എഡിറ്റോ-റിയല്‍/ ബാബുഭരദ്വാജ്

പഞ്ചവാദ്യം പോലെ പഞ്ചാരിമേളം പോലെ  അഞ്ചാം മന്ത്രിയും കേരളത്തിലെ യു.ഡി.എഫ് ഭരണത്തിന്റെ പൂരത്തിന് മേളക്കൊഴുപ്പേകുന്നു. കണ്ടത് രസകരം. കാണാനിരിക്കുന്നത് അതിലേറെ രസകരം. പഞ്ചാരിമേളത്തില്‍ നിലതെറ്റി പൂരപ്പറമ്പില്‍ മദംപൊട്ടിയോടുന്ന കൊമ്പനാനകളെ കാണുമ്പോഴാണ് ഭയംതോന്നുന്നത്. അഞ്ചാം മന്ത്രി വിവാദം എല്ലാതരം അപകടകരമായ ഛിദ്രവാസനകളെയും ചങ്ങലപൊട്ടിച്ചഴിഞ്ഞാടാന്‍ അവസരമുണ്ടാക്കിയെന്നതാണ് അതിലേറെ ഭയാനകം.

എത്രമന്ത്രിമാര്‍ വേണമെന്നതും ആരൊക്കെ മന്ത്രിയാവണമെന്നതും ഭരണക്കാരുടെ കാര്യമാണ്. എന്നാല്‍ അതൊക്കെ ജനങ്ങളുടെ കീശ പൊക്കറ്റടിച്ചാവുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റുന്നില്ല.

സാമുദായിക സമവാക്യം തെറ്റിച്ചെന്ന വാദത്തോടും ഞങ്ങള്‍ യോജിക്കുന്നില്ല. ന്യൂനപക്ഷങ്ങളില്‍ നിന്ന് ഒന്നോ രണ്ടോ മന്ത്രിമാര്‍ കൂടിയാല്‍ എല്ലാം കുട്ടിച്ചോറാകുമെന്ന വാദത്തോടും ഞങ്ങള്‍ക്ക് യോജിപ്പില്ല. ജനാധിപത്യം മതാധിപത്യം അല്ലെന്നാണ് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നത്. മതങ്ങളെയല്ല നമ്മള്‍ വോട്ടുനല്‍കി ജയിപ്പിക്കുന്നത്. മതങ്ങള്‍ക്കാണ് വോട്ടുനല്‍കുന്നതെന്ന ധാരണയുണ്ടാക്കുന്നത് ജനാധിപത്യത്തിന് ആപത്കരവുമാണ്.

ഇപ്പോഴത്തെ വിവാദം മതങ്ങളെയും ജാതികളെയും രാഷ്ട്രീയത്തില്‍ സ്ഥിരപ്രതിഷ്ഠിതരാക്കാനേ ഉപകരിക്കൂ. നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ ജനാധിപത്യം ഉപേക്ഷിച്ച് മതാധിപത്യത്തിലേക്ക് കൂറുമാറുന്നതിന്റെ സൂചനകൂടിയാണത്. മതങ്ങളുടെ ശതമാനം നോക്കി മന്ത്രിപദങ്ങള്‍ പങ്കുവയ്ക്കുന്നതിനോടും ഒരിക്കലും യോജിക്കാനുമാവില്ല.

കേരളംപോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷത്തില്‍ നിന്ന് ഒന്നോ രണ്ടോപേര്‍ കൂടുതല്‍ മന്ത്രിമാരാവുന്നത് നമ്മുടെ ജനാധിപത്യസ്വഭാവത്തിനും സഹിഷ്ണുതയ്ക്കും മാറ്റേകുമെന്നും ഞങ്ങള്‍ കരുതുന്നു.

