എഡിറ്റര്‍
എഡിറ്റര്‍
ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം
എഡിറ്റര്‍
Thursday 3rd May 2012 12:36am

T P Chandrasekharan, the revolutionaryഎഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്

ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം’- അതായിരുന്നു സഖാവ് ടി.പി. ചന്ദ്രശേഖരന്‍ എന്ന ജനനേതാവ് നല്‍കുന്ന യഥാര്‍ത്ഥ ചിത്രം. ആ പൂമരത്തിലെ ചോരപ്പൂക്കള്‍ വാടിക്കൊഴിയാതിരിക്കാനുള്ള ധീരമായ ശ്രമത്തിനിടയിലാണ് സഖാവ് ചന്ദ്രശേഖരന്‍ അതിനീചമായി കൊലചെയ്യപ്പെട്ടത്. നിലപാടുകളില്‍ അടിയുറച്ചുനിന്നതുകൊണ്ടാണ് ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്. സി.പി.ഐ.എം എന്ന പാര്‍ട്ടിയുടെ നിലപാടുകളോട് വിയോജിക്കുന്നവര്‍ ആ സംഘടനയുടെ ചരിത്രത്തില്‍ ഉടനീളം പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞിട്ടുണ്ട്.

Ads By Google

ചിലരൊക്കെ നിശ്ശബ്ദരായപ്പോള്‍ മറ്റുചിലര്‍ അതുവരെ അവര്‍ ആര്‍ക്കെതിരെ  പോരാടിയോ, അവരുമായി സഖ്യത്തിലേര്‍പ്പെടുകയും അത്തരം കക്ഷികളിലേക്ക് കൂടുമാറുകയുമാണ് ചെയ്യാറ്. അത്തരം നേതാക്കളുടെ നീണ്ടനിരതന്നെയുണ്ട്. അതുവരെയുള്ള വിപ്ലവശ്രമങ്ങള്‍ അവര്‍ പ്രതിവിപ്ലവശക്തികള്‍ക്ക് അടിയറവയ്ക്കുകയും അവര്‍ക്ക് സമ്പൂര്‍ണമായി കീഴടങ്ങി രാഷ്ട്രീയജീവിതവും തൊഴില്‍ജീവിതവും സുരക്ഷിതമാക്കിവെയ്ക്കുകയും ചെയ്ത ചരിത്രമാണ് രാഷ്ട്രീയകേരളത്തിന് പറയാനുള്ളത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി തന്റെ നിലപാടുകള്‍ മുറുകെ പിടിച്ചുകൊണ്ട് ഒഞ്ചിയത്തെ ധീരരക്തസാക്ഷികളുടെ പിന്മുറക്കാരെ ഒരു വിപ്ലവജനകീയശക്തിയാക്കി നിലനിര്‍ത്തുക എന്ന ശ്രമസാധ്യമായ കര്‍മ്മമാണ് സഖാവ് ചന്ദ്രശേഖരന്‍ നിര്‍വഹിച്ചത്. ആ ശ്രമത്തില്‍ ചന്ദ്രശേഖരന്‍ വിജശ്രീലാളിതനാവുകയും ചെയ്തു.

മനുഷ്യകുലത്തിന്റെ മോചനത്തിനായി ജീവന്‍ വെടിഞ്ഞ ഒഞ്ചിയത്തെ ധീരരക്തസാക്ഷികളുടെ നേരനുയായിയായി തലയുയര്‍ത്തി നില്‍ക്കാനുള്ള ചങ്കൂറ്റമാണ് ചന്ദ്രശേഖരന്‍ കാണിച്ചത്. ഒരു ജനനേതാവ് എത്രത്തോളം ധീരനാവണമെന്നും എത്രത്തോളം നിലപാടുകളില്‍ ഉറച്ചനില്‍ക്കണമെന്നുമുള്ളതിന്റെ ഏറ്റവും മഹനീയമായ മാതൃകയായിരുന്നു ടി.പി ചന്ദ്രശേഖരന്‍. സര്‍വ്വശക്തമായ ഒരു പാര്‍ട്ടിയോടും അതിന്റെ എല്ലാ വിഭവശേഷികളോടും മര്‍ക്കടമുഷ്ടികളോടുമാണ് ടി.വി ചന്ദ്രശേഖരന്‍ യുദ്ധം പ്രഖ്യാപിച്ചത്. അത്തരം എല്ലാ പോരാളികളേയും ആയുധംവെച്ച് കീഴടക്കാനുള്ള ശേഷിയുള്ള പാര്‍ട്ടിയാണ് സി.പി.ഐ.എം. അതിനെ ആയുധം വെച്ച് കീഴടങ്ങുന്ന ഒരാളായിരുന്നില്ല ടി. പി ചന്ദ്രശേഖരന്‍. അതായിരിക്കണം സി.പി.ഐ.എം നേതൃത്വത്തെ ചൊടിപ്പിച്ചത്.

