ഇന്ത്യയിലെ മികച്ച നടന്‍ എന്നു നിസ്സംശയം ചൂണ്ടിക്കാട്ടാന്‍ കഴിയുന്നവരുടെ ഗണത്തില്‍പ്പെട്ടയാളാണ് അനുപം ഖേര്‍. മികച്ച അഭിനയത്തിലൂടെ ബോളിവുഡ് പ്രേക്ഷകരെ അതിശയിപ്പിച്ച അനുപം ഖേര്‍ ഇപ്പോള്‍ പ്രണയം എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തുകയാണ്.

മോഹന്‍ലാല്‍, ജയപ്രദ തുടങ്ങിയവര്‍ അണിനിരക്കുന്ന പ്രണയത്തിന്റെ ഷൂട്ടിംങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. പ്രണയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

ഈ ചിത്രത്തിലെ പ്രണയം എത്രത്തോളം ആഴമുള്ളതാണ്?

ഇത് വളരെ ആഴത്തിലുള്ളതാണ്. പ്രണയത്തെക്കുറിച്ചും പ്രണയത്തിന്റെ വിവിധ ഭാവങ്ങളെക്കുറിച്ചുമാണ് ഈ കഥ. പ്രണയം എന്ന് പറയുമ്പോള്‍ യുവാക്കളിലെ പ്രണയമാണ് ആദ്യം നമ്മുടെ മനസില്‍ ഓടിയെത്തുക. യുവാക്കളില്‍ മാത്രമല്ല, അച്ഛനും മകനും, അമ്മയ്ക്കും മകള്‍ക്കും ഇടയിലുമെല്ലാം പ്രണയമുണ്ട്. യുവാക്കളില്‍ മാത്രമേ പ്രണയം ഉണ്ടായിക്കൂടൂ എന്നില്ല.

പ്രണയത്തിന് അപൂര്‍വ്വമായ ഒരു മാനം നല്‍കിക്കൊണ്ടാണ് ബ്ലെസി ഈ ചിത്രത്തിന്റെ കഥ മെനഞ്ഞെടുത്തത്. ഈ കഥയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്.

ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളാന്‍ താങ്കളെ പ്രചോദിപ്പിച്ച എന്താണ് ഈ ചിത്രത്തിലുളളത്?

രണ്ടുപേജുള്ള കഥയുടെ സംഗ്രഹം. തികച്ചും അസാധാരണമായ കഥ. ബ്ലെസി എന്നോട് ഈ കഥ പറയാന്‍ വന്നപ്പോള്‍ മുന്‍പ് അദ്ദേഹം ചെയ്ത ചിത്രങ്ങള്‍ കാണാനെന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ യെസ് പറയാന്‍ എനിക്കതിന്റെ ആവശ്യം ഇല്ലായിരുന്നു. അല്ലാതെ തന്നെ
ഈ ചിത്രം ചെയ്യാന്‍ എനിക്ക് നല്ല താല്‍പര്യമായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംങ് വേളയില്‍ എന്ത് തോന്നി?

മലയാള ഭാഷ വളരെ കഠിനമാണ്. എന്നാല്‍ വികാരങ്ങള്‍ എനിക്ക് പരിചിതമായതും എന്നാല്‍ ചെയ്യാന്‍ കഴിയുന്നതുമാണ്. റഷ്യയിലായാലും ഫ്രാന്‍സിലായാലും കേരളത്തിലായാലും വികാരങ്ങള്‍ ഒന്നുതന്നെ. മനുഷ്യന്റെ സ്വഭാവവും ഒരേപോലെയാണ്.

ഒരു മലയാളി ലുക്ക് ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യം. അതിനുവേണ്ടി എനിക്ക് നിര്‍ദേശം നല്‍കാന്‍ 25ഓളം ആളുകള്‍ ചുറ്റുമുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ സുരക്ഷിതനാണ്. എന്റെ ഭാവങ്ങള്‍ക്ക് മലയാളി ടച്ച് ഇല്ലെങ്കില്‍ അവര്‍ അപ്പോള്‍ തന്നെ എന്നോട് പറയും. അതുകൊണ്ടുതന്നെ എനിക്ക് ആ പേടിയുമുണ്ടായിരുന്നില്ല.

ഒരു പ്രത്യേകരീതിയില്‍ ആ കഥാപാത്രത്തെ എന്നെക്കൊണ്ട് ചെയ്യിക്കാനാണ് ബ്ലെസി ശ്രമിച്ചത്. വളരെ വിദ്യാസമ്പന്നനാണ് ആ കഥാപാത്രം. അയാള്‍ റിയലാണ്, അയാള്‍ക്ക് ശക്തമായ ഒരു ഭൂതകാലവുമുണ്ട്. ഈ വര്‍ഷം എന്റെ പ്രധാനചിത്രങ്ങളിലൊന്നായി ഇത് മാറുമെന്നതില്‍ സംശയമില്ല.

ചുറ്റുമുള്ള എല്ലാവരും പറഞ്ഞ് പറഞ്ഞ് നിങ്ങളെ മലയാളി ആക്കി എന്ന് തോന്നുന്നുണ്ടോ?

ചെറുതായിട്ട്. കുറഞ്ഞത് 60-70% എങ്കിലും. എന്നാല്‍ ചിത്രത്തിനൊരു യൂണിവേഴ്‌സല്‍ തീമുണ്ട്. ബ്ലെസി ആചിത്രം ഹിന്ദിയില്‍ ചെയ്യും പോലെയാണ് എനിക്ക് തോന്നിയത്.

മലയാളചിത്രങ്ങള്‍ സൂക്ഷിക്കാറുണ്ടോ?

ഇല്ല. ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നുമാത്രം.

മോഹന്‍ലാലിനൊപ്പമുള്ള അഭിനയം എങ്ങനെയുണ്ടായിരുന്നു?

അദ്ദേഹം വളരെ കഴിവുള്ള നടനാണ്. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. വളരെ സരസനും, വിശാലമനസ്‌കനുമാണ് അദ്ദേഹം.

ട്വിറ്ററില്‍ നിങ്ങള്‍ വളരെ ആക്ടീവാണല്ലോ? അതിനെ എങ്ങനെ നോക്കിക്കാണുന്നു?

എനിക്ക് ജനങ്ങളുമായി ബന്ധപ്പെടണം. ജനങ്ങളില്‍ നിന്നും പഠിക്കാനുള്ള ഏറ്റവും നല്ല വേദിയാണ് ട്വിറ്റര്‍. നിങ്ങളുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നു. ഇത് ആശയവിനിമയത്തിനുള്ള നല്ല മാര്‍ഗമാണ്.

ഭാവിയില്‍ കൂടുതല്‍ മലയാള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?

പ്രണയം പോലുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനിഷ്ടമുണ്ട്.

കടപ്പാട്: റെഡിഫ്.കോം