തരൂര്‍ കയ്യെത്താദൂരത്ത് കഴിഞ്ഞു; തിരുവനന്തപുരത്തുകാര്‍ പ്രതികരിക്കുന്നു
Daily News
തരൂര്‍ കയ്യെത്താദൂരത്ത് കഴിഞ്ഞു; തിരുവനന്തപുരത്തുകാര്‍ പ്രതികരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th April 2010, 10:28 am

തിരുവനന്തപുരത്തുകാര്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറി സഹമന്ത്രിക്കസേരയിലെത്തിയ ശശി തരൂരിനെ പക്ഷെ മന്ത്രിയായ ശേഷം നാട്ടുകാര്‍ക്ക് കാര്യമായി കാണാന്‍ കിട്ടിയിട്ടില്ല. ഐ ടി പ്രൊഫഷണലുകളും യുവാക്കളും ഏറെ പ്രതീക്ഷയോടെയായിരുന്നു തരൂരിനെ ദല്‍ഹിയിലേക്ക് പറഞ്ഞയച്ചത്. എന്നാല്‍ ട്വിറ്ററിലൂടെ മന്ത്രി ഇടക്കിടെ നടത്താറുള്ള അഭിപ്രായപ്രകടനങ്ങളിലൂടെയും വിടാതെ വന്ന വിവാദങ്ങളിലൂടെയുമാണ് തിരുവനന്തപുരത്തുകാര്‍ മന്ത്രിയായ തരൂരിനെ അറിഞ്ഞത്. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും ഇതിലുള്ള പരിഭവം ഏറെയാണ്. ഐ പി എല്‍ വിവാദത്തെതുടര്‍ന്നുണ്ടായ തരൂരിന്റെ രാജിയെക്കുറിച്ച് മണ്ഡലത്തിലെ ജനത പ്രതികരിക്കുന്നു.

ആര്‍ രാജീവ്കുമാര്‍ (തരൂരിന്റെ പഴയ കാല സുഹൃത്ത്): തരൂര്‍ കഠിനമായി പ്രയത്‌നിക്കുന്നയാളാണ്. ആത്മാര്‍ഥതയുമുണ്ട്. എന്നാല്‍ എടുത്ത് ചാടിയുള്ള പ്രതികരണവും അദ്ദേഹത്തിന് ലഭിക്കുന്ന തെറ്റായ ഉപദേശവുമാണ് വിനയാകുന്നത്. അദ്ദേഹത്തിന് സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ കാണാന്‍ സമയം ലഭിച്ചില്ല. മണ്ഡലത്തിലെ ജനങ്ങളുടെ ഫോണ്‍ കാളുകള്‍ക്ക് ശരിയായി മറുപടി പറയാന്‍ പോലും അദ്ദേഹത്തിന്റെ ദല്‍ഹിയിലെ ഓഫീസിന് കഴിഞ്ഞില്ല. അത് ജനങ്ങളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിഷമിപ്പിച്ചിരുന്നു.

രാജേഷ് വേണുഗോപാല്‍ ( ഐ ടി പ്രൊഫഷണല്‍ ): വളരെയേരെ പ്രതീക്ഷ നല്‍കിയ രാഷ്ട്രീയക്കാരനായിരുന്നു തരൂര്‍ . എന്നാല്‍ മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ തരൂരിന് കഴിഞ്ഞില്ല. അദ്ദേഹത്തിന് എന്നും ഉന്നത ബന്ധങ്ങളായിരുന്നു അദ്ദേഹത്തിനിഷ്ടം. എന്നാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും അദ്ദേഹത്തിന് അവസരമുണ്ട്. മണ്ഡലത്തിലെത്തി ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. അത് ജനങ്ങളുമായുള്ള ബന്ധം വളരാന്‍ കാരണമാവും. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ അത് അദ്ദേഹത്തിന് ഏറെ ഗുണം ചെയ്യും.


ഷീബ വര്‍ഗീസ്( നഗരത്തിലെ പ്രമുഖ സ്‌കൂളിലെ അധ്യാപിക):
ഉയര്‍ന്ന വ്യക്തിത്വമുള്ളയാളാണ് തരൂര്‍. അദ്ദേഹത്തിന് വോട്ട് നല്‍കിയതിലൂടെ ഞങ്ങള്‍ക്ക് ഒരു തെറ്റ് പറ്റിയിരിക്കയാണ്. തരൂര്‍ നിഷ്‌കളങ്കനാണെങ്കില്‍ അദ്ദേഹത്തിന് വിവാദം തുടങ്ങിയപ്പോള്‍ തന്നെ രാജി വെക്കാമായിരുന്നു. അതിന് പ്രധാനമന്ത്രി വരുന്നത് വരെ കാത്തിരിക്കണമായിരുന്നില്ല. ലോക്‌സഭാ അംഗത്വവും രാജിവെച്ച് തരൂരിന് ഇഷ്ടമുള്ളതൊക്കെ ചെയ്യാം.

റോയ് മാത്യു(മാധ്യമപ്രവര്‍ത്തകന്‍ ):
ഇന്ത്യന്‍ രാഷ്ട്രീയത്തെയും മാധ്യമങ്ങളെയും തിരിച്ചറിയാന്‍ തരൂരിന് കഴിഞ്ഞിട്ടില്ല. ജനത്തെ സേവിക്കാന്‍ കൈവന്ന വലിയ ഒരു അവസരമാണ് തരൂര്‍ കളഞ്ഞ്കുളിച്ചത്. ഇത്തരം മോശമായ ഇടപാടുകളില്‍ പങ്കെടുത്തതിന് കേരളത്തിലെ ജനതയും മണ്ഡലത്തിലെ വോട്ടര്‍മാരും തരൂരിന് ഒരിക്കലും മാപ്പ് നല്‍കില്ല.

സുധീര്‍ ബാബു (ഓട്ടോറിക്ഷ ഡ്രൈവര്‍ ) തരൂര്‍ ചെയ്തത് വിഢിത്തമാണെന്നാണ് എനിക്ക് പറയാനുള്ളത്. യു എന്നില്‍ അദ്ദേഹം മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മിടിപ്പ് തിരിച്ചറിയാന്‍ അ‌ദ്ദേഹത്തിന് കഴിഞ്ഞില്ല.