മുംബൈ: മലയാള സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയതെങ്കിലും അസിന്റെ ഭാഗ്യം തെളിഞ്ഞത് തമിഴകത്തായിരുന്നു. പിന്നീട് ബോളിവുഡില്‍ വരെ തിളങ്ങിയ അസിനെ കേരളസര്‍ക്കാര്‍ ആദരിക്കുകയാണിപ്പോള്‍.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് കേരളസര്‍ക്കാര്‍ ചലച്ചിത്ര രംഗത്ത് അസിന്‍ നല്‍കിയ സംഭാവനകള്‍ എടുത്ത് പറഞ്ഞ് നടിയെ ആദരിച്ചത്.

Subscribe Us:

പ്രശസ്തര്‍ അണിനിരന്ന വേദിയില്‍ കേരളാസാരിയുടുത്താണ് അസിന്‍ പ്രത്യക്ഷപ്പെട്ടത്. രക്ഷിതാക്കളും ഒപ്പമുണ്ടായിരുന്നു.

‘ ഈ അവസരത്തില്‍ എനിക്ക് അഭിമാനം തോന്നുന്നു. സ്വന്തം നാട്ടില്‍ നിന്നും ഒരു അവാര്‍ഡ് നേടുകയെന്നത് വലിയ കാര്യമാണ്. ഈ വര്‍ഷത്തിനിടയില്‍ നിരവധി അവാര്‍ഡ് വേദികളില്‍ പങ്കെടുക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്‌തെങ്കിലും ഈ അവാര്‍ഡ് എനിക്കേറെ പ്രിയപ്പെട്ടതാണ്. എന്റെ കുടുംബത്തിനും ഇത് പ്രാധാന്യമുള്ളതാണ്. ‘  ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് അസിന്‍ പറഞ്ഞു.

കൊച്ചിയിലാണ് അസിന്‍ ജനിച്ചതും വളര്‍ന്നതും. മലയാള ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയാണ് അസിന്‍ സിനിമയിലെത്തിയത്. പിന്നീട് തമിഴകത്ത് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2008 ഗജനിയുടെ ഹിന്ദി പതിപ്പിലൂടെ അസിന്‍ ബോളിവുഡിലും സ്റ്റാറായി.