ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയുമായി  ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജനതാപാര്‍ട്ടി പ്രസിഡണ്ടും മുന്‍ നിയമമന്ത്രിയുമായിരുന്ന സുബ്രഹ്മണ്യസ്വാമി നല്‍കിയ കത്ത് നിയമമന്ത്രാലയത്തിന് കൈമാറിയിരുന്നു. നിയമമന്ത്രാലയത്തിന്റെ മറുപടി ലഭിച്ചത് 2010 ഫെബ്രുവരിയില്‍ മാത്രമായിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അറ്റോര്‍ണി ജനറല്‍ ജി.ഇ വഹാന്‍വതിയാണ് പത്തുപേജുള്ള സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. സുബ്രഹ്മണ്യസ്വാമി പരാതിയില്‍ പറഞ്ഞതുപോലുള്ള അനാസ്ഥ ഗവണ്‍മെന്റി്‌ന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചു.

2ജി സ്‌പെക്ട്രം സംബന്ധിച്ച് സുബ്രഹ്മണ്യസ്വാമി നല്‍കിയ കത്തുകള്‍ക്ക് യഥാസമയം മറുപടി നല്‍കാത്തതിന് പ്രധാനമന്ത്രിയുടെ ഓഫീസിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്.

അതേസമയം സ്‌പെക്ട്രം അഴിമതി സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുള്ളതായി വ്യക്തമായാല്‍ നടപടിയെടുക്കും. ഇതിന്റെ പേരില്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തരുത്. പല പ്രധാന തീരുമാനങ്ങളും പാര്‍ലമെന്റിന് തീരുമാനിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

2ജി സ്‌പെക്ട്രം സംബന്ധിച്ച് വിശദീകരണം നല്‍കുകയായിരുന്നു പ്രധാനമന്ത്രി. ഇക്കാര്യത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.