മുംബൈ: ആദ്യം അഭിനയം പിന്നീട് ഫോട്ടോഗ്രാഫി അതും കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തനം. ബോളിവുഡിലെ യുവനായകന്‍ ഇമ്രാന്‍ ഖാന്‍ കൈവെക്കാത്ത മേഖലകള്‍ വിരളമാണ്. മാധ്യമ പ്രവര്‍ത്തനം ഇമ്രാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ചില മാധ്യമ പ്രവര്‍ത്തകര്‍ ഇന്റര്‍വ്യു ചെയ്യുന്ന രീതി ഇമ്രാന് ഇഷ്ടമല്ല.

ഒരു നല്ല അഭിമുഖം ഒരു നല്ല സംഭാഷണത്തിലൂടെ മാത്രമേ ഉണ്ടാകുള്ളൂവെന്നും അത് ഒരു പരീക്ഷ പേപ്പറിലെ ചോദ്യോത്തരം പോലെ ആയിരിക്കരുതെന്നും ഇമ്രാന്‍ പറയുന്നു. ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ പരീക്ഷയ്ക്ക് ഉത്തരം എഴുതുന്ന രീതിയിലാണ് ചോദ്യങ്ങള്‍ ചോദിക്കാറ്.

ഏതാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട നിറം? നിങ്ങള്‍ അവധിക്കാലം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നത് എവിടെയാണ് ? എങ്ങനെയാണ് ഒഴിവു സമയങ്ങള്‍ ചിലവഴിക്കാറ്? ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് പലരും ചോദിക്കാറ്.

എന്നാല്‍ ഇതൊരിക്കലും ഇന്റര്‍വ്യൂ ആകുന്നില്ല. ഇത് വെറും ചോദ്യാവലി മാത്രമേ ആകുന്നുളളു. ഞാന്‍ ഇഷ്ടപ്പെടുന്ന അഭിമുഖങ്ങള്‍ ,അത് പ്രിന്റ് മീഡിയയില്‍ ആയാലും ടിവി ചാനലിലായാലും റേഡിയോയില്‍ ആയാലും അത് ഒരു സംഭാഷണ ശകലമായിരിക്കണം.

ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അതിന്റെ 50 ശതമാനം നിങ്ങളുടെ കയ്യിലും ബാക്കി അമ്പത് ശതമാനം. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന ആളുടെ കയ്യിലുമായിരിക്കണം. എങ്കില്‍ മാത്രമേ അത് ഒരു നല്ല അഭിമുഖമാവുകയുള്ളു.

തനിയ്ക്ക് ആരെയെങ്കിലും ഇന്റര്‍വ്യൂ ചെയ്യാന്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ബോളിവുഡ് ആക്ടര്‍ സല്‍മാന്‍ ഖാനെ ആയിരിക്കും കാരണം അദ്ദേഹം എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന ആളാണെന്നുമാണ് ഇമ്രാന്റെ അഭിപ്രായം.

ഇമ്രാന്റെ ഏക് മേന്‍ ഓര്‍ ഏക് തൂ എന്ന ചിത്രം ഫെബ്രുവരി പത്തിന് തിയ്യറ്ററുകളിലെത്തും. ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്നും ഇമ്രാന്‍ പറഞ്ഞു.

Malayalam News

Kerala News In English