രുവശത്ത് നിരാഹാരമെന്ന നൂതനമാര്‍ഗ്ഗം ലോകത്തിന് മുന്നില്‍ കാഴ്ച വെച്ച് അതിലൂടെ കൊളോണിയല്‍ സാമ്രാജ്യത്വശക്തികളുടെ മേധാവിത്വത്തിന് തിരശ്ശീലയിട്ട മഹാത്മാവിന്റെ മാര്‍ഗ്ഗം പിന്‍തുടരുന്ന അണ്ണാഹസാരെ.
മറുവശത്ത് നിരാഹാര സമരം പാര്‍ലിമെന്റിന്റെ അധികാരത്തില്‍ കൈകടത്തലാണെന്ന് ആരോപിച്ച് അദ്ദേഹത്തെ തുറുങ്കിലടക്കാന്‍ പോലും മടികാണിക്കാത്ത അതേ ഗാന്ധിയുടെ രാഷ്ട്രീയ പിന്‍ഗാമികള്‍.

എതാണ് ശരി, ഏതാണ് തെറ്റ്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ 120 കോടിയോളം വരുന്ന ജനങ്ങളുടെ ശ്രദ്ധയും ചര്‍ച്ചയും തല്‍ക്കാലത്തേക്കെങ്കിലും ഇത് മാത്രമാണ്. സമരത്തെ പൊതുജനങ്ങള്‍ എങ്ങിനെ നോക്കിക്കാണുന്നു. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് അന്വേഷിക്കുന്നു…

അക്ഷയ്, പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി
ഹസാരെയുടെ സമരത്തെ പിന്തുണയ്ക്കുന്നു. സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതരെ പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യന്‍ പൗരന്‍മാര്‍ക്കുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്താനുള്ള അവകാശം ഭരണഘടന ഓരോ പൗരനും അനുവദിക്കുന്നുണ്ട്. ആ അവകാശം നിഷേധിക്കാനുള്ള അധികാരം സര്‍ക്കാരിനില്ല.

അഴിമതിക്കെതിരായുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിഷേധമാണ് ഹസാരെയുടെ സമരത്തിലൂടെ പുറത്തേക്കുവന്നത്. അതിനെ അടിച്ചമര്‍ത്തിയ പോലീസ് നടപടി ശരിയായില്ല.

നെഹ്‌ല, വിദ്യാര്‍ത്ഥി

പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അത് അക്രമത്തിലൂടെ ആവരുതെന്ന് മാത്രം. സമാധാനപരമായ പ്രതിഷേധം നടത്തിയ ഹസാരെയ്‌ക്കെതിരെ പോലീസ് സ്വീകരിച്ച നടപടി ലജ്ജാവഹമാണ്. രാജ്യത്ത് നടക്കുന്ന തെറ്റുകള്‍ക്കെതിരെ പ്രതികരിക്കണം.

സ്വാതന്ത്ര്യ സമരകാലത്ത് ഇതേ പോലുള്ള പ്രതിഷേധ രീതിയല്ലേ ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജി സ്വീകരിച്ചത്. ഗാന്ധിജിയുടെ സമരമുറതന്നെയാണ് ഹസാരെയും സ്വീകരിച്ചിട്ടുള്ളത്. ഗാന്ധിജി ചെയ്തതിനെ മഹത്വവത്കരിക്കുന്നുണ്ടെങ്കില്‍ ഹസാരെയെയും അംഗീകരിക്കാന്‍ തയ്യാറാവണം.

വിദ്യാര്‍ത്ഥി

സ്വാതന്ത്ര്യദിനത്തില്‍ ഗാന്ധിജിയുടെ പ്രതിമയ്ക്കു മുന്നില്‍ ഹസാരെയും കൂട്ടരും മുദ്രാവാക്യം വിളിച്ചത് ശരിയായില്ല. അത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ ഹസാരെ ഞാന്‍ എതിര്‍ക്കുന്നു. എന്നാല്‍ അഴിമതിക്കെതിരായുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിന് ഞങ്ങളുടെ ശക്തമായ പിന്തുണയുണ്ട്.

അഴിമതിയും കൈക്കൂലിയും പെരുകുന്ന ഈ സാഹചര്യത്തില്‍ ഹസാരെയെപ്പോലുള്ളവര്‍ രാജ്യത്തുണ്ടാവേണ്ടതാണ്.

