Administrator
Administrator
ആശയ സ്വാതന്ത്ര്യത്തിനായി പോരാടും: ഷാജഹാന്‍
Administrator
Tuesday 29th March 2011 8:54pm


കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ സംഘടിപ്പിച്ച ഏഷ്യാനെറ്റ് പോര്‍ക്കളം പരിപാടിക്കിടെ ചാനലിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാന് മര്‍ദനമേറ്റതിനെതിരെ വ്യാപക പ്രതിഷേധമയുര്‍ന്നിരിക്കയാണ്. സംഭവത്തില്‍ പി.ജയരാജന്‍ എം.എല്‍.എക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജയരാജന്‍ ഇന്ന് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി ജാമ്യം നേടുകയും ചെയ്തു.

പോര്‍ക്കളം പരിപാടിയില്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ഷാജഹാന്‍ ഡൂള്‍ന്യൂസ് പ്രതിനിധി കെ.എം ഷഹീദുമായി സംസാരിക്കുന്നു.

ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന താങ്കളെ പി.ജയരാജന്‍ എം.എല്‍.എ മര്‍ദിച്ചതായുള്ള വാര്‍ത്ത ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു സംഭവിച്ചത്?.

ഏഷ്യാനെറ്റിന്റെ പോര്‍ക്കളം ചിത്രീകരിക്കാനായിരുന്നു കണ്ണൂരില്‍ പോയത്. മൂന്ന് മണിക്കു തുടങ്ങേണ്ട പരിപാടിയായിരുന്നു. പിജയരാജന്‍ എത്താന്‍ വൈകിയതുകൊണ്ട് പരിപാടി തുടങ്ങാന്‍ താമസിച്ചു. 4.40 നാണ് പിന്നീട് തുടങ്ങിയത്. പി.ശശി, കണ്ടല്‍ക്കാട്, പരിസ്ഥിതി, കല്യാശ്ശേരി മാര്‍ബിള്‍ ഭൂമി പ്രശ്‌നം പ്രശ്‌നം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രശ്‌നം, കണ്ണൂര്‍ മാലിന്യപ്രശ്‌നം, അബ്ദുല്ലക്കുട്ടി, ഐസ്‌ക്രീം കേസ് തുടങ്ങിയവയായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. ഈ വിഷയത്തില്‍ ജയരാജന്‍ തരുന്ന മറുപടി കൃത്യമല്ലെന്ന് അവിടെ കൂടിയവര്‍ പറഞ്ഞുകൊണ്ടിരുന്നു.

ചര്‍ച്ച കഴിഞ്ഞിപ്പോള്‍ പിറകില്‍ നിന്ന് തള്ളുവന്നു. പി ശശി വിഷയത്തില്‍ ഇവിടെ എന്തിനാണ് ചര്‍ച്ച നടത്തിയതെന്ന് ചോദിച്ചായിരുന്നു ഇത്. അണികള്‍ പ്രകോപിതരാകുന്നുവെന്ന് കണ്ടപ്പോള്‍ സ്വയം രക്ഷക്കായി നേതാക്കന്‍മാര്‍ നില്‍ക്കുന്ന ഭാഗത്തേക്ക് പോയി. എന്നാല്‍ അവിടെ നിന്ന് പിന്‍വശത്തുകൂടെ ഒരു അടി വന്നു. അതിനൊപ്പം അസഭ്യവര്‍ഷവുമുണ്ടായി. മോനേ… നീ ഈ പ്രശ്‌നം കണ്ണൂരില്‍ വന്ന് ഉന്നയിക്കുന്നോ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. തിരിഞ്ഞ് നോക്കുമ്പോള്‍ അത് ജയരാജനായിരുന്നു.

ജയരാജേട്ടാ നിങ്ങളാണോ ഇങ്ങിനെ ചെയ്യുന്നത്. നിങ്ങള്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയല്ലേയെന്ന് ഞാന്‍ ചോദിച്ചു.

