എഡിറ്റര്‍
എഡിറ്റര്‍
എഴുത്തില്‍ ദേശം അടയാളപ്പെടുന്ന വിധം
എഡിറ്റര്‍
Thursday 5th April 2012 1:05pm


Drishtanthangal, Abu Iringattery
ബുക്‌ന്യൂസ് / റഹ്മാന്‍ കിടങ്ങയം

പുസ്തകം: ദൃഷ്ടാന്തങ്ങള്‍
എഴുത്തുകാരന്‍ : അബു ഇരിങ്ങാട്ടിരി
വിഭാഗം: നോവല്‍
പേജ്: 200
വില: 100 രൂപ
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്, കോഴിക്കോട്

അബു ഇരിങ്ങാട്ടിരിയെ ഏറനാടന്‍ മിത്തുകളുടെ കഥാകാരന്‍ എന്നുവിളിക്കാം. നോവലായാലും കഥയായാലും അതിന്റെ രചനാ ശില്പത്തില്‍ കൃത്യമായ ലക്ഷ്യ ബോധത്തോടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന മിത്തുകളുടെയും പുരാവൃത്തങ്ങളുടെയും എരിവും പുളിയും നല്‍കുന്ന വായനാരസം ചില്ലറയല്ലെന്ന് അബുവിന്റെ കൃതികളോരോന്നും സാക്ഷ്യ പ്പെടുത്തിയിട്ടുണ്ട്. ദേശത്തിന്റെ പേരും പെരുമയും പുരാവൃത്തവും രേഖപ്പെടുത്തുന്നതിലൂടെ ഏറനാടിന്റെ ഭൂതകാലചരിത്രം, ഐതിഹ്യങ്ങള്‍, വിശ്വാസങ്ങള്‍, ജനജീവിതം എന്നിവ സന്നിവേശിപ്പിച്ചെടുത്ത് രചന നിര്‍വ്വഹിക്കാനുള്ള ഈ എഴുത്തുകാരന്റെ മിടുക്ക് എത്രത്തോളമെന്ന് ”ദൃഷ്ടാന്തങ്ങള്‍” എന്ന നോവല്‍ വായിക്കുമ്പോള്‍ ബോധ്യമാവും.

ദൃഷ്ടാന്തങ്ങള്‍ എന്ന കൃതി എന്താണെന്ന് പുസ്തകത്തിന്റെ തുടക്കത്തില്‍ എഴുത്തുകാരന്‍ പറയുന്നത് ഇപ്രകാരമാണ്: ‘ഇതൊരു കിസ്സയാകുന്നു. ചേറുമ്പ് കിസ്സ. കിസ്സ എന്നാല്‍ എന്തെന്ന് താങ്കള്‍ക്കെന്തറിയാം? പറയാം, അതൊരു ചിരപുരാതനമായ അറബി വാക്കാകുന്നു. അതിന്റെ അര്‍ഥം കഥ, കെട്ടുകഥ, കേട്ടകഥ, ഇതിഹാസം, പിന്തുടരല്‍, ചരിത്രം എന്നൊക്കെയാകുന്നു. ഈ നൂററാണ്ടിലെഴുതപ്പെടുന്ന ആദ്യത്തെ കിസ്സയാകുന്നു ചേറുമ്പ് കിസ്സ. ലാശക്ക ഫീഹീ.. അതില്‍ യാതോരു സംശയവുമില്ല’.

മുകളില്‍പ്പറഞ്ഞ പ്രസ്താവനകളെ ന്യായീകരിക്കുന്ന രീതിയില്‍ ത്തന്നെയാണ് ഈ നോവല്‍ അവതരിപ്പിക്ക പ്പെട്ടിരിക്കുന്നത്. യാഥാര്‍ഥ്യങ്ങളുടെയും കെട്ടുകഥകളുടെയും ചരിത്രത്തിന്റെയും വാമൊഴി കഥകളുടെയും ഭാവനാക്കഥകളുടെയും സമ്മിശ്രമായ ഇഴുകിച്ചേരലുകളാണ് ഈ നോവല്‍. കഥകളും ഉപകഥകളുമായി വ്യന്യസിക്കപ്പെട്ട ഇതില്‍ കഥയേത്, കെട്ടുകഥയേത് എന്ന് വേര്‍തിരിച്ചെടുക്കാനാവാത്ത വിധം ലയിച്ചുചേര്‍ന്ന ഒരവസ്ഥകാണാം.