സാമി ശ്രീജ ദമ്പതികള്‍

നിതിക്കുവേണ്ടിയാണ് ഹസാരെ സമരം ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ ഗാന്ധിജിയോട് പെരുമാറിയതിനേക്കാള്‍ ക്രൂരമായാണ് സര്‍ക്കാര്‍ ഹസാരെയോട് പെരുമാറിയിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ സമരം ചെയ്യാനുള്ള അധികാരം ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്നു.

എന്നാല്‍ സമരം ചെയ്യുന്നതിനു മുമ്പു തന്നെ പോലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്യുകയാണുണ്ടായത്. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്ര ഹീനമായ ഒരു നടപടിയുണ്ടായത് ന്യായീകരിക്കാനാവില്ല.

മോഹനന്‍, കോഴിക്കോട്

ഹസാരെയെ ഞാന്‍ അനുകൂലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആവശ്യം ന്യായമാണ്. അഴിമതി ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹസാരെ സമരം ചെയ്തത്. എന്നാല്‍ ഹസാരെയെ അറസ്റ്റ് ചെയ്ത സര്‍ക്കാരിന്റെ നടപടിയെ ഒരിക്കലും അനുകൂലിക്കാനാവില്ല. സമരം ചെയ്യാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട്. അതിനെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല.

ഈ പ്രശ്‌നം ഇത്രയും രൂക്ഷമാകാന്‍ കാരണം സര്‍ക്കാരിന്റെ വീഴ്ചയാണ്. സമരത്തിനു മുമ്പുതന്നെ പ്രശ്‌നത്തെ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിക്കുമായിരുന്നു. അത് സര്‍ക്കാര്‍ ചെയ്തില്ല. അദ്ദേഹത്തിന്റെ അറസ്റ്റിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. അതിനെയും കുറ്റം പറയാന്‍ പറ്റില്ല. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെയാണ്.

ഫാസിലും കൂട്ടുകാരും, എന്‍ഐടി വിദ്യാര്‍ത്ഥികള്‍

ഹസാരെയുടെ സമരത്തെ ഒരുതരത്തിലും ന്യായീകരിക്കാനോ അനുകൂലിക്കാനോ സാധ്യമല്ല. അതുമാത്രമല്ല, ഇതിന്റെ പേരില്‍ രണ്ടുദിവസമായി നടക്കുന്ന പ്രക്ഷോഭങ്ങളെയും അനുകൂലിക്കാവുന്നതല്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യം നല്ലതായിരിക്കാം. പക്ഷേ സ്വീകരിച്ച മാര്‍ഗം ശരിയായില്ല. പൊതുജനത്തിന് ഗുണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കാം അദ്ദേഹം സമരം ചെയതത്. എന്നാല്‍ സമരത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഏറ്റവും മോശമായി ബാധിച്ചത് ഈ പൊതുജനത്തെയാണ്.

രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്നത് ഓരോ സാധാരണക്കാരനുമാണ്. ചില സംഘടനകള്‍ പഠിപ്പുമുടക്കു സമരം നടത്തി. ദൂരസ്ഥലങ്ങളില്‍നിന്നു വരുന്ന ഞങ്ങളെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. ബസില്‍ ഫുള്‍ചാര്‍ജ് കൊടുത്ത് കഷ്ടപ്പെട്ട് കോളേജിലെത്തിയപ്പോഴാണ് സമരമാണെന്നറിയുന്നത്. ഞങ്ങളുടെ പൈസയ്ക്കും അധ്വാനത്തിനും ആരു സമാധാനം പറയും? സമരം ചെയ്യുന്ന ഹസാരെയോ അദ്ദേഹത്തിന്റെ അനുകൂലികളോ സമരം അടിച്ചമര്‍ത്തുന്ന സര്‍ക്കാരോ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍പോകുന്നില്ല. പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഇത്തരം സമരങ്ങളെ എന്തടിസ്ഥാനത്തിലാണ് ഞങ്ങള്‍ അനുകൂലിക്കേണ്ടത്?

ടിലീന, നിജിഷ (വിദ്യാര്‍ത്ഥിനികള്‍, കോഴിക്കോട്)

സമരത്തെ അനുകൂലിക്കുന്നു. സര്‍ക്കാര്‍ ഹസാരയെ എതിര്‍ക്കുന്നതിന് കാരണം അഴിമതിയില്‍ അവര്‍ക്കും പങ്കുള്ളത് കൊണ്ടാവും.