മലയാളത്തിന്റെ യുവനായിക അനന്യ വിവാഹിതയാകുന്നു. തൃശൂര്‍ പാറമേക്കാവ്‌സ്വദേശിയും ബിസിനസുകാരനുമായ ആഞ്ജനേയനാണ് വരന്‍ . അനന്യയുടെ പെരുമ്പാവൂരിലുള്ള വീട്ടില്‍ ഫെബ്രുവരി മൂന്നിന് വിവാഹനിശ്ചയം നടക്കും.
” എന്റെ വിവാഹം രക്ഷിതാക്കളുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കുമെന്നത് ഞാന്‍ ആദ്യമേ തീരുമാനിച്ചതാണ്. വിവാഹാലോചനയുമായി ആഞ്ജനേയനും കുടുംബവും എന്റെ രക്ഷിതാക്കളെ സമീപിച്ചപ്പോള്‍ എനിക്ക് പറ്റിയയാള്‍ അദ്ദേഹമാണെന്ന് അവര്‍ക്ക് തോന്നി. ” അനന്യ പറഞ്ഞു.
” വിവാഹശേഷം അഭിനയം തുടരുമോ എന്ന കാര്യം എനിക്കറിയില്ല. അത് തീരുമാനിക്കേണ്ടത് ആഞ്ജനേയനാണ്” അനന്യ വ്യക്തമാക്കി.
നാടോടികള്‍ എന്ന തമിഴ്ചിത്രത്തിലെ നല്ലമ്മ എന്ന കഥാപാത്രമാണ് അനന്യയെ ശ്രദ്ധേയയാക്കിയത്. പിന്നീട് വന്ന മലയാളചിത്രം ശിക്കാറില്‍ മോഹന്‍ലാലിന്റെ മകളായും അനന്യ വേഷമിട്ടു. ശിക്കാറിലെ ക്ലൈമാക്‌സ് രംഗത്തെ അനന്യയുടെ അഭിനയം ഏറെ പ്രശംസ നേടി.
പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് അനന്യ സിനിമാ രംഗത്തെത്തുന്നത്. എന്നാല്‍ അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ഡോക്ടര്‍ ലൗ, ഇത് ഞങ്ങളുടെ കഥ, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലും അനന്യ വേഷമിട്ടു.
ദീലിപ് നായകനായ നാടോടിമന്നന്‍ , വേണുഗോപന്‍ സംവിധാനം ചെയ്യുന്ന റിപ്പോര്‍ട്ടര്‍ , തമിഴിലെയും കന്നഡയിലെയും ഒരോ സിനിമകള്‍ എന്നിവയുടെ ചിത്രീകരണത്തിരക്കിലാണ് അനന്യ. തമിഴില്‍ അടുത്തിടെ റിലീസായ “എങ്കേയും എപ്പോതും” എന്നിവ അനന്യയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു.
