T P Chandrasekharan, the revolutionary

നിലപാട് / ഡൂള്‍ ന്യൂസ് പ്രവര്‍ത്തകര്‍

ടി.പി. ചന്ദ്രശേഖരന് ഡൂള്‍ന്യൂസിന്റെ ആദരാഞ്ജലികള്‍

കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകമാണ് നടന്നിരിക്കുന്നത്. ഏതു രീതിയിലാണ് ഏതു ഭാഷയിലാണ് ഈ കൊലപാതകത്തെ വിശേഷിപ്പിക്കുക എന്നു പറയാനാവാത്ത സ്ഥിതിയാണുള്ളത്. വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചുവടുമാറ്റത്തിനെതിരെ പോരാട്ടം നയിച്ച, പുതിയൊരു ഇടതു ബദലന്വേഷണത്തില്‍ ഒരു പ്രസ്ഥാനത്തെ നയിച്ച ധീരനായൊരു പോരാളിയായിരുന്നു സഖാവ് ടി.പി. ചന്ദ്രശേഖരന്‍. അദ്ദേഹത്തിന്റെ കൊലപാതകം ജനാധിപത്യ വിശ്വാസികളുടെ മനസ്സിലുണ്ടാക്കിയ ഞെട്ടല്‍ എളുപ്പം മാറില്ല. പല തവണ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചിട്ടും ശത്രുപക്ഷത്തിനു ഇക്കുറിയാണ് അത് സാധിക്കാനായത്.

Ads By Google

വളരെ ആസൂത്രിതമായൊരു കൊലപാതകം നടത്തി കേരളത്തെ ഞെട്ടിക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നതാണ് ഇപ്പോള്‍ എല്ലായിടത്തും നടക്കുന്ന ചര്‍ച്ച. സി.പി.ഐ.എം ആണോ, മുസ്ലീം തീവ്രവാദ സംഘടനയാണോ, ആര്‍.എസ്.എസ് ആണോ, കോണ്‍ഗ്രസ്സാണോ എന്ന തര്‍ക്കമാണ് ഇതിന്റെ പേരില്‍ നടക്കുന്നത്. ഒറ്റ തിരിഞ്ഞ് കൊലപാതകികളെ കണ്ടുപിടിക്കുന്ന രീതി. പക്ഷേ ഈ വേളയില്‍ ഇത് അപലപനീയമാണെന്ന് പറയാതെ വയ്യ.

കൃത്യമായും രാഷ്ട്രീയ ലക്ഷ്യത്തോടെനടത്തിയ ഒരു കൊലപാതകം ഒരു വശത്തും അതിനെ തന്ത്രപൂര്‍വ്വം ചര്‍ച്ചയിലേയ്ക്ക് വലിച്ചിടുകയും സി.പി.ഐ.എമ്മിനെ രക്ഷിക്കാനുള്ള പടപ്പുറപ്പാട് മറുവശത്തും നടക്കുകയും ചെയ്യുമ്പോള്‍ ഇതിനെ രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ കോണ്‍ഗ്രസ്സും ആടിത്തിമിര്‍ക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ ഈ ധാര്‍മ്മിക രോഷം കണ്ട് ഞങ്ങളാകെ ഞെട്ടിത്തളര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന ഹര്‍ത്താല്‍ ‘യു.ഡി.എഫ്’ ഹര്‍ത്താലാണത്രേ!! ലജ്ജയില്ലേ ഈ രാഷ്ട്രീയ ഷണ്ഡന്‍മാര്‍ക്കിത് അവകാശപ്പെടാന്‍.

ഇവിടെ ചിന്തനീയം സഖാവ് ടി.പി. മരണപ്പെട്ടാല്‍ ഈ പറയുന്ന എല്ലാവര്‍ക്കും രാഷ്ട്രീയ നേട്ടങ്ങളുണ്ടെന്നിരിക്കേ, അതില്‍ തന്നെ സി.പി.ഐ.എമ്മിന് ചിരകാല സ്വപ്‌നം നിറവേറിയതിന്റെ ആഹ്ലാദം ഉള്ളില്‍ നിറഞ്ഞു നില്‍ക്കേ നമ്മളെന്തിന് പുറത്തൊരു കൊലപാതകിയെ തിരഞ്ഞു പായണം? ഇത് വ്യക്തമായും ഈ പിന്തിരിപ്പന്‍ പാര്‍ട്ടികള്‍ ഒരുമിച്ചെടുത്ത രാഷ്ട്രീയ ലക്ഷ്യമാണ്. കോണ്ടഗ്രസ്സിന് ഇതൊരു ബോണസ്സുകൂടിയാണ്. ഇവിടെ തുറന്നു കാണിക്കപ്പെടേണ്ടത് ഈ പൈശാചിക കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കുടില രാഷ്ട്രീയമാണ്. ഇവിടെയാണ് സി.പി.ഐ.എമ്മിന് ചുവടു പിഴയ്ക്കുന്നത്. കാരണം അതിന്റെ രാഷ്ട്രീയവും കഴിഞ്ഞകാല ചരിത്രവുമാണ് നമ്മളെ പല നിഗമനത്തിലേയ്ക്കും നയിക്കാറ്.