ജയരാജേട്ടാ നിങ്ങളാണോ ഇങ്ങിനെ ചെയ്യുന്നത്. നിങ്ങള്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയല്ലേയെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം എന്റെ കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നു. ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്തു. അപ്പോള്‍ മറ്റുള്ള ആളുകളും കൂടി. എന്നാല്‍ പോലീസ് വന്ന് ആക്രമണം നടത്തിയ ജയരാജനെ സംരക്ഷിക്കുകയാണ് ചെയ്തത്. ജയരാജനെ അവര്‍ കൊണ്ട് പോവുകയും എന്നെ അക്രമികളുടെ കൂട്ടത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നെ അവിടെയുണ്ടായിരുന്ന ചില സഹൃദയര്‍ വന്ന് എന്നെ സ്ഥലത്ത് നിന്ന് മാറ്റി വണ്ടിയില്‍ കയറ്റുകയായിരുന്നു. ഞാന്‍ കയറിയ വാഹനം തടയാനും ശ്രമിച്ചു. അപ്പോള്‍ പോലീസെത്തി അവരെ മാറ്റി. വണ്ടിക്കകത്തേക്ക് ഇവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു.

ഞങ്ങള്‍ വാഹനത്തില്‍ കയറി അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു ഹോട്ടലിലേക്ക് പോയി. അരമണിക്കൂര്‍ കഴിഞ്ഞ് ജയരാജന്‍ എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. നിങ്ങള്‍ ഒഞ്ചിയത്തെ റവല്യൂഷണറികളുടെ ഏജന്റായല്ലെ പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ചാണ് ജയരാജന്‍ ‘കോണ്‍ഗ്രസുകാരുടെ അടുത്തു നിന്നു നീ എത്ര പണം വാങ്ങിയെടാ? നീ ഒഞ്ചിയത്തെ റവല്യൂഷനറിക്കാരുടെ ഏജന്റാണെന്ന് എനിക്കറിയാം. പി.ശശിയുമായി ബന്ധപ്പെട്ട ആരോപണമാണോ കണ്ണൂരിലെ തിരഞ്ഞെടുപ്പു വിഷയം? കോണ്‍ഗ്രസുകാരുടെ പണം വാങ്ങി ഇങ്ങനെ പരിപാടി അവതരിപ്പിച്ചാല്‍ ഇനിയും നിനക്കു നാട്ടുകാരുടെ തല്ലു കിട്ടും’ -ഇതായിരുന്നു ഭീഷണി

യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ ജയരാജന്‍ വരാന്‍ വൈകിയതിനാല്‍ പോകാനൊരുങ്ങിയ മറ്റ് നേതാക്കളെ ഞാന്‍ പറഞ്ഞിരുത്തുകയായിരുന്നു. ജയരാജന്‍ വന്ന ശേഷമാണ് ചര്‍ച്ച തുടങ്ങിയത്. എന്നാല്‍ ജയരാജന്‍ എത്തും മുമ്പെ കോണ്‍ഗ്രസ് നേതാക്കളുമായി ഞാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ജയരാജന്‍ ആരോപിച്ചത്. ഫോണ്‍ റിക്കോര്‍ഡ് ചെയ്യുകയാണെന്നറിഞ്ഞിട്ടും ജയരാജന്‍ ഭീഷണി തുടരുകയായിരുന്നു.

അക്രമം നടക്കുമ്പോള്‍ മര്‍ദിക്കാന്‍ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ പി.ശശി വിഷയം കണ്ണൂരില്‍ ഉന്നയിക്കാന്‍ മാത്രം നീ ആയോ എന്നായിരുന്നു ജയരാജന്‍ ചോദിച്ചത്. എന്നാല്‍ ഫോണില്‍ വിളിച്ചപ്പോള്‍ ഒഞ്ചിയം പ്രശ്‌നമാണ് അദ്ദേഹം ഉന്നിയിച്ചത്. സി.പി.ഐ.എമ്മിലെയും മറ്റ് പാര്‍ട്ടികളുടെയും ഇന്‍സൈഡ് സ്റ്റോറികള്‍ ഞാന്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതാവാം അവരെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.

യഥാര്‍ത്ഥത്തില്‍ ജയരാജന്‍ എത്തും മുമ്പ് ഇത്തരത്തില്‍ വല്ല ചര്‍ച്ചകളും നടന്നിരുന്നോ?.

ഒരിക്കലുമില്ല. അപ്പോള്‍ ചര്‍ച്ച ആരംഭിച്ചിട്ടില്ലായിരുന്നു. ജയരാജന്‍ വന്നപ്പോഴാണ് ചര്‍ച്ച തുടങ്ങിയത്. കോണ്‍ഗ്രസിനെതിരെ ചോദ്യങ്ങളുണ്ടാവുമ്പോള്‍ അതിന് മറുപടിപറയാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്. എനിക്ക് തോന്നുന്നത് കോണ്‍ഗ്രസ് കുറച്ച് കൂടി സഹിഷ്ണുതയോടെ കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞുവെന്നാണ്.