നിയതവും ക്രമബന്ധിതവുമായ ഒരു കഥയോ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന ഒരു കഥാപാത്രമോ ഈ നോവലില്ല എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഓരോ അധ്യായത്തിലും കയറിവരുന്ന കഥാപാത്രങ്ങള്‍ ഓരോന്നും അദൃശ്യമായ ഒരു ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട് നായക സ്ഥാനത്തേക്ക് തള്ളിക്കയറി വരുന്നത് കൗതുകപ്പെടുത്തും. എങ്കിലും പള്ളി ദര്‍സില്‍ ഓതിത്താമസിക്കുന്ന സൈതാലി മുസ്‌ലിയാരും അരമുറം മൊല്ലാക്കയുടെ തെറിച്ച മകന്‍ ഉബൈദും തുല്ല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി നോവല്‍ശില്‍പ്പത്തെ നിയന്ത്രിക്കുന്നു. അവര്‍ക്കു പിറകില്‍എണ്ണമററകഥാപാത്രങ്ങള്‍ ഒരുകാര്‍ണിവെല്‍വേദിയിലെന്നപോലെസവിശേഷമായസ്വഭാവതാളങ്ങള്‍ പ്രദര്‍ശിപ്പിച്ച് നോവല്‍ ഭൂമികയിലൂടെ മദിച്ചു പുളച്ചു രസിക്കുന്നത് കാണാം.

Abu Iringatteryകുഞ്ഞാണി മുസ്‌ലിയാരും അരമുറം മൊല്ലാക്കയും മുതവ്വക്കുഞ്ഞാലനും ആലിപ്പുലിയും പായിമ്മറും മുത്തെലിയും കുഞ്ഞുണ്ണീശനും മൂരിച്ചേക്കുവും മുട്ടമാനുവും മങ്കൂസനും പാററക്കോയത്തങ്ങളും പത്തിരി പ്പാത്തുവും ബിയ്യുമ്മയും തിത്തുണ്ണിയും സൗദാമിനി യേടത്തിയും വിമലയും ആയിശയു മൊക്കെ ഒത്തുചേര്‍ന്ന് നിര്‍മ്മിക്കുന്ന  ഗ്രാമ്യ   ജീവിതത്തിന്റെ ലയതാളങ്ങള്‍ നിറഞ്ഞ കഥാപ്രപഞ്ചം നോവല്‍വായനയെ ഏറെ ഹൃദ്യമാക്കുന്നുണ്ട്.

ദൃഷ്ടാന്തങ്ങളിലെ ഏററവും ഹൃദ്യമായ വശം അതിലെ ഏറനാടന്‍ ഭാഷയുടെ തെളിമയും ലാളിത്യവുമാണെന്ന് പറയാതിരിക്കാന്‍ വയ്യ. ഗ്രാമങ്ങള്‍ അതിവേഗം നഗരങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന തിനോടൊപ്പം നമ്മുടെ നാട്ടുഭാഷകളും മധുരവും എരിവും നഷ്ടപ്പെട്ട് നപുംസകത്വം പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന കാലത്ത് പോയ കാലത്തിന്റെ ഓര്‍മ്മച്ചെപ്പുകളില്‍ നിന്ന് ഏറനാടന്‍ നാട്ടുഭാഷയുടെ വെണ്‍മുത്തുകളെ പെറുക്കിയെടുത്ത് കാഴ്ചവെക്കുന്ന ഈ കൃതി ഒരു ചരിത്രരേഖ ആയിമാറുകയാണ്.

‘അഞ്ചുനേരം ന്റുട്ടിക്ക് വേണ്ടിയാ ദൊആ.. അന്നെപ്പോലൊരു കൊത്തിരി ക്കൊള്ളീനെ പടച്ചോം എന്തിനാണാവോ ഇച്ച് തന്നത്’ എന്ന് ഉബൈദിന്റെ ഉമ്മ പറയുമ്പോള്‍ സ്‌നേഹത്തിന്റെ തെളിനീരുറയുന്നത് ബോധ്യമാകും.

