ആലുവ: ട്രെയിനിലെ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ യാത്രക്കാരിക്കുനേരെ വീണ്ടും അക്രമം. യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ കംപാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തേക്ക് വലിച്ചിടാന്‍ ശ്രമിച്ച അജ്ഞാതനെ മറ്റ് വനിതകള്‍ ചേര്‍ന്ന് തടയുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ തിരുവനന്തപുരം ചെന്നൈ മെയിലിലായിരുന്നു സംഭവം. ട്രെയിന്‍ ആലുവ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടപ്പോള്‍ അജ്ഞാതന്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന വാതിലിന്റെ എതിര്‍ഭാഗത്ത് നിന്ന വിദ്യാര്‍ത്ഥിനിയുടെ കാല് ഇയാള്‍ പിടിച്ചുവലിച്ചു. പിന്നിലേക്ക് ആഞ്ഞ വിദ്യാര്‍ത്ഥിനി നിലത്തു വീണു.

യുവതിയുടെ കരച്ചില്‍കേട്ട് മറ്റു യാത്രക്കാര്‍ ഓടിയെത്തി അക്രമിയെ പുറത്താക്കി വനിതാ കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍ അടച്ചു. അടുത്ത ട്രാക്കിലുണ്ടായിരുന്ന ചരക്ക് ട്രെയിനില്‍ ഇയാള്‍ കയറുകയായിരുന്നു. ഇയാളെ പോലീസ് പിടികൂടി. സുലൈമാന്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ മാനസികരോഗിയാണെന്നാണ് പോലീസ് പറയുന്നത്.

ആക്രമണത്തിനിരയായ വിദ്യാര്‍ഥിനി തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി. സംഭവം നടക്കുന്ന സമയം വനിതാ കംപാര്‍ട്ട്‌മെന്റില്‍ സുരക്ഷ ജീവനക്കാര്‍ ഇല്ലായിരുന്നു. വിവരം അറിഞ്ഞിനെ തുടര്‍ന്ന്, തൃശൂര്‍ സ്‌റ്റേഷനില്‍ നിന്നും സുരക്ഷയാക്കായി ഒരു വനിതാ ജീവനക്കാരിയെ നിയമിച്ചു.

റെയില്‍വേ പോലീസ് പിടികൂടിയ അക്രമിയെ പിന്നീട് വിട്ടയച്ചത് പ്രതിഷേധത്തിന് ഇടയാക്കി. കയ്യില്‍ പൊതിയുമായി എത്തിയ ഇയാള്‍ക്ക് കാലിന് ചെറിയ സ്വാധീനക്കുറവുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാലിന് സ്വാധീനക്കുറവുള്ളതുകൊണ്ടാണ് അധികൃതര്‍ വിട്ടയച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. യുവതി രേഖാമൂലം പരാതി നല്‍കിയില്ലെന്നും അതിനാലാണ് അക്രമിയെ വിട്ടയച്ചതെന്നും പോലീസ് പറയുന്നു.

സംഭവം ചാനലുകളില്‍ പ്രത്യക്ഷമായതോടെ ഇയാളെ കണ്ടെത്താന്‍ റെയില്‍വേ പോലീസും ആലുവ ലോക്കല്‍ പോലീസും ശ്രമം തുടങ്ങി.

അടുത്തിടെയും വനിതാ കമ്പാര്‍ട്‌മെന്റില്‍ സ്ത്രീകള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച കോട്ടയം  എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ കുറുപ്പുന്തറയില്‍വെച്ച് മഹാരാഷ്ട്ര സ്വദേശി വനിതാ കമ്പാര്‍ട്ട്‌‌മെന്റില്‍ കയറി സ്ത്രീകളെ അക്രമിച്ചിരുന്നു.

Malayalam News

Kerala News In English