കീടങ്ങളെന്നും കുലംകുത്തികള്‍ എന്നും വര്‍ഗവഞ്ചകരെന്നും ആക്ഷേപിച്ചാലും മനസ്സ് മടുക്കുന്ന ആള്‍ക്കാരല്ല ഒഞ്ചിയത്തെ ജനസാമാന്യം. സ്വന്തം ചോരകൊണ്ട് പാര്‍ട്ടി ചിഹ്നം ഇരുമ്പഴിക്കുള്ളിലെ ചുവരുകളില്‍ വരച്ചുവെച്ച് ജീവന്‍ വെടിഞ്ഞ രക്തിസാക്ഷി ജനിച്ചു ധീരമായി മരണംവരിച്ച നാടാണ് ഒഞ്ചിയം. ആ കരുത്താണ് ചന്ദ്രശേഖരനേയും സഖാക്കളേയും ഇതുവരെ നയിച്ചിരുന്നത്. ചന്ദ്രശേഖരന്റെ മരണത്തോടെ ആ കരുത്ത് ചോര്‍ന്ന് പോവുമെന്നും ഞങ്ങള്‍ കരുതുന്നില്ല. ഈ കുരുതി ഒഞ്ചിയത്തെ ധീരരെ കൂടുതല്‍ ധീരരാക്കുമെന്നും ഞങ്ങള്‍ കരുതുന്നു.

നേതാവിനെ കൊന്നൊടുക്കുന്നതിലൂടെ അനുയായികളെ കൂട്ടത്തോടെ തിരിച്ച് കൊണ്ടുവരാന്‍ കഴിയുമെന്നും ഒഞ്ചിയം ഒരുകൂട്ടം ഭീരുക്കള്‍ കഴിഞ്ഞുകൂടുന്ന ഒരു ഗ്രാമമാകുമെന്നും കരുതിയായിരിക്കണം നേതൃത്വം ഏറ്റവും നീചമായ ഈ രാഷ്ട്രീയ കൊലപാതകത്തിന് തുനിഞ്ഞത്. ഇതിന് സമാനമായ കൊലപാതകം കേരളരാഷ്ട്രീയത്തില്‍ അപൂര്‍വ്വത്തില്‍ അപൂര്‍വ്വമാണ്. അഴീക്കോടന്‍ രാഘവന്റെ കൊലപാതകം പോലും ഈ ഗണത്തില്‍പ്പെടില്ല. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടി ഇതുവരെ പിന്തുടരുന്ന അസഹിഷ്ണുതയുടെ പാരമ്യമാണ് ഈ രാഷ്ട്രീയകൊലപാതകം.

