എഡിറ്റര്‍
എഡിറ്റര്‍
എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു;93.64% റെക്കോര്‍ഡ് വിജയം
എഡിറ്റര്‍
Thursday 26th April 2012 12:00pm

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64% റെക്കോര്‍ഡ് വിജയമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്.

6995 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു. മോഡറേഷനില്ലാതെയാണ് ഇത്തവണ മൂല്യനിര്‍ണയം നടത്തിയതെന്ന് മന്ത്രി അറിയിച്ചു.
2758 കേന്ദ്രങ്ങളിലായി 4,69,919 പേരാണ് പരീക്ഷയെഴുതിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവും ഇക്കുറി റെക്കോഡിലെത്തി. 81.16 ആണ് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വിജയശതമാനം. മുന്‍വര്‍ഷം ഇത് 43.36 ശതമാനം മാത്രമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99 ശതമാനവും ലക്ഷദ്വീപില്‍ 69 ശതമാനവും കുട്ടികള്‍ വിജയിച്ചു. 2008 ല്‍ രേഖപ്പെടുത്തിയ 92.09 ശതമാനമായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിജയശതമാനം.

711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. കണ്ണൂര്‍ ജില്ല ഏറ്റവും ഉയര്‍ന്ന വിജയശതമാനം (96.93) നേടിയപ്പോള്‍ ഏറ്റവും കുറവ് വിജയശതമാനം പാലക്കാട് ജില്ലയ്ക്കാണ് (86.91). മാര്‍ച്ച് 26 നാണ് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചിരുന്നത്. കൂടുതല്‍ എ പ്ലസ് കോഴിക്കോട് ജില്ലയിലാമ്.

ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും തിരികെ കൊണ്ടുവന്നതിലൂടെ പഠനരംഗത്തെ മികവ് മെച്ചപ്പെട്ടതായി മന്ത്രി പറഞ്ഞു.പരീക്ഷാഫലത്തിലും ഇത് ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരീക്ഷാഫലം 28 നു പ്രഖ്യാപിക്കാനാണു നേരത്തേ തീരുമാനിച്ചിരുന്നത്. ടാബുലേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രതീക്ഷിച്ചതിലും മുമ്പു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്രയും നേരത്തേ ഫലം പ്രഖ്യാപിക്കുന്നത് എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായാണ്.

മെയ് 14 മുതല്‍ 18 വരെ സേ പരീക്ഷ നടക്കുമെന്നും മെയ് 15 ന് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

 

Advertisement