കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് ഒരു സി.പി.ഐ.എം പ്രവര്‍ത്തകനെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊളവല്ലൂര്‍ സ്വദേശി മനോജിനെ ആണ് അന്വേഷണസംഘം കസ്റ്റിഡിയിലെടുത്തത്.

ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.സി.രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരുള്‍പ്പെടെ ഒമ്പതുപേരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ചൊവ്വാഴ്ച അറസ്റ്റിലായ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമടക്കമുള്ള അഞ്ചു പ്രതികളെ മേയ് 30വരെ റിമാന്‍ഡ് ചെയ്തു. സി.പി.എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിഅംഗം ഏറാമല പടയംകണ്ടി രവീന്ദ്രന്‍ (47) ,ചൊക്‌ളി കവിയൂര്‍ റോഡില്‍ മാരാംകുന്നുമ്മല്‍ ലംബു എന്ന പ്രദീപന്‍ (34), കണ്ണൂര്‍ കോടിയേരി പാറാല്‍ ആനന്ദംവീട്ടില്‍ രജിത്ത് (23) വടകര അഴിയൂര്‍ കളവറത്ത് രമ്യത നിവാസില്‍ കുട്ടു എന്ന രമീഷ് (21), അഴിയൂര്‍ കോട്ടമലകുന്ന് കുന്നുമ്മല്‍ ദീപു എന്ന ദിപിന്‍ (26) എന്നിവരെയാണ് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് രാജീവ് ജയരാജ് റിമാന്‍ഡ് ചെയ്തത്.

ഇവരില്‍ പ്രദീപന്‍ ഒഴികെയുള്ള നാലുപേരെയും പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ച് മേയ് 19 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് അവധിയിലായതിനാലാണ് പകരം ചുമതലയുള്ള കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് മുമ്പാകെ പ്രതികളെ ഹാജരാക്കിയത്.