ഐസ്‌ക്രീം വിഷയം ചര്‍ച്ച ചെയ്ത സമയത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് അതിനെ മറികടക്കാനെന്ന വണ്ണം ശശി വിഷയം ഉന്നയിക്കുകയായിരുന്നു. പിന്നെ ചോദ്യം സദസ്സ് ഏറ്റെടുത്തു. ഞാന്‍ മോഡറേറ്റര്‍ മാത്രമാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നത് സദസ്സ് ആണ്.

പൊതുവെ സി.പി.ഐ.എം മാധ്യമങ്ങളോടുള്ള ശത്രുതാപരമായ നിലപാട് മാറ്റുന്നതായാണ് കഴിഞ്ഞ കാലങ്ങളില്‍ അനുഭവപ്പെട്ടത്. സി.പി.ഐ.എം നേതാക്കളുടെ ശരീരഭാഷയില്‍ തന്നെ അത് പ്രകടമായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സംഭവം?.

എനിക്കൊരിക്കലും അങ്ങിനെ തോന്നിയിട്ടില്ല. മാധ്യമങ്ങളോട് എപ്പോഴൊക്കെ അസഹിഷ്ണുത കാണിക്കാന്‍ അവസരം കിട്ടുമോ അപ്പോഴൊക്കെ സി.പി.ഐ.എം പ്രകടിപ്പിക്കാറുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേപോലെ വിഷയമുണ്ടായിരുന്നു. ചര്‍ച്ചയില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥി പിന്‍വാങ്ങുകയും അവര്‍ ചര്‍ച്ചയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കോഴിക്കോട് ജില്ലയില്‍ തന്നെ റവല്യൂഷണിറി പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനാല്‍ മറ്റൊരു ചാനലിന്റെ പരിപാടിയില്‍ നിന്ന് സി.പി.ഐ.എം നേതാക്കള്‍ പിന്‍വാങ്ങിയിരിക്കയാണ്. വടകരിയില്‍ ഞങ്ങള്‍ നടത്തിയ ഇലക്ഷന്‍ എക്‌സ്പ്രസ് പരിപാടിയിലും സി.പി.ഐ.എം നേതാക്കള്‍ പങ്കെടുത്തില്ല. അതേസമയം കോഴിക്കോട് ഏഷ്യാനെറ്റ് സംഘടിപ്പിച്ച പോര്‍ക്കളം പരിപാടിയില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പങ്കെടുക്കുകയും അദ്ദേഹം വളരെ ഉത്തരവാദിത്തത്തോടെ സംസാരിക്കുകയും ചെയ്തിരുന്നു. അവിടെ സി.പി.ഐ.എമ്മിനെതിരെ ഉയര്‍ന്ന ചോദ്യങ്ങളോട് അദ്ദേഹം ഒട്ടും അസഹിഷ്ണഉത കാണിച്ചിട്ടില്ല. കോഴിക്കോട്ടും പോര്‍ക്കളം പരിപാടിയില്‍ മോഡറേറ്റര്‍ ഞാനായിരുന്നു. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ സി.പി.ഐ.എം ഇപ്പോഴും അനാവശ്യമായ അഗ്രസീവ്‌നെസ് കാണിക്കുന്നുണ്ട്.

ഞാന്‍ 13 വര്‍ഷമായി മാധ്യമ മേഖലിയുള്ളയാളാണ്. ഇതിന് മുമ്പും ഇത്തരത്തില്‍ അനുഭവമുണ്ടായിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴും ഈ പ്രശ്‌നമുണ്ടായിരുന്നു. 99ല്‍ തലശ്ശേരി അക്രമ സംഭവമുണ്ടായപ്പോള്‍ ബോംബുമായി ഞങ്ങളുടെ വാഹനത്തെ ആളുകള്‍ പിന്തുടരുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത് ബി.ജെ.പിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അത് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. നാദാപുരം മേഖലയിലും ഇതു പോലെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അക്രമം ഉണ്ടാവുന്ന മേഖലകളില്‍ അണികള്‍ ഇതുപോലെ പെരുമാറാറുണ്ട്. പക്ഷെ എന്റെ അനുഭവത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന നേതാവ് ഇത്തരത്തില്‍ പെരുമാറുന്നത്.

