വരകളിലെ വയലില്‍ പകലിന്റെ പെയ്‌തൊഴിയലില്‍ തവളകള്‍ ആര്‍ത്തിപിടിച്ച് ഇരുട്ടിനെ തിന്നു തുടങ്ങും. അപ്പന്റെ നെഞ്ചോട് ചേര്‍ന്ന് ഉരുകിയൊളിച്ചിരിക്കുന്ന കറുത്ത മണ്ണ്. കുറുക്കനും ചീവിടുകളും അണ്ണാനും കാട്ടുപൂച്ചയും കാട്ടുപന്നിയും പേരറിയാത്ത ഒരുപാടു പക്ഷികളും ചേക്കേറിയിരിക്കുന്ന ഉലഹന്നാന്‍കുന്ന.

താഴ്‌വരകളിലെ വയലില്‍ പകലിന്റെ പെയ്‌തൊഴിയലില്‍ തവളകള്‍ ആര്‍ത്തിപിടിച്ച് ഇരുട്ടിനെ തിന്നുതുടങ്ങും. അപ്പന്റെ നെഞ്ചോട് ചേര്‍ന്ന് ഉരുകിയൊലിച്ച് ഉറക്കത്തിന്റെ പുതപ്പിലേക്ക് താഴുന്ന രാത്രികള്‍. അക്കരെ കുന്നില്‍നിന്ന് കുറക്കന്റെ ഓരിയിടല്‍. കോഴിക്കൂടിന്റെ ദൈന്യതയോര്‍ത്ത് അമ്മയുടെ പരിദേവനം.

ആളുകളെ ഓടിച്ചിട്ട് കൊത്തുന്ന ചുവന്ന പൂവന്‍കോഴിയെ സെബസ്ത്യനോസിന്റെ പേരിലുള്ള ഇടവകപള്ളിയിലേക്ക് അമ്മ നേര്‍ച്ച നേര്‍ന്നിരുന്നു. വാറ്റുചാരായത്തിന്റെ എരിച്ചിലില്‍ വന്നുകയറുന്ന രാത്രികളില്‍ അപ്പന്‍ കോഴിക്കൂട്ടിലേക്ക് കാട്ടുപൂച്ചയെപ്പോലെ പാളിനോക്കും. അപ്പോള്‍ അപ്പന്റെ വായില്‍ വെള്ളമൂറുന്നതായി തോന്നും.

‘ ദേ മനുഷ്യാ, അതിനെ നോട്ടമിടണ്ടാ അത് പുണ്യാളന് നേര്‍ച്ചയാക്കീതാ..’ അമ്മ മുന്നറിയിപ്പിന്റെ ഭാണ്ഡമഴിക്കും. പാടകെട്ടിയ കഞ്ഞിക്കലത്തിലെ അവസാന വറ്റും പുഴുങ്ങിയ കപ്പക്കിഴങ്ങും കാന്താരി മുളകിന്റെ ചമ്മന്തിയും തൊട്ടനക്കി അപ്പന്‍ പൂവന്‍കോഴിയെ ആസ്വാദിക്കും.

അടുത്ത പേജില്‍ തുടരുന്നു

Page 1 of 212
Tagged with:

Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include() [function.include]: Failed opening 'comments_old.php' for inclusion (include_path='.:/usr/lib/php:/usr/local/lib/php') in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1
malmalmalmal