ന്യൂദല്‍ഹി: ആന്‍ട്രിക്‌സ്-ദേവാസ് കരാറിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഭാഗികവും ഏകപക്ഷീയവുമാണെന്ന മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായരുടെ ആരോപണം ശരിയല്ലെന്ന് ഐ.എസ.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍.

അന്വേഷണ റിപ്പോര്‍ട്ട് വ്യക്തിപരമല്ലെന്നും റിപ്പോര്‍ട്ട് സമ്പൂര്‍ണമാണെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു.  ആന്‍ട്രിക്‌സ് കരാറില്‍ സുതാര്യതയില്ലായിരുന്നുവെന്നും മാധവന്‍ നായര്‍ക്കും മറ്റു മൂന്നു ശാസ്ത്രജ്ഞര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

Subscribe Us:

ആന്‍ട്രിക്‌സ്-ദേവാസ് വിവാദ കരാറിനെപ്പറ്റി ഐ.എസ്.ആര്‍.ഒ പുറത്തുവിട്ട  അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണവും അവ്യക്ത നിറഞ്ഞതുമാണെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഭാഗിക റിപ്പോര്‍ട്ട് പുറത്തുവിട്ട ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്റെ നടപടി ഭീരുത്വമാണെന്നായിരുന്നു മാധവന്‍നായരുടെ വാദം.

ബി.കെ. ചതുര്‍വേദി, പ്രഫ.റോഡാം നരസിംഹ എന്നിവര്‍ അംഗങ്ങളായി 2011 ഫെബ്രുവരി 10നും പ്രത്യൂഷ് സിന്‍ഹ അധ്യക്ഷനായി മേയ് 31നും നിയോഗിച്ച ഉന്നതാധികാര സമിതികളുടെ റിപ്പോര്‍ട്ടുകളായിരുന്നു പുറത്ത് വിട്ടത്.

എസ് ബാന്‍ഡ് സ്‌പെക്ട്രം സ്വകാര്യ കമ്പനിയായ ദേവാസിന് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കരാറിനുപിന്നില്‍ അഴിമതി ഉണ്ടായിരുന്നെന്നായിരുന്നു മാധന്‍ നായര്‍ക്കെതിരെയുള്ള ആരോപണം.

കരാര്‍ വിവാദമായതിനെ തുടര്‍ന്ന് മാധവന്‍ നായര്‍ ഉള്‍പ്പെടെ നാലു പ്രമുഖ ശാസ്ത്രജ്ഞരെ സര്‍ക്കാര്‍ പദവികളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഐ.എസ്.ആര്‍.ഒ മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കര നാരയണ, ആന്‍ട്രിക്‌സ് മുന്‍ എം.ഡി കെ.ആര്‍. ശ്രീധരമൂര്‍ത്തി, സാറ്റലൈറ്റ് സെന്റര്‍ മുന്‍ മേധാവി കെ.എന്‍. ശങ്കര എന്നിവരാണ് നടപടി നേരിട്ട മറ്റു ശാസ്ത്രജ്ഞര്‍.

ഇവര്‍ക്കെതിരായ വിലക്ക് പിന്‍വലിക്കുന്നത് ആലോചനയിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്  വ്യക്തമാക്കിയതിന് പിന്നാലെയാണ് കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്.

Malayalam News

Kerala News In English