സംഭവസമയം പോലീസ് ഇടപെടല്‍ എങ്ങിനെയായിരുന്നു?

പോലീസ് എന്നെ സംരക്ഷിക്കാനൊന്നും ശ്രമിച്ചില്ല. ജയരാജന് എന്തെങ്കിലും പറ്റിയോയെന്നായിരുന്നു അവര്‍ അന്വേഷിച്ചത്. പിന്നീട് വാഹനത്തിനകത്ത് കയറിയിട്ടും എന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് അവരെ മാറ്റാന്‍ ശ്രമിച്ചത്. രാത്രിയോടെ പോലീസ് വിളിച്ച് പരാതി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പരാതിപ്പെടാന്‍ ഞാനും തീരുമാനിച്ചിരുന്നു. ഇപ്പോള്‍ അവര്‍ കോഴിക്കോട്ടെത്തി എന്റെ മൊഴിയെടുത്തിട്ടുണ്ട്.

സംഭവത്തിന് ശേഷം സി.പി.ഐ.എം നേതാക്കന്‍മാര്‍ ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ?

സി.പി.ഐ.എമ്മിന്റെ ഒരു നേതാവും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. നാദാപുരം മേഖലയിലൊക്കെയുള്ള ചില പ്രാദേശിക സി.പി.ഐ.എം പ്രവര്‍ത്തകര്‍ എന്നെ ഫോണില്‍ വിളിച്ച് പാര്‍ട്ടിക്ക് വേണ്ടി മാപ്പ് പറയുകയാണെന്ന് അറിയിച്ചിട്ടുണ്ട്. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ കുറ്റസമ്മതം വളരെ ഹൃദയസ്പര്‍ശിയാണ്. ഈ പാര്‍ട്ടിക്കകത്ത് നന്മ അവശേഷിക്കുന്നുണ്ടെന്നതിന് ഉദാഹരണമാണിത്.

താങ്കളൊരു പഴയകാല എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. താങ്കളുടെ രാഷ്ട്രീയ പശ്ചാത്തലം താങ്കള്‍ ടാര്‍ജറ്റ് ചെയ്യപ്പെടാന്‍ കാരണമാകുന്നുണ്ടോ?

ഞാന്‍ ഒഞ്ചിയം മേഖലയില്‍ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മടപ്പള്ളി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. പക്ഷെ എന്റെ രാഷ്ട്രീയമൊന്നും എന്റെ പത്രപ്രവര്‍ത്തന ജീവിതത്തെ സ്വാധീനിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തനത്തില്‍ ശരിയും തെറ്റുമാണ് പ്രധാനം.

എസ്.എഫ്.ഐ കാലത്ത് നിരവധി തവണ എനിക്ക് അടികിട്ടിയിട്ടുണ്ട്. മടപ്പള്ളി കോളജില്‍ പഠിക്കുന്ന കാലത്ത് ആര്‍.എസ്.എസുകാരുടെ മര്‍ദനമേറ്റിട്ടുണ്ട്. ആ സമയത്ത് എന്നോടൊപ്പമുണ്ടായിരുന്ന ഒരു എസ്.എഫ് ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചെയ്യുന്ന ജോലി ആത്മാര്‍തമായി ചെയ്യുകയെന്നതാണ് എന്റെ രീതി.

കേസിനെ എങ്ങിനെ സമീപിക്കും?

ഇത്തരമൊരു കേസിന്റെ ഗതി കണ്ടറിയേണ്ടതുണ്ട്. പക്ഷെ ഞാനൊരിക്കലും പരാതി പിന്‍വലിക്കില്ല. ഇതൊരിക്കലും ജയരാജനെതിരായോ സി.പി.ഐ.എമ്മിനെതിരായോ ഉള്ള ഫൈറ്റല്ല. കാര്യങ്ങള്‍ തുറന്ന് പറയാനും ആശയ പ്രകടനത്തിനുള്ള അവകാശത്തിനുമായുള്ള പോരാട്ടമാണ്. ആളുകളെ നിശബ്ദരാക്കാനുള്ള ശ്രമത്തിനെതിരെയുള്ള പോരാട്ടമാണ്.

Advertisement