ആനവണ്ടികളും ആണ്‍വണ്ടികള്‍ തന്നെ - കെ.എസ്.ആര്‍.ടി.സിയിലെ വിവാദത്തെ നസീറ വിശദീകരിക്കുന്നു
News of the day
ആനവണ്ടികളും ആണ്‍വണ്ടികള്‍ തന്നെ - കെ.എസ്.ആര്‍.ടി.സിയിലെ വിവാദത്തെ നസീറ വിശദീകരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th December 2014, 8:52 pm

“നിര്‍ഭയ, ഭൂമിക പദ്ധതികളൊക്കെ ഇവിടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സ്ത്രീകളുടെ സുരക്ഷയ്ക്കായും അവര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ കുറയ്ക്കാനും വനിത സ്‌റ്റേഷനുകള്‍ പ്രത്യേകമായി പ്രവര്‍ത്തിക്കുമ്പോഴും എനിക്കും അമ്മയ്ക്കും കിട്ടിയ അനുഭവം ഇതാണ്. പിന്നെ ഇവയൊക്കെ എന്തിന് എന്ന ചോദ്യം സ്വാഭാവികം. എന്റെ അറിവില്‍ പമ്പയ്ക്കായി വണ്ടി അനുവദിച്ചതല്ലാതെ അയ്യപ്പഭക്തര്‍ക്കായി പ്രത്യേകം വണ്ടി അനുവദിച്ചിട്ടില്ല. അങ്ങനെ നിയമമില്ലെങ്കില്‍ എന്നെയും കുടുംബത്തേയും പുറത്തിറക്കി വിട്ടത് നിയമവിരുദ്ധവും ഭരണഘടന നല്‍കുന്ന മൗലികാവശാകങ്ങളുടെ ലംഘനവുമാണ്.”  കെ.എസ്.ആര്‍.ടി.സിയിലെ വിവാദത്തെ നസീറ വിശദീകരിക്കുന്നു


 

Naseera1

“ഇനി നിങ്ങളിഴകീറിപ്പരിശോധിച്ചോളൂ,
പഴി ചാരാനാരെയും കണ്ടോളൂ.
ഉടലതു തന്നെ, മുറിവുകളുമതു തന്നെ;
എന്തു ചെയ്യണമെന്നു നിങ്ങള്‍ തന്നെ പറയൂ,
ഈ മുറിവുകളുണങ്ങാനെന്തു വേണമെന്നു പറയൂ.”

-ഫൈസ് അഹമ്മദ് ഫൈസ്

 

ഞാന്‍ നസീറ, മാധ്യമപ്രവര്‍ത്തകയായ ഞാന്‍ ജോലിയുടെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു. 17/12/2014 ന് വൈകുന്നേരം വഞ്ചിനാട് എക്‌സപ്രസിലാണ് തിരിച്ചുവന്നത്. രാത്രി 10.45 കഴിഞ്ഞു എറണാകുളം സൗത്ത് റെയില്‍വേസ്‌റ്റേഷനില്‍ എത്താന്‍. ഞാന്‍ താമസിക്കുന്ന സ്ഥലം വൈറ്റില ആയതിനാല്‍ പമ്പയിലേക്കുള്ള ബസ് കയറിയാല്‍ എനിക്ക് ഹബ്ബില്‍ ഇറങ്ങാം. അതുകൊണ്ട് പമ്പ ബസ്സ് (KL 15, A88, RSC 517 പമ്പ-എരുമേലി) നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്നിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരോട് ബസ്സ് ഹബ്ബില്‍ നിര്‍ത്തില്ലേ, എപ്പോള്‍ ബസ് എടുക്കും എന്ന് ചോദിച്ചു. ചോദ്യത്തിന് കൃത്യമായ ഉത്തരം തന്നിരുന്നില്ല.