സമനില തെറ്റിയ ചില ഭീരുക്കള്‍ നടത്തുന്ന ഗതികെട്ട അതിജീവനശ്രമം എം.എന്‍ വിജയന്‍മാഷ് പറഞ്ഞതുപോലെ പാര്‍ട്ടിയുണ്ടാവും ജനങ്ങളുണ്ടാവില്ല എന്നതിലേക്ക് ഈ പാര്‍ട്ടിയെ അതിവേഗം നയിക്കുന്ന ഒന്നാവം ഈ നീചമായ കൊലപാതകം. പാര്‍ട്ടി മതി ജനങ്ങള്‍ വേണ്ട നിലയിലേക്ക് പാര്‍ട്ടി നേതൃത്വം മാറിയിട്ടും കാലാകാലമായി സിദ്ധാന്തം ഉപേക്ഷിച്ച് സമരങ്ങള്‍ ഉപേക്ഷിച്ച് അതൊരു വെറും ഐക്യനാണയ സംഘമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് വേറിട്ടതും ജനങ്ങള്‍ക്ക് മുകളിലുള്ളതും ജനങ്ങളെ കൊന്നും കീഴടക്കിയും പ്രലോഭിപ്പിച്ചും പേടിപ്പിച്ചും നില്‍ക്കുന്ന ഒരു സംഘടനയായി മാറ്റുകയെന്ന ദൗത്യമാണ് കഴിഞ്ഞ കുറേകൊല്ലമായി ഈ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്.

ഭരണം മാറിയാലും നാട്ടിലെ ഭരണം നയിക്കുന്ന തങ്ങളുടെ സില്‍ബന്തികളായിരിക്കുമെന്നും അവര്‍ അഹങ്കരിച്ചിരുന്നു. ഭരണത്തിന്റെ പലഘട്ടങ്ങളിലും പ്രത്യക്ഷമായും അതോടൊപ്പം അദൃശ്യമായും ഈ സാന്നിധ്യം ഉണ്ടായിരുന്നുവെന്നതും സത്യമാണ്. ഒരുപുതിയ ഭരണവര്‍ഗത്തിന്റെ സൃഷ്ടിയാണ് തങ്ങളുടെ നിയോഗമെന്നപ്പോഴും തോന്നിപ്പിക്കുന്ന വിധമായിരുന്നു ആ സംഘടനയുടെ പോക്ക്. അതുകൊണ്ട് തന്നെ ഒരു നിഷേധക്കുറിപ്പിലൂടെ കൈകഴുകാന്‍ സി.പി.ഐ.എമ്മിനാവില്ല. അതാരും മുഖവിലയ്‌ക്കെടുക്കുകയുമില്ല.

കൃത്യമായ അന്വേഷണത്തിന് മുമ്പ് ഇത്തരമൊരു വിധി പ്രസ്താവിക്കുന്നത് ശരിയല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞങ്ങളിങ്ങനെ തറപ്പിച്ചു പറയുന്നത്. അതിന് കാരണം കഴിഞ്ഞ കുറേ വര്‍ഷമായി ടി.പി ചന്ദ്രശേഖരനെ വേട്ടയാടിക്കൊണ്ടിരുന്ന വേട്ടക്കാര്‍ സി.പി.ഐ.എം നേതൃത്വം തന്നെയായിരുന്നെന്ന് അറിയാത്തവര്‍ ആരുംകാണില്ല. വേട്ടക്കാരുടെ കണ്ണുവെട്ടിച്ച് ആരെങ്കിലും ഈ കൃത്യം നിര്‍വഹിച്ചതായി കരുതാന്‍ യാതൊരു നിര്‍വാഹവുമില്ല. ടി.പി ചന്ദ്രശേഖരന് മരണമില്ല. വി.എസ് പറഞ്ഞതുപോലെ ധീരനായ കമ്മ്യൂണിസ്റ്റുകാരനായിരുന്ന സഖാവ് ടി.പി ചന്ദ്രശേഖരന്‍ കായികമായി അദ്ദേഹത്തെ വകവരുത്തിയെങ്കിലും ആ നിലപാടിനെ ഇല്ലാതാക്കാന്‍ ലോകത്തില്‍ ഒരു ശക്തിക്കും സാധ്യമല്ല. രാഷ്ട്രീയത്തെ ഭയക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സി.പി.ഐ.എം മാറിക്കൊണ്ടിരിക്കുന്നു.

ധീരസഖാവെ, ഞങ്ങള്‍ കൊടി താഴ്ത്തുന്നു. അതോടൊപ്പം ഒരു ജനതയുടെ ആത്മശക്തിയുടെ കൊടി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. മണ്ടോടികണ്ണന്റെ ഈ പിന്മുറക്കാരന് മരണമില്ല.

Advertisement