അഞ്ചാംമന്ത്രിയിലൂടെ മുസ്‌ലീം ലീഗ് എന്ത് നേടിയെന്ന കാര്യമാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഒന്നും നേടിയില്ലയെന്നതാണ് ഏറ്റവും കൗതുകരമായ അവസ്ഥ. മുസ്‌ലീം ലീഗ് നാല് മന്ത്രിമാരിലൂടെ കൈയാളിയിരുന്ന വകുപ്പുകളുടെ വീതംവെപ്പ് മാത്രമാണ് നടന്നത്. അധികാരത്തില്‍ പുതുതായി അവരൊന്നും നേടിയില്ല. അതോടൊപ്പം ഖജനാവില്‍ നിന്ന് ആറുകോടി രൂപ പോയിക്കിട്ടുകയും ചെയ്തു. വരുംകാലങ്ങളില്‍ പണിയൊന്നും ചെയ്യാതെ പെന്‍ഷന്‍ പറ്റി ജീവിക്കുന്ന കുറേപ്പെരെ ഉണ്ടാക്കുകയും ചെയ്തു. അവരുടെ ഭാരം കാലാകാലങ്ങളില്‍ ജനംവഹിക്കുകയും വേണം.

മന്ത്രിമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനാണിതെന്ന വാദത്തോടും ഞങ്ങള്‍ക്ക് യോജിപ്പില്ല. ഭരണത്തിനിത്രത്തോളം ഭാരമുണ്ടെങ്കില്‍ ഈ മന്ത്രിമാര്‍ക്കെല്ലാവര്‍ക്കും നാടുമുഴുവന്‍ ഓടി നടന്ന ഉദ്ഘാടനം ചെയ്യാനും തറയ്ക്കല്ലിടാനും വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയാനും സമയവും സാവകാശം കിട്ടില്ലല്ലോ?

മതങ്ങളെയല്ല നമ്മള്‍ വോട്ടുനല്‍കി ജയിപ്പിക്കുന്നത്. മതങ്ങള്‍ക്കാണ് വോട്ടുനല്‍കുന്നതെന്ന ധാരണയുണ്ടാക്കുന്നത് ജനാധിപത്യത്തിന് ആപത്കരവുമാണ്

അഞ്ചാം മന്ത്രിയിലൂടെ ഒരു മന്ത്രിമോഹിയുടെ ആശകള്‍ മാത്രമാണ് സായൂജ്യം നേടിയത്. അതിലൂടെ അയാള്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും സമുദായവും ഒന്നും നേടിയിട്ടില്ല.

അതുകഴിഞ്ഞ് സാമുദായിക സമവാക്യം ശരിയാക്കാനെന്ന പേരില്‍ നടത്തിയ ചില കളികള്‍ അപകടകരമായ സന്ദേശമാണ് നല്‍കുന്നത്. ചില ജാതിസംഘടനകളെ പ്രീതിപ്പെടുത്താന്‍ വകുപ്പുകളില്‍ നടത്തിയ അഴിച്ചുപണി കേരളരാഷ്ട്രീയത്തിലെ ജാതിമതാന്ധതയുടെ ശക്തിവര്‍ധിപ്പിക്കാനേ ഉപകരിക്കൂ. ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള മന്ത്രിമാരുടെ എണ്ണക്കൂടുതല്‍ ബാലന്‍സ് ചെയ്യാനും ജാതിമത ശക്തികളെ പ്രീതിപ്പെടുത്താനുമായിരിക്കണമല്ലോ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തിരുവഞ്ചൂരിന് നല്‍കിയത്.

മന്ത്രിമാരെ ജാതി തിരിച്ച് അവര്‍ക്ക് അധികാരങ്ങള്‍ കൈമാറുന്നത് അപകടകരമായ കീഴ്‌വഴക്കമാണുണ്ടാക്കുന്നതെന്ന മുന്നറിയിപ്പാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ളത്. അത് കേരളത്തിലെ ജനകീയ താല്‍പര്യങ്ങളെ ബലികൊടുക്കലുമാണ്.