അയ്യപ്പന്മാര്‍ക്കായി അനുവദിച്ച ബസ്സാണെന്നും അതില്‍ പുറത്തുനിന്നുള്ളവരെ കയറ്റാന്‍ പറ്റില്ലെന്നുമാണ് നിയമമെന്ന് അവര്‍ എന്നോട് പറഞ്ഞു. തുടര്‍ന്ന ഇതിനെ ചോദ്യം ചെയ്ത് ഞാനും സുബിന്റെ അമ്മയും (ശോഭന -52) ഏഴ് മാസവും രണ്ടര വയസ്സും പ്രായമുള്ള രണ്ടു കുട്ടികളും ബസില്‍ കയറി. എന്നാല്‍ ബസിലെ ഡ്രൈവര്‍ ഞങ്ങള്‍ കയറിയത് ചോദ്യം ചെയ്തു. ബസ്സില്‍ സ്ത്രീകള്‍ക്ക് കയറാന്‍ പറ്റില്ലെന്നും ഞങ്ങള്‍ കയറിയാല്‍ വണ്ടിയിലുള്ള അയ്യപ്പ ഭക്തന്മാര്‍ ഇറങ്ങിപ്പോകുമെന്നും ഡ്രൈവര്‍ വാദിച്ചു. എന്നാല്‍ ഞങ്ങള്‍ കയറിയതില്‍ ബുദ്ധിമുട്ടുള്ളതായോ ഇറങ്ങിപ്പോകാനോ അയ്യപ്പഭക്തന്മാര്‍ ആവശ്യപ്പെട്ടിരുന്നില്ല. അയ്യപ്പന്മാര്‍ക്ക് വ്രതശുദ്ധി വേണമെന്നും ഞങ്ങള്‍ക്കതുണ്ടോ എന്ന കാര്യത്തില്‍ സംശയമുള്ളതിനാലും ഇറങ്ങണം എന്ന് കാര്‍ക്കശ്യമായി അയാള്‍ ആവശ്യപ്പെട്ടു. ഡ്രൈവറോടൊപ്പം തൊട്ടടുത്തുണ്ടായിരുന്ന കെ.എസ്.ആര്‍.ടിസിയിലെ ജീവനക്കാരും ഞങ്ങളോട് തട്ടിക്കയറി.


 “ബസ്സില്‍ സ്ത്രീകള്‍ക്ക് കയറാന്‍ പറ്റില്ലെന്നും ഞങ്ങള്‍ കയറിയാല്‍ വണ്ടിയിലുള്ള അയ്യപ്പ ഭക്തന്മാര്‍ ഇറങ്ങിപ്പോകുമെന്നും ഡ്രൈവര്‍ വാദിച്ചു. എന്നാല്‍ ഞങ്ങള്‍ കയറിയതില്‍ ബുദ്ധിമുട്ടുള്ളതായോ ഇറങ്ങിപ്പോകാനോ അയ്യപ്പഭക്തന്മാര്‍ ആവശ്യപ്പെട്ടിരുന്നില്ല. അയ്യപ്പന്മാര്‍ക്ക് വ്രതശുദ്ധി വേണമെന്നും ഞങ്ങള്‍ക്കതുണ്ടോ എന്ന കാര്യത്തില്‍ സംശയമുള്ളതിനാലും ഇറങ്ങണം എന്ന് കാര്‍ക്കശ്യമായി അയാള്‍ ആവശ്യപ്പെട്ടു.”


നിങ്ങളെന്താണ് അമേരിക്കയില്‍ നിന്നാണോ വരുന്നതെന്നും പറഞ്ഞാല്‍ മനസ്സിലാകില്ലേ.. വണ്ടിയില്‍ നിന്നും ഇറങ്ങണം. നിങ്ങളേയും കൊണ്ട് വണ്ടിയെടുക്കില്ല. പ്രശ്‌നമുണ്ടാക്കാതെ പോകണം. എന്നും മറ്റ് യാത്രക്കാരുടെ മുന്‍പില്‍ വച്ച് ഡ്രൈവറും ഡ്രൈവറുടെ സീറ്റിന്റെ വശത്ത് താഴത്തായി നിന്നിരുന്ന രണ്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ആക്രോശിച്ചു. തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും പുറത്ത് നടന്ന സംഭവമായതിനാല്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ അറിയിക്കണമെന്നും അവര്‍ക്ക് കേസെടുക്കാനാകില്ലെന്നുമായിരുന്നു ഉത്തരം.