‘ചത്തത് കീചകനെങ്കില്‍’ എന്ന പ്രയോഗത്തെ എടുത്തണിഞ്ഞു കൊണ്ടാണ് സി.പി.ഐ.എം ഇതിനെ പ്രതിരോധിക്കുന്നതെങ്കില്‍ അതില്‍ വലിയ കഴമ്പൊന്നുമില്ല. കാരണം ടി.പി. ചന്ദ്രശേഖരനെതിരെയുള്ള വധശ്രമം ഇതാദ്യമായൊന്നുമല്ല ഇവിടെ നടക്കുന്നത്. ടി.പി.നേതൃത്വം നല്‍കുന്ന ഒഞ്ചിയം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെയും ഒട്ടനവധി തവണ വധശ്രമം നടക്കുകയുണ്ടായി. ഇതില്‍ സി.പി.ഐ.എമ്മിന്റെ പങ്ക് വളരെ വ്യക്തവുമാണ്.

‘ഇപ്പോള്‍ ഇലക്ഷനെ നേരിടുന്ന സമയമായതുകൊണ്ട് സി.പി.ഐ.എം ഈ കൊലപാതകം നടത്തില്ല’ എന്ന് വാദിക്കുന്ന നിഷ്‌കളങ്കരേ, സി.പി.ഐ.എമ്മിന് നിങ്ങളെ നന്നായി പറ്റിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നു മാത്രമേ പറയാനാവൂ. കാരണം സി.പി.ഐ.എം എന്നാല്‍ മണ്ടന്‍മാരുടെ പ്രസ്ഥാനമെന്നല്ല അര്‍ത്ഥം, മറിച്ച് ആസൂത്രിത കൊലപാകങ്ങളുടെ സര്‍വ്വകലാശാല എന്നാണ്.

അപ്പോള്‍ ഏതു രാഷ്ട്രീയത്തിനെതിരെയാണ് ടി.പി. പോരാടിയത് എന്ന് നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ സേവയ്‌ക്കെതിരെയാണ് അദ്ദേഹം പോരാടിയത്, സോഷ്യലിസ്റ്റ് പ്രയോഗത്തിന്റെ ഭാഗത്തു നിന്നുകൊണ്ട്. ഇന്ന് സാമ്രാജ്യത്വ സേവയെ പരിലാളിക്കുന്ന പ്രസ്ഥാനങ്ങളാണ്  ഇടതും വലതും. സാമ്രാജ്യത്വത്തിന്, ആഗോളവല്‍ക്കരണത്തിന്, ചൂഷണ മുതലാളിത്തത്തിന് മനുഷ്യമുഖം ചാര്‍ത്തിക്കൊടുക്കുന്ന തിരക്കിലാണ് വ്യവസ്ഥാപിത ഇടതുപക്ഷം.

കോടാനുകോടി മനുഷ്യ ജീവികളെ കൊന്നൊടുക്കാന്‍ പ്രാപ്തിയുള്ള ആണവ പ്ലാന്റുകള്‍ക്ക് പച്ചക്കൊടി വീശുന്നതില്‍ ഇവര്‍ മത്സരിക്കുന്നു. മണ്ണിനുവേണ്ടി പോരാടുന്ന മണ്ണിന്റെ മക്കളെ കഴുത്തു ഞെരിക്കാന്‍ ഇവരുടെ കഠിന ഹൃദയങ്ങള്‍ക്കാവുന്നു. തൊഴിലാളി സമരങ്ങളെ ഒറ്റാന്‍ ഇവര്‍ ശകുനി തന്ത്രം മെനയുന്നു. ഏത് ജാതി മത വര്‍ഗ്ഗീയ പിന്തിരിപ്പന്‍ ശക്തികളുമായും ബാന്ധവത്തിലേര്‍പ്പെടാന്‍ ഇവര്‍ നിര്‍ലജ്ജം സന്നദ്ധമാവുന്നു. ഇവിടെയെവിടെയാണ് ഇടതും വലതും വര്‍ഗ്ഗീയ ശക്തികളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ കാണാനാവുന്നത്?

ഇടതു-വലതു-വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഒരുപോലെ അനഭിമതമായ രാഷ്ട്രീയമാണ് സഖാവ് ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്നിന്റെ വിപ്ലവശക്തികളുടെ രാഷ്ട്രീയമാണത്. അത് സാമ്രാജ്യത്വത്തോട് തെല്ലും സന്ധിചെയ്യാന്‍ തയ്യാറല്ലാത്ത, അതിനോട് ശക്തമായി പോരാടുന്ന രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ കൊന്നു തള്ളേണ്ടത്, മേല്‍പറഞ്ഞ എല്ലാ പിന്തിരിപ്പന്‍ ശക്തികളുടെയും ആര്‍.എസ്.എസ് അടക്കമുള്ള വര്‍ഗ്ഗീയശക്തികളുടെയും ഒരാവശ്യമാണ്. അതുകൊണ്ട് ഈ കൊലപാതകത്തിനു പിന്നില്‍ മേല്‍ പറഞ്ഞ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്.