പുരോഗതിയും സാക്ഷരതയും തീര്‍ത്ത സാംസ്‌കാരിക മുന്നേററത്തില്‍ അടി പതറിപ്പോയ നാട്ടു ഭാഷയുടെ ചൈതന്യം തിരിച്ചു പിടിക്കലാണ് ഈ നോവലിന്റെ ധര്‍മ്മമെന്ന് തോന്നിപ്പോകുന്നു. കാലം മായ്ച്ചു കളഞ്ഞ പല ഗ്രാമീണ പദങ്ങളും വാമൊഴി വഴക്കങ്ങളും ഈ നോവലില്‍ കണ്ടെടുക്കാനാവും. മഞ്ഞത്തി (സ്ത്രീ), എന്താമാണ്ടൂ (എന്തുവേണം?), ദൊഅര്‍ക്കണം (പ്രാര്‍ഥിക്കണം), കൊലപ്പനോട് (വൃത്തികെട്ടവനോട്), ച്ചുററില്ല (എനിക്കറിയില്ല), ഐരി (അരി), തംസണ്ടോ (സംശയമുണ്ടോ), തെണ്ണിപ്പ് (തോന്നിവാസം), കായി (പണം), തച്ചിരുമ്പ്വ (അലക്കുക), ആച്ചിര്യേം കുത്തല് (ശൃംഗരിക്കല്‍), ചെന്തുക്കുട്യേന്‍, ജാക്ത്ര്താന്‍, മോല്യേരുമാസ്‌ററുമുക്രി തുടങ്ങി രസകരവും താളബോധവുമുള്ള പദങ്ങള്‍ സംഭാഷണങ്ങളില്‍ നിറയെ കടന്നു വരുന്നത് കാണാം.

പരിഹാസ്യമാണ് ദൃഷ്ടാന്തങ്ങള്‍ എന്ന നോവലിന്റെ പ്രകടിത മുദ്ര എന്നു പറയാം. ചരിത്രം പറയുമ്പോഴും ഐതിഹ്യങ്ങളെ കോറിയിടുമ്പോഴും നോവലിസ്‌ററിന്റെ തൂലികത്തുമ്പത്ത് പരിഹാസത്തിന്റെ ഒരു വഴുവഴുപ്പുണ്ട്. പുള്ളിപ്പശുവിന് അതിസാരം വന്നിട്ട് ഒരു നൂലുണ്ടയുമായി ഓടിവരുന്ന അസ്സങ്കുട്ടി എന്ന നിഷ്‌കളങ്കനായ കര്‍ഷകന്, മന്ത്രങ്ങളറിയാത്ത സൈതാലി എന്ന മുസ്‌ലിയാരു പയ്യന്‍ പ്രാര്‍ഥിച്ച് നൂലില്‍ ഊതിക്കൊടുക്കുന്നതും അത് കെട്ടിയ പശുവിന്റെ രോഗംമാറുന്നതു വായിക്കുമ്പോഴും, ഏനു ഹാജിയുടെവീട്ടിലെ സദ്യയ്ക്കു ശേഷം എല്ലാവര്‍ക്കും ഒരു മുറം സ്വര്‍ണ്ണം വിതരണം ചെയ്യുന്നത് കണ്ട് ചെന്ന മെല്ലാക്ക തന്റെ ഊഴമെത്തിയപ്പോള്‍ അത് അരമുറമായി ചുരുങ്ങിയത് കണ്ട് പിണങ്ങി ബഹളമുണ്ടാക്കുന്നതും അന്നേരം പെട്ടെന്നുറക്ക മുണര്‍ന്ന് താന്‍ കണ്ടത് സ്വപ്നമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ മനംനൊന്ത് വിതുമ്പിക്കൊണ്ട് ‘അരമുറേങ്കീ അരം മുറം ഇങ്ങ്ട്ട് കൊണ്ട ബലാലേ’ എന്ന്‌ വിളിച്ചു കൂവിയതും അന്നു മുതല്‍ അദ്ദേഹത്തിന് അരമുറം മൊല്ലാക്ക എന്ന ഇരട്ടപ്പേര്‌വീണ കഥ വായിക്കുമ്പോഴും മേല്‍പ്പറഞ്ഞ ശുദ്ധഹാസ്യം വായനക്കാരനെ രസിപ്പിക്കാതിരിക്കില്ല.