പോലീസ് എയ്്ഡ് പോസ്റ്റിലെ പോലീസുകാരന്‍ ബസ്സ് ജീവനക്കാരോട് സംസാരിക്കാന്‍ പോയെങ്കിലും ഇത് അയ്യപ്പഭക്തന്മാര്‍ക്കായി അലോട്ട് ചെയ്ത വാഹനമാണെന്നും വണ്ടിയില്‍ കയറാം എന്നാല്‍ നിന്ന് യാത്രചെയ്യേണ്ടി വരുമെന്നും കണ്ടക്ടര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റ്, കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് പ്രത്യേക സീറ്റ്, മുതിര്‍ന്ന സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റ് ഇവയൊക്കെ ഉള്ള സാഹചര്യത്തില്‍ ഞാന്‍ എന്തിന് നില്‍ക്കണം എന്ന ചോദ്യത്തിന് സീറ്റുകളെല്ലാം അയ്യപ്പന്മാര്‍ റിസര്‍വ് ചെയ്തതാണെന്നും അവരെ എഴുന്നേല്‍പ്പിച്ചുള്ള യാതൊരു പരിപാടിയും ഇല്ല എന്ന ഉത്തരത്തില്‍ എയ്ഡ് പോസ്റ്റിലെ പോലീസുകാരനും തൃപ്തിയടഞ്ഞു. അയ്യപ്പന്മാരെ എഴുന്നേല്‍പ്പിക്കാന്‍ പറ്റില്ല എന്ന് ആവര്‍ത്തിക്കുകയും വണ്ടിയില്‍ നിന്നു യാത്രചെയ്യാമെങ്കില്‍ മാത്രം കയറാം എന്നുള്ള ഉത്തരവും കണ്ടക്ടര്‍ തന്നു. ഈ സമയമത്രയും വണ്ടിയില്‍ ഉണ്ടായിരുന്ന അയ്യപ്പ ഭക്തരിലാരും ഞങ്ങളെ വണ്ടിയില്‍ നിന്നിറക്കണമെന്ന് ആവശ്യപ്പെടുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്തിരുന്നില്ല. രാത്രി യാത്ര സംവിധാനം നിഷേധിക്കപ്പെട്ട എന്നോട് വളരെ നിരുത്തരവാദപരമായ സമീപനമാണ് പോലീസുകാരന്‍ സ്വീകരിച്ചത്.naseera

അമ്മ കയറുന്നതിലല്ല മറിച്ച് ഞാന്‍ കയറുന്നതിലാണ് പ്രശ്‌നമെന്നും പറഞ്ഞു. കാരണം അമ്മയ്ക്ക് ആര്‍ത്തവം നിലച്ച ആളാണ്. ഞാന്‍ അങ്ങനെയല്ല. എന്നാല്‍ ട്രെയിനില്‍ വന്നിറങ്ങിയ അയ്യപ്പഭക്തന്മാര്‍ സ്ത്രീകളോടൊപ്പം യാത്രചെയ്തിട്ടുണ്ട്. അവിടെ പ്രശ്‌നമില്ലാത്തത് ഇവിടെ എങ്ങനെ പ്രശ്‌നമായി എന്ന എന്റെ ചോദ്യത്തിന് പ്രശ്‌നമുണ്ടാക്കാതെ പോകണം എന്നാണ് ബസ് ജീവനക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ മറുപടി. സ്ത്രീകള്‍ക്കായി റിസര്‍വ് ചെയ്ത സീറ്റുകളില്‍ പുരുഷന്മാര്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് നിയമലംഘനമാണ്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇതാണ് ഇവിടത്തെ റൂളെന്നും ബസില്‍ ഇരിക്കാന്‍ സമ്മതിക്കില്ലെന്നും കണ്ടക്ടര്‍ പറഞ്ഞു. എന്നാല്‍ ഇത് ശരിയായിരിക്കുമെന്നും അത്തരമൊരു നിയമമുണ്ടാകുമെന്നും പോലീസുകാരന്‍ പറഞ്ഞു. എന്നാല്‍ ഇല്ലെന്നുള്ള എന്റെ വാദത്തെ അയാള്‍ വിശ്വസിക്കാത്തതിനാല്‍ ഞങ്ങളെ ബസില്‍ കയറ്റിവിടാന്‍ അയാള്‍ ശ്രമിച്ചില്ല. നിയമപരമായി അനുവദിക്കപ്പെട്ട സീറ്റുള്ളപ്പോള്‍ നിന്ന് യാത്രചെയ്യാന്‍ തയ്യാറാകാതെ ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി.


