വടകര: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത സി.പി.ഐ.എം കൂത്തുപറമ്പ് ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി സി ബാബുവിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. ടി.പി വധത്തിലുള്‍പ്പെട്ട രണ്ടു പ്രതികള്‍ക്ക് സി.പി.ഐ.എം ഓഫീസില്‍ ഒളിച്ച് താമസിക്കാനുള്ള സൗകര്യം ചെയ്തു എന്നാണ് ബാബുവിനെതിരേയുള്ള കേസ്. ബാബുവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ വടകര പോലീസ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നിയിരുന്നു. ബാബുവിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ നടത്തിവന്ന സമരം അവസാനിപ്പിക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗം ജ്യോതിര്‍ ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.ഐ.എം കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മറ്റി അംഗമാണ് ജ്യോതിര്‍ ബാബു. കണ്ണൂര്‍, പാനൂരിനടുത്ത് കുന്നോത്തുപറമ്പില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇയാളുടെ പങ്ക് എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.

സംഭവത്തില്‍ ബാബുവിനെ പോലീസ് വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചതായി രാവിലെ ജയരാജന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് വടകര സബ് ഡിവിഷണല്‍ പൊലീസ് ഓഫിസിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി.വൈ.എസ്.പി ഉറപ്പുനല്‍കിയെന്നാണ് ജയരാജന്‍ അറിയിച്ചത്. ഉച്ച കഴിഞ്ഞിട്ടും ബാബുവിനെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജയരാജന്‍ വീണ്ടും കുത്തിയിരിപ്പ് സമരം നടത്തിയത്. നേരത്തെ കുത്തിയിരിപ്പ് സമരം തുടരുകയാണെങ്കില്‍ ജയരാജനെ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചിരുന്നു.

സി.പി.ഐ.എം ഓഫീസ് സെക്രട്ടറി ബാബുവിനെ അറസ്‌ററുചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് ബാബുവിനെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട് എം.വി ജയരാജന്‍ പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്.