ഗതകാലത്തിന്റെ പ്രതീകങ്ങളായി അവശേഷിക്കുന്ന ഗ്രാമ്യചിത്രങ്ങള്‍ പലതും ഉത്ഖനനം ചെയ്‌തെടുക്കുന്ന ചിത്രകാരന്റെ നിയോഗം ഏറെറടുക്കുന്നുണ്ട് ഈ നോവലില്‍ അബു ഇരിങ്ങാട്ടിരി. അതുകൊണ്ടു തന്നെ, ചേറുമ്പിന്റെ ചരിത്രവും പുരാവൃത്തവും കഥാപാത്രങ്ങളുടെ നാള്‍വഴികളില്‍ കൂടി വായനക്കാരനിലെത്തിക്കുന്ന രചനാതന്ത്രം ഭംഗിയായി വിജയിക്കുന്നുമുണ്ട്. ചേറില്‍പ്പോലും ധാരാളം ഇരുമ്പയിര് കണ്ടതു കൊണ്ടാണെത്രെ ”ചേറുമ്പ്” എന്ന പേര് ദേശത്തിന് ചാര്‍ത്തിക്കിട്ടിയത്. അക്കാലങ്ങളില്‍  യൂറോപ്പിലേക്കും അറേബ്യയിലേക്കും കയററി അയച്ച ഇരുമ്പ് ചേറുമ്പില്‍നിന്ന് ഖനനം ചെയ്‌തെടുത്തതായിരുന്നു പോലും. അന്ന് ഇരുമ്പായിരുന്നെങ്കില്‍ ഇന്ന് ഇരുമ്പിനേക്കാള്‍ കരുത്തുള്ള യുവത്വങ്ങളെയാണ് അറേബ്യയിലേക്കും മററും കയററി അയക്കപ്പെടുന്നത് എന്നും നോവല്‍ പരിഹസിക്കുന്നു.

ഖുര്‍ ആനിന്‍േറയും ഇസ്‌ലാം മതദര്‍ശനങ്ങളുടെയും തണലില്‍ ജീവിച്ചു പോകുന്ന ചേറുമ്പ് ഗ്രാമത്തിലെ പച്ചമനുഷ്യരുടെ ജീവിതത്തില്‍ സംഭവിച്ചു പോകുന്ന തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങളുടെയും ജീവിത ദുരന്തങ്ങളുടെയും കഥയാണ് അബു ഈ നോവലില്‍ പറഞ്ഞുവെക്കുന്നത്. ചേറുമ്പ് എന്നത് ഒരു സാങ്കല്‍പ്പിക ദേശമൊന്നുമല്ല. നോവലില്‍ തന്റെ ആത്മാംശം കലര്‍ന്നിട്ടുണ്ടെന്ന് ആമുഖത്തില്‍ എഴുത്തുകാരന്‍ സാക്ഷ്യപ്പെടുത്തുന്ന സ്വന്തം ദേശചരിത്രം കൂടിയാണത്.

എഴുത്തിന്റെ പൂര്‍ണ്ണതക്കായി ഒരു പക്ഷെ, എല്ലാ സര്‍ഗധനരായ എഴുത്തുകാരെയും പോലെ ചില അതിശയോക്തികളെയും അതിയുക്തികളെയും കൂട്ടുപിടിച്ചിരിക്കണം. എങ്കിലും നോവല്‍  വായിച്ചു തീരുമ്പോള്‍ വായനക്കാരന്, ഏററവും ചുരുങ്ങിയത് ഏറനാട്ടുകാരനായ ഒരു വായനക്കാരന് എല്ലാകഥാപാത്രങ്ങളും തനിക്കുചുററും കാണുന്നവര്‍ തന്നെയെന്നു തോന്നിപ്പോയാല്‍ അത്ഭുതപ്പെടാനില്ല.

‘പൂര്‍വ്വികരായ എഴുത്തുകാര്‍ മുസ്‌ലിം സമുദായ ജീവിതത്തില്‍ നിന്നും ഇസ്‌ലാമിക മിത്തുകളില്‍ നിന്നും കാണാതെ പോയതെന്ത് എന്ന അന്വേഷണവും മലയാളത്തില്‍ ഇതുവരെ ആരും അവതരിപ്പിക്കാത്ത പള്ളി ദര്‍സുകളിലെ പാവം മുസ്‌ലിയാരു കുട്ടികളുടെ ജീവിതവും ഏറനാടന്‍ ഭാഷാ സൗകുമാര്യവുമാണ് എന്നെ ഇങ്ങനെയൊരു നോവല്‍ എഴുതാന്‍ പ്രേരിപ്പിച്ചത്’- എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ നോവലിസ്‌ററ് പറയുന്നുണ്ട്. ചരിത്രത്തേയും ഐതിഹ്യങ്ങളേയും വളച്ചൊടിക്കുകയല്ല, അവയെ ഏറ്റവും ഹൃദ്യമായ വിധം വളക്കൂറുള്ള മനസ്സുകളിലേക്ക് പറിച്ചുനടുകയാണ് തന്റെ ദൗത്യമെന്ന് തിരിച്ചറിവുള്ള ഒരുഎഴുത്തുകാരനു മാത്രമേ ‘ദൃഷ്ടാന്തങ്ങള്‍’ പോലുള്ള മഹത്തായ ഒരു നോവല്‍ സാധ്യമാവൂ.

rahmankidangayam@gmail.com

Advertisement