 “ട്രെയിനില്‍ വന്നിറങ്ങിയ അയ്യപ്പഭക്തന്മാര്‍ സ്ത്രീകളോടൊപ്പം യാത്രചെയ്തിട്ടുണ്ട്. അവിടെ പ്രശ്‌നമില്ലാത്തത് ഇവിടെ എങ്ങനെ പ്രശ്‌നമായി എന്ന എന്റെ ചോദ്യത്തിന് പ്രശ്‌നമുണ്ടാക്കാതെ പോകണം എന്നാണ് ബസ് ജീവനക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ മറുപടി. സ്ത്രീകള്‍ക്കായി റിസര്‍വ് ചെയ്ത സീറ്റുകളില്‍ പുരുഷന്മാര്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത് നിയമലംഘനമാണ്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇതാണ് ഇവിടത്തെ റൂളെന്നും ബസില്‍ ഇരിക്കാന്‍ സമ്മതിക്കില്ലെന്നും കണ്ടക്ടര്‍ പറഞ്ഞു.”


യാത്ര ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള എന്റേയും അമ്മയുടേയും കുഞ്ഞുങ്ങളുടേയും ഭരണഘടനപരമായ അവകാശത്തെ ഹനിക്കുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ നടപടി ശരിവയ്ക്കുകയാണ് എയ്ഡ് പോസ്റ്റിലെ പോലീസുകാരന്‍ ചെയ്തത്. എന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള ചുമതല പോലീസ് സംവിധാനത്തിന് ഉള്ളതിനാല്‍ എന്നെ വീട്ടിലെത്തിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. വനിത സ്‌റ്റേഷനില്‍ വിളിച്ചപ്പോള്‍ എസ്‌ഐ സ്ഥലത്തില്ലെന്നും വന്നിട്ട് വിവരമറിയിച്ച ശേഷം അറിയിക്കാമെന്നും പറഞ്ഞെങ്കിലും ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല. 45 മിനിറ്റിനു ശേഷം ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ വണ്ടി ലൈനിലാണെന്നും കുറേ സമയമെടുക്കുമെന്നുമാണ് മറുപടി കിട്ടിയത്. അപ്പോള്‍ സമയം രാത്രി 1 മണി! എന്നാല്‍ ഈ സമയം വരെ വനിത പോലീസ് സ്‌റ്റേഷനില്‍ നിന്നും എന്നെ ആരും വിളിച്ചിട്ടില്ല. അന്വേഷിച്ചിട്ടില്ല. സ്ത്രീകള്‍ക്ക്് പ്രത്യേക സുരക്ഷ സംവിധാനം എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ട വനിത പോലീസ് സ്‌റ്റേഷന്‍ കടുത്ത നിരുത്തരവാദപരമായ പെരുമാറ്റമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്.
സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെ ജീപ്പില്‍ വീട്ടിലെത്തുമ്പോഴേക്ക് പുലര്‍ച്ചെ രണ്ടുമണിയോളമായിരുന്നു.

