ലണ്ടന്‍: ഹൃദ്രോഗികള്‍ കുറിച്ചുനല്‍കിയ ആസ്പിരിന്‍ കഴിക്കുന്നത് നിര്‍ത്തുമ്പോള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുമെന്ന് പഠന റിപ്പോര്‍ട്ട്. ഹൃദയത്തിന് ചെറിയ കുഴപ്പങ്ങളുള്ളവര്‍ക്ക് ആസ്പിരിന്‍ ഗുളികകള്‍ കുറഞ്ഞ ഡോസില്‍ കുറിച്ചുനല്‍കാറുണ്ട്. ഇത് രക്തം കട്ടപ്പിടിക്കുന്നതില്‍ നിന്നും ഇവരെ രക്ഷിക്കും. എന്നാല്‍ ഇവര്‍ പീന്നീട് ആസ്പിരിന്‍ കഴിക്കുന്നത് നിര്‍ത്തിയാല്‍ ഇത്തരം ആളുകളില്‍ ഹൃദ്രോഗസാധ്യത വര്‍ധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആസ്പിരിന്‍ എത്രകാലം കഴിച്ചു എന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഹൃദയത്തിന് ചെറിയ കുഴപ്പങ്ങളുള്ളവര്‍ക്ക് ചെറിയ അളവില്‍ ആസ്പിരിന്‍ നല്‍കുന്നത് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സഹായിക്കും. സെക്കന്ററി പ്രിവന്‍ഷന്‍ എന്നാണ് ഈ സമീപനം അറിയപ്പെടുന്നത്.

Subscribe Us:

യു.കെയിലെ ആരോഗ്യ റിപ്പോര്‍ട്ടുകള്‍ സൂക്ഷിച്ചുവയ്ക്കുന്ന ഹെല്‍ത്ത് ഇംപ്രൂവ്‌മെന്റ് നെറ്റ് വര്‍ക്കിലുള്‍പ്പെട്ട 39,513 രോഗികളിലാണ്പഠനം നടത്തിയത്. ഡോ ലൂയി ഗാര്‍ഷ്യ റോഡ്രിഗ്യുസിന്റെ നേതൃത്വത്തില്‍ സ്‌പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘമാണ് പഠനം നടത്തിയത്. 2000-2007 കാലയളവില്‍ ആസ്പിരിന്‍ നല്‍കിയ 50നും 84നും ഇടയ്ക്ക് പ്രായമുള്ളവരെയാണ് പഠനവിധേയമാക്കിയത്. പരിശോധിച്ചവരില്‍ അടുത്തിടെ ആസ്പിരിന്‍ നിര്‍ത്തിയവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതായി കണ്ടെത്തി. ആയിരത്തില്‍ നാല് പേര്‍ക്ക് ഇത്തരത്തില്‍ രോഗമുണ്ടായതായി വ്യക്തമായി.

ഈ പഠനം ഏറെ പ്രധാനപ്പെട്ടതാണെന്നാണ് ഹൃദ്രോഗവിദഗ്ധനായ ഡോ ഗ്യുസിപ്പി ബിയോണ്‍ഡി സോക്കൈ പറയുന്നത്. ആസ്പിരിന്‍ കഴിക്കുന്നത് നിര്‍ത്തിയാല്‍ ഹൃദയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയ മുന്‍ പഠനങ്ങളെ പിന്തുണയ്ക്കുന്നതാണ് പുതിയ പഠനമെന്നും അദ്ദേഹം വ്യക്തമാക്കി.