എഡിറ്റര്‍
എഡിറ്റര്‍
ആറന്മുള വിമാനത്താവള ഭൂമി ഇടപാടില്‍ വന്‍ വെട്ടിപ്പ്; കെ.ജി.എസിനെതിരെ മുന്‍ ചെയര്‍മാന്റെ കുമ്പസാരം
എഡിറ്റര്‍
Wednesday 16th May 2012 11:26am

ഹരീഷ് വാസുദേവന്‍

ആറന്മുള വിമാനത്താവളത്തിന് വേണ്ടി ഭൂമി വാങ്ങിയതില്‍ കോടിക്കണക്കിനു രൂപയുടെ നികുതി വെട്ടിപ്പുണ്ടെന്നു വിമാനത്താവള പദ്ധതിയുടെ പ്രായോജകരായ കെ.ജി.എസ് കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ എബ്രഹാം കലമണ്ണില്‍ സമ്മതിച്ചു. പത്തനംതിട്ട സബ് കോടതിയില്‍ കെ.ജി.എസ് കമ്പനിക്കെതിരെ മുന്‍ ചെയര്‍മാനായ എബ്രഹാം നല്‍കിയ പരാതിയിലാണ് കെ.ജി.എസ് നടത്തിയ കോടിക്കണക്കിനു രൂപയുടെ നികുതി വെട്ടിപ്പ് സംബന്ധിച്ചുള്ള തെളിവുകള്‍ ഉള്ളത്.  വിമാനത്താവള കമ്പനിക്കു 232 ഏക്കര്‍ സ്ഥലം വിറ്റത് എബ്രഹാം കലമണ്ണിലാണ്. ഭൂമിക്ക് ആകെ 52 കോടി രൂപ നല്കാമെന്നുള്ള ഉടമ്പടി ഒപ്പിട്ട ശേഷമാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. ഇതില്‍ 7 കോടിരൂപ രജിസ്‌ട്രേഷന് മുന്‍പും 15 കോടി രജിസ്‌ട്രേഷന്‍ ദിവസവും കൈപ്പറ്റിയതായി എബ്രഹാം പരാതിയില്‍പ്പറയുന്നു. എന്നാല്‍ 6,35,71000 രൂപ മാത്രമാണ് ആധാരത്തില്‍ കാണിച്ചിരുന്നത്. ഫലത്തില്‍ 45 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് വിമാനത്താവള ഭൂമി രജിസ്‌ട്രേഷനില്‍ നടന്നിരിക്കുന്നത്. കരാര്‍ പ്രകാരം തനിക്കു ബാക്കി ലഭിക്കാനുള്ള 30 കോടി രൂപ ലഭിക്കുന്നതിനാണ് കെ.ജി.എസ്സുമായി ഉണ്ടാക്കുയ കരാറും രജിസ്‌ട്രേഷന്‍ നടത്തിയ രേഖകളും സഹിതം എബ്രഹാം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നികുതിയിനത്തില്‍ കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പാണ് കെ.ജി.എസ് കമ്പനി നടത്തിയിരിക്കുന്നത് എന്ന് ഇതോടെ വ്യക്തമാവുന്നു.

വിമാനത്താവളവുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയുടെ നികുതിവര്‍ദ്ധന സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകുമെന്ന അവകാശ വാദമാണ് പദ്ധതിക്കായി ഇടതുസര്‍ക്കാറിന്റെ കാലത്ത് വ്യവസായ വകുപ്പ് നടത്തിയിരുന്നത്. എന്നാല്‍ ആദ്യ പത്തു വര്‍ഷത്തേക്ക് വിമാനത്താവളങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കുമെന്ന് കമ്പനി നല്‍കിയ അപേക്ഷയില്‍ത്തന്നെ വ്യക്തമാണ്. ആകെ ലഭിക്കാവുന്ന രജിസ്‌ട്രേഷന്‍ നികുതിയിനത്തില്‍ ആണ്  വന്‍ വെട്ടിപ്പ് നടന്ന കാര്യം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് രജിസ്‌ട്രേഷന്‍ വകുപ്പ് ഇപ്പോഴും മൌനം പാലിക്കുകയാണ്.

കെ.ജി.എസ് കമ്പനിയുടെ മുന്‍ ചെയര്‍മാനായ എബ്രഹാം കമ്പനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ആണ് ഉന്നയിക്കുന്നത്. രണ്ടായിരം കോടി രൂപയുടെ പദ്ധതി കൊണ്ടുവരാന്‍ പോകുന്നവര്‍ ആദ്യം തനിക്കു തരാനുള്ള 30 കോടി നല്‍കാത്തത് എന്താണെന്ന് എബ്രഹാം ചോദിക്കുന്നു. ‘ഈ കമ്പനി വലിയൊരു തട്ടിപ്പാണ്. നൂറു കോടിയുടെ മൂലധനം ഉണ്ടെന്നു പറഞ്ഞാണ് സര്‍ക്കാരിനെ വഞ്ചിച്ചത്. ആകെ ഇവര്‍ക്ക് 5 ലക്ഷം രൂപയുടെ മൂലധനമാണ് ഉള്ളതെന്നാണ് അന്വേഷണത്തില്‍ മനസിലാവുന്നത്. ഇപ്പോഴിത് ഇത് പറയാന്‍ ലജ്ജയുണ്ട്.’ എബ്രഹാം പറയുന്നു.

22 കോടി രൂപ ഇതിനകം കൈപ്പറ്റിയ എബ്രഹാം കലമണ്ണില്‍ ഫലത്തില്‍ തന്റെ കയ്യിലെ 6.35 കോടി രൂപ മാത്രമാണ് വെള്ളപ്പണം എന്നും ബാക്കി 15.65 കോടി രൂപ കള്ളപ്പണം ആണെന്നും തുറന്നു സമ്മതിക്കുകയാണ്. ഇത് സംബന്ധിച്ച നടപടികളും എബ്രഹാം ഭാവിയില്‍ നേരിടേണ്ടിവരും. കേരളാ കോണ്ഗ്രസ് മാണി വിഭാഗത്തിന്റെ വിശ്വസ്തനാണ് എബ്രഹാം കലമണ്ണില്‍. നിലം നികത്തുകയും പൊതുഭൂമി കയ്യേറുകയും ചെയ്ത കേസില്‍ പ്രതിയാണ് എബ്രഹാം. ഇതിനു മുന്‍പും സര്‍ക്കാരിനെ വ്യാജരേഖകള്‍ നല്‍കി വഞ്ചിച്ചു എന്ന ആരോപണം കെ.ജി.എസ്സിനെതിരെ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആറന്മുള എം.എല്‍.എ ശിവദാസന്‍ നായര്‍ അടക്കമുള്ളവരുടെ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ഇവര്‍ക്കെതിരെ നടപടി ഉണ്ടാവുന്നില്ല.

എബ്രഹാം കലമണ്ണില്‍ നല്‍കിയ പരാതിയുടെ പൂര്‍ണരൂപം

 

 

Advertisement