നിര്‍ഭയ, ഭൂമിക പദ്ധതികളൊക്കെ ഇവിടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സ്ത്രീകളുടെ സുരക്ഷയ്ക്കായും അവര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ കുറയ്ക്കാനും വനിത സ്‌റ്റേഷനുകള്‍ പ്രത്യേകമായി പ്രവര്‍ത്തിക്കുമ്പോഴും എനിക്കും അമ്മയ്ക്കും കിട്ടിയ അനുഭവം ഇതാണ്. പിന്നെ ഇവയൊക്കെ എന്തിന് എന്ന ചോദ്യം സ്വാഭാവികം. എന്റെ അറിവില്‍ പമ്പയ്ക്കായി വണ്ടി അനുവദിച്ചതല്ലാതെ അയ്യപ്പഭക്തര്‍ക്കായി പ്രത്യേകം വണ്ടി അനുവദിച്ചിട്ടില്ല. അങ്ങനെ നിയമമില്ലെങ്കില്‍ എന്നെയും കുടുംബത്തേയും പുറത്തിറക്കി വിട്ടത് നിയമവിരുദ്ധവും ഭരണഘടന നല്‍കുന്ന മൗലികാവശാകങ്ങളുടെ ലംഘനവുമാണ്.


 

പൊതുഗതാഗത സംവിധാനങ്ങള്‍ ഇത്രയും സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്. പൊതു ഗതാഗത സംവിധാനങ്ങള്‍ സ്ത്രീ എന്ന കാരണത്താല്‍ വിവേചനപൂര്‍വ്വം പെരുമാറുന്നത് ഭരണഘടന വിരുദ്ധമാണ്.


സംഭവത്തില്‍ എന്റെ പരാതി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെ സിഐ ഫ്രാന്‍സിസ് സെല്‍വിയുടെ കയ്യില്‍ 18/12/2014 ന് നേരിട്ട് നല്‍കിയിട്ടുണ്ട്.(petition no: 173573/2014). എന്നാല്‍ പെറ്റിക്കേസ് മാത്രമാണ് ഇതില്‍ ഉള്ളതെന്നാണ് അദ്ദേഹം നല്‍കിയ മറുപടി. ബസില്‍ സീറ്റ് തരാതിരിക്കുക, മോശമായി പെരുമാറുക ഇവയാണ് അദ്ദേഹം കണ്ടെത്തിയ വകുപ്പുകള്‍. എന്നാല്‍ ഭരണഘടന ഒരു സ്ത്രീക്ക് നല്‍കുന്ന സംരക്ഷണം അതുറപ്പു വരുത്തേണ്ട ഭരണസംവിധാനങ്ങള്‍ തന്നെ ലംഘിക്കുന്ന സാഹചര്യമാണ് ഈ സംഭവത്തില്‍ ഉണ്ടായത്. പൊതുഗതാഗത സംവിധാനങ്ങള്‍ ഇത്രയും സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്. പൊതു ഗതാഗത സംവിധാനങ്ങള്‍ സ്ത്രീ എന്ന കാരണത്താല്‍ വിവേചനപൂര്‍വ്വം പെരുമാറുന്നത് ഭരണഘടന വിരുദ്ധമാണ്. സ്ത്രീയായത് കൊണ്ട് മാത്രമാണ് എന്നെയും അമ്മയേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസില്‍ നിന്ന് ഇറക്കിവിട്ടത്.

 

“ഇനി നിങ്ങളിഴ കീറിപ്പരിശോധിച്ചോളൂ,
പാഴി ചാരാനാരെയും കണ്ടോളൂ.
പുഴയതു തന്നെ, തോണിയുമതു തന്നെ;
എന്തു ചെയ്യണമെന്നു നിങ്ങള്‍ തന്നെ പറയൂ,
ഞങ്ങളെങ്ങനെ കര കയറുമെന്നു പറയൂ.”

-ഫൈസ് അഹമ്മദ് ഫൈസ്