ബാബരി: വാജ്‌പേയിക്ക് പങ്ക്; കോണ്‍ഗ്രസ് സഹായിച്ചു- അശോക് സിംഗാള്‍
India
ബാബരി: വാജ്‌പേയിക്ക് പങ്ക്; കോണ്‍ഗ്രസ് സഹായിച്ചു- അശോക് സിംഗാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th November 2009, 9:40 pm

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവവത്തില്‍ മുന്‍പ്രധാനമന്ത്രി വാജ്‌പേയിക്ക് പങ്കുണ്ടെന്നും ബാബരി വിഷയത്തില്‍ താന്‍ മൂന്ന് തവണ മുന്‍പ്രധാനമന്ത്രി നരസിംഹറാവുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും വി എച്ച് പി അന്താരാഷ്ട്ര പ്രസിഡണ്ട് അശോക് സിംഗാള്‍ വെളിപ്പെടുത്തി. റിയലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ധീരുഭായി അംബാനിയുടെ മധ്യസ്ഥതയിലായിരുന്നു നരസിഹറാവുവുമായുള്ള കൂടിക്കാഴ്ചയെന്നും സിംഗാള്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനുള്ളില്‍ നിരവധി രാമഭക്തരുണ്ടെന്നും അയോധ്യ പ്രസ്ഥാനത്തിന് ഇവര്‍ ശക്തമായ പിന്തുണ തന്നിരുന്നെന്നും സിംഗാള്‍ പറഞ്ഞു. അടല്‍ബിഹാരി വാജ്‌പേയി തങ്ങളുടെ പ്രസ്ഥാനവുമായി സഹകരിച്ചിരുന്നു. എന്നാല്‍ 1992 ഡിസംബര്‍ ആറിന് അദ്ദേഹം അയോധ്യയിലുണ്ടായിരുന്നില്ല. ബാബരി മസ്ജിദ് തകര്‍ത്ത സംഭവം രാഷ്ട്രീയ വിഷയമല്ല. തികച്ചും മതാത്മകമായിരുന്നു അത്. നെഹ്‌റുവിന്റെ കാലത്ത് സോമനാഥ ക്ഷേത്ര പ്രശ്‌നം പരിഹിച്ചത് പോലെ ബാബരി വിഷയവും പരിഹരിക്കണമെന്ന് താന്‍ അന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ബാബരി തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുപ്രധാനമന്ത്രി വാജ്‌പേയിയുടെ പങ്കിനെക്കുറിച്ച് ചര്‍ച്ച നടക്കവെയാണ് വി എച്ച് പി നേതാവിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ബി ജെ പി നേതൃത്വത്തെ കപട മതേതര വാദികളെന്നാണ് കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ വെച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ജസ്റ്റിസ് ലിബര്‍ഹാന്‍ താന്‍ വാജ്‌പേയിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. വാജ്‌പേയിയെ മതേതര മുഖം മൂടി അണിയിച്ച് അവതരിപ്പിച്ച ബി ജെ പിയും അദ്ദേഹത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.

പള്ളി തകര്‍ക്കലിലുമായി ബന്ധപ്പെട്ട് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വെള്ള പൂശിക്കൊണ്ടായിരുന്നു ലിബര്‍ഹാന്‍ റിപ്പോര്‍ട്ട്. കര്‍സേവകരെ തടയാമായിരുന്നിട്ടും പള്ളി തകര്‍ക്കുന്നത് നോക്കി നിന്നുവെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെയുള്ള ആരോപണം.